സൗദിയില്‍ തൊഴില്‍ വഞ്ചനയ്ക്ക് ഇരയായ ദുരിതത്തിലായ മലയാളി വനിതയ്ക്ക് തുണയായി നവയുഗം

ആയുർവേദചികിത്സകയായി ജോലിയ്ക്കു കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാ ക്കിതിനാൽ ദുരിതത്തിലായ മലയാളി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

അൽ ഹസ്സ: ആയുർവേദ ചികിത്സകയായി ജോലി വാഗ്ദാനം ചെയ്ത് നാട്ടിൽ നിന്നും കൊണ്ടുവന്ന്, വീട്ടുജോലിക്കാരിയാക്കിയത് മൂലം ഏറെ ദുരിതങ്ങൾ സഹിയ്ക്കേണ്ടി വന്ന മലയാളി വനിത, നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മൂവാറ്റുപുഴ വാളകം സ്വദേശിനിയായ ഹീര ജോസിനാണ്, ഏജന്റിന്റെ ചതി മൂലം പ്രവാസലോകത്ത് ദുരിതങ്ങൾ അനുഭവിയ്ക്കേണ്ടി വന്നത്. പത്തു മാസങ്ങൾക്കു മുൻപാണ് ഹീര സൗദി അറേബ്യയിൽ ജോലിയ്ക്കായി എത്തിയത്. ദമ്മാമിലെ താമസക്കാരനായ ഒരു ഏജന്റിന്റെ ചതിയാണ് എല്ലാത്തിനും തുടക്കമായത്.

കേരളത്തിൽ എത്തിയ ഏജന്റ് ഒരു വലിയ ധനിക കുടുംബത്തിൽ രോഗികളായ വൃദ്ധരെ ചികിത്സിയ്ക്കാൻ ആയുർവേദചികിത്സകയെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇവരെ സമീപിച്ചത്. പാരമ്പര്യേതര ആയുർവേദ ചികിത്സകയായ ഹീര, ഏജന്റിന്റെ മധുരമനോജ്ഞ വാഗ്ദാനങ്ങളിൽ വിശ്വസിച്ച്, ഒരു ലക്ഷത്തിലധികം രൂപ സർവീസ് ചാർജ്ജ് ആയി നൽകിയാണ് ജോലിവാഗ്ദാനം സ്വീകരിച്ചത്. തുടർന്ന് സൗദിയിൽ ദമ്മാം എയർപോർട്ടിൽ എത്തിയ ഹീരയെ സ്പോൺസർ വന്ന് അൽഹസ്സയിലെ സൽമാനിയ എന്ന സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.ഒരു വലിയ വീട്ടിൽ വീട്ടുജോലിക്കാരിയായിയാണ് തന്നെ കൊണ്ടുവന്നിരിയ്ക്കുന്നത് എന്ന് അവിടെ എത്തിയപ്പോഴാണ് ഹീരയ്ക്ക് മനസ്സിലായത്. വീട്ടുജോലി ചെയ്യാൻ തയ്യാറില്ല എന്ന നിലപാട് അവർ എടുത്തപ്പോൾ, ആ വീട്ടുകാർ വഴക്കും, ശകാരവും, ശാരീരിക മർദ്ദനങ്ങളും തുടങ്ങി. ഗത്യന്തരമില്ലാതെ അവിടെ അവർ വീട്ടുജോലി ചെയ്യാൻ തുടങ്ങി.


വീട്ടുജോലിയിൽ പരിചയമില്ലാത്ത ഹീരയ്ക്ക് അവിടത്തെ ജീവിതം അസഹനീയമായി മാറി. ഏറെ നാളുകൾക്ക് ശേഷമാണ് വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. വിവരം അറിഞ്ഞ വീട്ടുകാർ ഇന്ത്യൻ എംബസ്സിയ്ക്കും വിവിധഅധികൃതർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ നാട്ടിലുള്ള ഒരു ബന്ധു നവയുഗം കേന്ദ്രജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഹീര ഉള്ള സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ച ഷാജി മതിലകം,ഈ കേസ് നവയുഗം അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗത്തെ ഏൽപ്പിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഹുസ്സൈൻ കുന്നിക്കോട്, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി എന്നിവർ ഹീരയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല.
ഹീര ജോസിന് നവയുഗം അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി യാത്രാരേഖകൾ കൈമാറുന്നു. മണി മാർത്താണ്ഡവും, ഹുസ്സൈൻ കുന്നിക്കോടും സമീപം

തുടർന്ന് അവർ സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡത്തോടൊപ്പം സ്‌പോൺസറുടെ വീട്ടിൽപോയിക്കണ്ട് സംസാരിച്ചു. സ്പോൺസർ വഴങ്ങാതായപ്പോൾ, മണി മാർത്താണ്ഡം സൗദി തൊഴിൽവിഭാഗത്തിലെ ഉന്നതഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അറിയിച്ചിട്ട്, അദ്ദേഹത്തെക്കൊണ്ട് സ്പോൺസറോട് സംസാരിച്ചു. ഗദ്ദാമ വിസയിലല്ലാതെ കൊണ്ടുവന്ന ഒരു വനിതയെ ജോലിയ്ക്കു നിർത്തിയാൽ ഉണ്ടാകുന്ന നിയമനടപടികളെക്കുറിച്ചു ആ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് കൊടുത്തപ്പോൾ ഭയന്ന് പോയ സ്പോൺസർ, അപ്പോൾ തന്നെ ഹീരയുടെ ഇക്കാമയും, പാസ്‌പോർട്ടും മണി മാർത്താണ്ഡത്തെ ഏൽപ്പിച്ചു.തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ ഹീരയുടെ ഫൈനൽ എക്സിറ്റിനുള്ള നടപടികൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കി. മണി മാർത്താണ്ഡം തന്നെ ഹീരയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. പത്തുമാസത്തെ ദുരിതങ്ങളോട് വിട പറഞ്ഞ്, സഹായിച്ചവരോട് നന്ദി പറഞ്ഞു ഹീര നാട്ടിലേയ്ക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here