കുഞ്ഞ് വളരുന്നത് ഇനി കണ്ടോണ്ടിരിക്കാം.. പ്ലാസ്റ്റിക് ഗര്‍ഭപാത്രം റെഡി

പത്തുമാസം ചുമന്ന് പ്രസവിച്ച കഥയൊക്കെ ഇനി പഴങ്കഥയായേക്കും. ക്ലിയര്‍ പ്ലാസ്റ്റിക് ബാഗ് കൊണ്ട് ഉണ്ടാക്കിയ ഗര്‍ഭപാത്രത്തില്‍ മനുഷ്യ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ ഇടം നല്‍കുമെന്ന് ശാസ്ത്ര ലോകം. ഗര്‍ഭപാത്രത്തിലെ സ്വാഭാവികത നിലനിര്‍ത്തികൊണ്ടാണ് കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന്റെ ആദ്യ പരീക്ഷണം ആട്ടിന്‍ കുട്ടിയില്‍ വന്‍വിജയമായി. ഫിലാഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ചിലെ മെഡിക്കല്‍ സംഘമാണ് പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കുന്നത്. മനുഷ്യനോട് സമാനമായ ഗര്‍ഭകാലം ഉള്ള ജീവിയാണ് ചെമ്മരിയാട്.

മനുഷ്യനും പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഗവേഷകസംഘം പറയുന്നത്. കൃത്രിമ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുട്ടിയെ വലയം ചെയ്തുകൊണ്ട് ഒരു ദ്രാവകം ഉണ്ടായിരിക്കും. ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക് ഫ്‌ളൂയിഡിന് സമാനമായ ധര്‍മമാണിത് നിര്‍വഹിക്കുന്നത്. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാല്‍ മറിച്ച് ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളില്‍ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നത് പ്രധാന നേട്ടമാണ്. കൃത്രിമഗര്‍ഭപാത്രത്തിലെ അന്തരീക്ഷം, കുഞ്ഞിനെ ഇന്‍ക്യുബേറ്ററിനെ അപേക്ഷിച്ച് അണുബാധയില്‍ നിന്നും പ്രതിരോധിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് പുറമെ ഇവരെ കൂടുതല്‍ ആരോഗ്യവാന്മാരാക്കി മാറ്റാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു. ഇത്തരം കുട്ടികളെ പലവിധ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ സിസ്റ്റത്തിലൂടെ സാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഫെറ്റല്‍ റിസര്‍ച്ച് ഡയറക്ടറായ ഡോ. അലന്‍ ഫ്‌ലേക്ക് അവകാശപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here