“വേണം ന്ന് വിചാരിച്ചാൽ എന്താ നടക്കാത്തെ ടീച്ചർ ? അശ്വനി ടീച്ചറുടെ പോസ്റ്റ്‌ വൈറല്‍ ആകുന്നു…

ടീച്ചർ എന്നിങ്ങനെയൊക്കെ വിളിക്കാനറിയാമല്ലേ … “ആ വിളിച്ചു. എന്താ വിളിക്കാൻ പാടില്ലേ ? “

Aswani Sajeesh

“ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക് കൈയ്യിലില്ലാത്തവർ ഒന്ന് എഴുന്നേറ്റേ .. ” കുറച്ച് പേരുണ്ട് . കൂട്ടത്തിൽ, പതിവ് പോലെത്തന്നെ അവനും. അവനെണീറ്റതും ഞാൻ പറഞ്ഞു : “അയ്യോ നീ എണീക്കണ്ടാ.. ഇരുന്നോ. നീ എന്ത് ചെയ്താലും ഇല്ലേലും എനിക്ക് ഒരു ചുക്കുമില്ല . വി. വി .ഐ. പി അല്ലെ.. ഇരുന്നാട്ടെ . ” അവൻ അതുകേട്ട് വലിയ ഭാവഭേദമൊന്നുമില്ലാതെ ഇരുന്നു. നല്ല അന്തസ്സായി കാലിന്മേൽ കാല് കയറ്റിവച്ചിട്ടുണ്ട്. ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടൻസ് തുറന്നാണ് കിടക്കുന്നത്. ഞാൻ ഒന്നും നോക്കാൻ പോയില്ല. ഈയിടെയായി ഇതാണ് രീതി. അവനെ അങ്ങ് ഒഴിവാക്കി വിട്ടിരിക്കാണ് . അത്രയ്ക്ക് മടുത്തു പോയിരുന്നു. ഒരക്ഷരം പഠിക്കില്ല.. ബാക്കി എല്ലാ കള്ളത്തരങ്ങളും ഉണ്ട് താനും. പുസ്തകങ്ങളൊന്നും കൊണ്ടു വരില്ല . യൂണിഫോം ആണേൽ വല്ലപ്പോഴും . ക്ലാസിൽ പറയുന്നത് ശ്രദ്ധിക്കുന്നത് തന്നെ നാണക്കേടാണെന്ന ഭാവം . എല്ലാം കൊണ്ടും എല്ലാ ടീച്ചേഴ്സിനും കണ്ടുകൂടാത്ത ഒരുത്തൻ. പലരും അവനെ പുറത്ത് നിർത്തുന്നതും ഒരു പീരിയഡ് എഴുന്നേൽപ്പിച്ച് നിർത്തുന്നതും ഒക്കെ കാണാം . ഞാനിപ്പോ എന്റേതായ ഒരു രീതി അവലംബിച്ചിരിക്കുകയാണ്.

അങ്ങിനൊരാൾ ആ ക്ലാസ്സിലേ ഇല്ലാത്ത ഭാവം കാട്ടുക. പണ്ട് ഞാൻ എന്തേലും സംശയം ചോദിക്കുന്നത് ഏതേലും ടീച്ചേഴ്സ് മൈൻഡ് ചെയ്യാതിരുന്നാൽ എനിക്കത് വല്ലാത്ത വിഷമം ആയിരുന്നു . ഇവനെ ഒന്ന് വിഷമിപ്പിച്ചു നന്നാക്കാമെന്ന എന്റെ അതിമോഹം ; ഓരോ തവണ അവഗണിക്കുമ്പോഴും അവന്റെ നല്ല വോൾട്ടേജ് ഉള്ള ആ ഒരൊറ്റ ചിരിയിൽ.. പിന്നെ കൂൾ ആയുള്ള ആ ഇരുത്തത്തിൽ.. ഒക്കെ ഇല്ലാതാകുമായിരുന്നെങ്കിലും ഞാൻ പിന്നെയും അങ്ങിനെ തന്നെ തുടർന്നു.

ഇടയ്ക്ക് തോന്നും ഇവൻ ഒരിക്കലും നന്നാവില്ലെന്ന് … ഇടയ്ക്ക് ചില പ്രതീക്ഷകൾ നാമ്പിടും..ചിലപ്പോൾ നന്നായാലോ എന്ന് . ക്ലാസിൽ ഒരുപാട് നല്ല കുട്ടികൾ ഉണ്ട് . നന്നായി പഠിക്കുന്നവർ … അതിലുമുപരി നന്നായി പെരുമാറാനറിയുന്നവർ. എന്നിട്ടും ഓരോ ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴും അവന്റെ മുഖം മാത്രം എന്റെ മനസ്സിൽ ബാക്കിയായി. പലപ്പോഴും അവനൊരു കരടായി എന്റെ കണ്ണിൽ തറച്ചു നിന്നു. ആ കരടിന്റെ മറകൊണ്ട് ഞാൻ പലതും കണ്ടില്ല. പലതും അറിഞ്ഞില്ല. വല്ലാതെ ദേഷ്യം വരുമ്പോൾ ഞാൻ അവനെ കാണാതിരിക്കാൻ ശ്രദ്ധിച്ചു . അവന്റെ കോപ്രായങ്ങൾ കണ്ടാൽ അറിയാതെയെങ്കിലും പ്രതികരിച്ച് പോവുമെന്ന് എനിക്ക് തന്നെ തോന്നാനും തുടങ്ങിയിരുന്നു . ഇങ്ങനെ മനപ്പൂർവ്വം അവനെ കാണാതിരുന്നതുകൊണ്ട് എനിക്ക് ക്ലാസിൽ അവനെക്കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതായി . സ്വസ്ഥമായും സുഖമായും ഞാനുമെന്റെ ക്ലാസും മുന്നോട്ട് പോയി.

