നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസ്; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുവ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ പൊലീസിനു നേരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം എന്ന് തീരുമെന്നും കോടതി ചോദിച്ചു.

സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്തകള്‍ സൃഷ്ടിക്കാനാണോ സംശയം പ്രകടിപ്പിച്ചു. അങ്ങനെയെങ്കില്‍ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും കോടതി അറിയിച്ചു.

മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും ഇന്ന് പറഞ്ഞിട്ടുണ്ട്. കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിജിപി അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോടതിയില്‍ വ്യക്തമാക്കി. അതേസമയം, കേസില്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി 15ന് ഹാജരാവാനും ഹൈക്കോടതി നാദിര്‍ഷയോട് നിര്‍ദ്ദേശിച്ചു.

നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അന്ന് പരിഗണിക്കാനായി മാറ്റി. അതേസമയം ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കുന്നില്ല. നടന്റെ അഭിഭാഷകരാണ് ഈ വിവരം അറിയിച്ചത്. ദിലീപ് ജുഡീഷല്‍ കസ്റ്റഡിയില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇന്ന് നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപ് ജാമ്യ ഹര്‍ജി സമര്‍പിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് വിവരം.

നാദിര്‍ഷയ്ക്ക് ജാമ്യം നല്‍കുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്കൂടി പഠിച്ച ശേഷമാകും ദിലീപ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയെന്നാണ് സൂചന. ദിലീപുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളുടെ മറുവശം കോടതി മുന്‍പാകെ അവതരിപ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഇന്ന് ജാമ്യാപേക്ഷ സമര്‍പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ അഭിഭാഷകരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാണ് ദിലീപ് നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്.

ഹൈക്കോടതിയിലെ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാണ് പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരുന്നത്. ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സര്‍പ്പിക്കുന്നതിനാല്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here