ഭാര്യയേയും ഇനി ആധാറുമായി ബന്ധിപ്പിക്കണം

വിവാഹ രജിസ്‌ട്രേഷന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ദേശീയ നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചു. ജനന മരണ രജിസ്‌ട്രേഷനൊപ്പം വിവാഹ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനുളള നിയമഭേദഗതിക്ക് പച്ചക്കൊടി കാണിച്ചുകൊണ്ടാണ് നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്.

മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് 270മത് നിയമഭേഗഗതി നിര്‍ദേശ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ 2006ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2015ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമ ഭേദഗതി നിയമം മൂലം ഇത് പര്യാപ്തമോണോ എന്നറിയാന്‍ നിയമ വകുപ്പ കമ്മീഷനോട് അഭിപ്രായം ചോദിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അശ്വനികുമാര്‍ കേസിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുമ്പോള്‍ ഇപ്പോഴത്തെ നിയമം പര്യപ്തമല്ലെന്നും വിവിധ മതവിഭാഗങ്ങളെ അത് ഉള്‍കൊള്ളുന്നില്ലെന്നും നിരീക്ഷിച്ച സമിതി പ്രത്യേക നിയമം വിവാഹ റജിസ്‌ട്രേഷനുകളില്‍ വേണം എന്നാണ് സുപ്രധാന നിര്‍ദേശമായി മുന്നോട്ട് വയ്ക്കുന്നത്. വിവാഹ തട്ടിപ്പുകള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേഗഗതി വേണ്ടത് എന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനുവദിച്ച സമയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് വൈകുന്ന ഓരോ ദിവസത്തിനും അഞ്ച് രൂപ വീതമാണ് പിഴയിനത്തില്‍ ഈടാക്കുക. ഇതിന് പുറമേ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കും പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കാന്‍ വിസമ്മതിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ലോ കമ്മീഷന്‍ ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY