മലയാള സിനിമാ രംഗത്തെ പ്രശസ്തയ്ക്കെതിരെ പരാതിയുമായി നാദാപുരം സ്വദേശി യുവാവ്
സിനിമാ രംഗത്തെ സ്ത്രീകള്‍ പുരുഷന്മാര്ക്കെതിരെ പരാതി നല്‍കുന്നതാണ് ഈയിടെയായി കണ്ടുവരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം നാദാപുരം സ്വദേശിയായ ഒരു യുവാവ് മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്കെതിരെ പരാതിയുമായെത്തി. സിനിമയില്‍ പ്രശസ്തയായ യുവതി തന്റെ വിവാഹം മുടക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാദാപുരം സ്വദേശിയായ 28കാരന് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ ബിസിനസ് പങ്കാളിയായിരുന്ന യുവതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് നാദാപുരം സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. മലയാള സിനിമാ രംഗത്ത് പ്രശസ്തയായ യുവതി, അടുത്തിടെ പുറത്തിറങ്ങിയ ഒരു ഹിറ്റ് ഗാനം ഉള്‍പ്പെട്ട സിനിമയിലെ കൊറിയോഗ്രാഫര്‍ കൂടിയാണ്.
സിനിമയില്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പാണ് യുവതിയും നാദാപുരം സ്വദേശിയായ യുവാവും തമ്മില്‍ ബിസിനസ് സംരഭം ആരംഭിക്കുന്നത്. ഈ ബിസിനസിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരാതിയുണ്ടെങ്കില്‍ പോലീസിനെ സമീപിക്കാമെന്നും വ്യക്തമാക്കി. മംഗളം ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാദാപുരം സ്വദേശിയായ യുവാവിന്റെ വിവാഹം വടകരയിലും, വിവാഹ സല്‍ക്കാരും കോഴിക്കോടും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സംരക്ഷണം തേടി പോലീസിനെ സമീപിക്കാമെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നത്. 2015ലാണ് യുവാവും ആലുവ സ്വദേശിയായ യുവതിയും തമ്മില്‍ ബിസിനസ് സ്ഥാപനം ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായിരുന്നു ഇരുവരും ചേര്‍ന്ന് ആരംഭിച്ചത്.
ദുബായ് ഫാഷന്‍ ഫെസ്റ്റിവലില്‍ വച്ചായിരുന്നു സ്ഥാപനത്തിന്റെ ലോഞ്ചിങ്. രണ്ടുപേരും തുല്യമായി പണം മുടക്കാമെന്ന വ്യവസ്ഥയിലാണ് സ്ഥാപനം ആരംഭിച്ചത്. എന്നാല്‍ താന്‍ പത്ത് ലക്ഷം രൂപ ബിസിനസിനായി മുടക്കിയെങ്കിലും യുവതി ഒന്നും മുടക്കിയില്ലെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. അതിനിടെ, ഫാഷന്‍ ഡിസൈനറായ യുവതി ബിസിനസില്‍ സജീവമായി ഇടപെട്ടിരുന്നു.
ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിലൂടെ കിട്ടിയ പണം മുഴുവനും യുവതി തന്നെ കൈക്കലാക്കിയെന്നും, ലാഭത്തിന്റെ പകുതി പോലും തനിക്ക് ലഭിച്ചില്ലെന്നും ഇയാളുടെ പരാതിയില്‍ ആരോപിക്കുന്നു. ഇതിനുപിന്നാലെ ക്രമേണ വസ്ത്ര വ്യാപാര സ്ഥാപനവും യുവതി സ്വന്തം പേരിലാക്കിയെന്നും ആരോപണമുണ്ട്. വസ്ത്ര വ്യാപാര സ്ഥാപനം സ്വന്തം പേരിലാക്കിയ യുവതി ഇപ്പോള്‍ മറ്റൊരു പേരിലാണ് സ്ഥാപനം നടത്തുന്നത്. ഇതിനിടെ താനും യുവതിയുമായുള്ള ബിസിനസ് ബന്ധവും തകര്‍ന്നു. ഇതിനുശേഷമാണ് ആലുവ സ്വദേശിയായ യുവതി സിനിമാ രംഗത്ത് പ്രശസ്തതയായത്.
അതിനിടെ, തനിക്കെതിരെ ആലുവ പോലീസിലും യുവതി പരാതി നല്കി. ബിസിനസ് പങ്കാളിയായിരുന്ന താന്‍ പണം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഡിവൈഎസ്പി തങ്ങളെ വിളിപ്പിക്കുകയും താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് യുവതിയുടെ ഭീഷണി ആരംഭിച്ചതെന്നാണ് യുവാവിന്റെ ആരോപണം. സിനിമയില്‍ പ്രശസ്തി നേടിയ യുവതി അതിനുശേഷവും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവാവിന്റെ ആരോപണം.