ഞാനൊരു തുടക്കക്കാരിയായിരുന്നു . കുട്ടികളുടെ സൈക്കോളജിയെക്കുറിച്ചും അവരോട് പെരുമാറേണ്ടുന്ന രീതികളെക്കുറിച്ചും ബി.എഡിന് വിശദമായി പഠിച്ചിരുന്നിട്ടും ചിലപ്പോഴൊക്കെ എന്റേത് മാത്രമായ രീതികളിലേക്ക് ഞാൻ വഴുതിപ്പോയിരുന്ന കാലഘട്ടമായിരുന്നീ തുടക്കക്കാലം . അതുകൊണ്ട് തന്നെ ഒരു കുട്ടിയെ പാടെ അവഗണിച്ചാൽ വിഷമവും കുറ്റബോധവും തോന്നി അവൻ നല്ല കുഞ്ഞാടായി തിരിച്ചു വരുമെന്ന് എന്റെ ഇളം അധ്യാപക മനസ്സ് ശക്തമായി വിശ്വസിച്ചു .ഇങ്ങനെ പരീക്ഷിച്ച് വിജയിച്ച ഒന്നു രണ്ട് അവസരങ്ങൾ ഉണ്ടായിരുന്നു താനും . പക്ഷെ അവിടെയൊക്കെ ആ കുട്ടികൾക്ക് എന്നോടുണ്ടായിരുന്ന സ്നേഹമാണ് എന്റെ അവഗണന സഹിക്കവയ്യാതെ കൂട്ടത്തിലേക്ക് തിരികെ വരാൻ പ്രചോദനമായത് . എന്നാലിവിടെയാകട്ടെ ഇവനത് തൊട്ട് തീണ്ടിയിട്ടുകൂടിയില്ല . അതുകൊണ്ടാണല്ലോ ഞാൻ എത്രയൊക്കെ അവഗണിച്ചിട്ടും അവന്‌ കൂസലില്ലാത്തത് … ടൗണിൽ നടുറോഡിൽ വെച്ച് എന്തോ ഇരട്ടപ്പേര് വിളിച്ച് ഓടിക്കളഞ്ഞത് !
ഈ സത്യങ്ങളൊന്നും ഞാനെടുത്ത തീരുമാനത്തെ മാറ്റിമറിക്കാൻ പോന്നവയായിരുന്നില്ല . അതിലുപരി എനിക്ക് അവനോടുള്ള ദേഷ്യമായിരുന്നോ ഈ അവഗണനയ്ക്ക് ഒരു കാരണമായത് എന്നും സംശയമുണ്ട് . ഒരധ്യാപിക എന്ന നിലയിൽ ഞാൻ എന്നിൽ നിന്നു പോലും മറക്കാനാഗ്രഹിക്കുന്ന ഒരു വല്ലാത്ത ദേഷ്യം എന്റെ ഉപബോധ മനസ്സിൽ അന്നുണ്ടായിരുന്നോ? അതാണോ പിന്നീട് എന്നെ അത്ര കഠിന ഹൃദയയാക്കിയത് …?

യാതൊരു വിധത്തിലും അവന് കണ്ണും ചെവിയും കൊടുക്കാതെ മുന്നോട്ട് പോയിരുന്ന സമയത്താണ് സ്പോർട്സ് ഡേ വരുന്നത് . എൽ പി സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ ഓടുന്നതും ചാടുന്നതും ഒന്നാമതെത്തി സമ്മാനം വാങ്ങുന്നതുമൊക്കെ സ്വപ്നം കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും പങ്കെടുക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല . ബി എഡ് ന് ചേർന്നപ്പോൾ പിന്നെ ഓരോ ഹൗസിലും ആളുകൾ കുറവായിരുന്നതുകൊണ്ടും എന്തെങ്കിലുമൊന്നിന് പങ്കെടുക്കണമെന്നതുകൊണ്ടും 1500 മീറ്റർ നടത്തിനും 300 മീറ്റർ ഓട്ടത്തിനും പിന്നെ ലോംങ്ങ് ജംപിനും ഞാൻ പങ്കെടുത്തിരുന്നു. ലോംങ്ങ് ജംപ് ഒരു teagedy ആയിരുന്നെങ്കിലും നടത്തത്തിൽ ഫസ്റ്റും 300 മീറ്റർ ഓട്ടത്തിൽ സെക്കന്റും കിട്ടിയപ്പോഴാണ് സ്പോർട്സ് മീറ്റിൽ പങ്കെടുത്ത് സമ്മാനം നേടുന്നതിന്റെ സുഖമറിയുന്നത് . സ്പോർട്‌സ്മാൻ സ്പിരിറ്റ് പോലെ സ്പോർട്സ് വുമൻ സ്പിരിറ്റ് എന്നൊന്നുണ്ടെന്ന് ആദ്യമായും അവസാനമായും തിരിച്ചറിയുന്നതും ട്രെയ്‌നിങ്ങ് സമയത്താണ്. അതുകൊണ്ട് കൂടിയാണല്ലോ അതിനെ ട്രെയ്‌നിങ്ങ് എന്ന്‌ പറയുന്നത് . ഭാവിയിൽ യഥാർത്ഥ അധ്യാപികയാവാൻവേണ്ടിയുള്ള ട്രെയിനിങ്ങ് . കുട്ടികളുടെ എല്ലാ കഴിവുകളും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുള്ള മുന്നൊരുക്കം . അങ്ങിനെയുള്ള ആ അനുഭവങ്ങളെ ഓർത്ത് ചേർത്ത് പിടിച്ചുകൊണ്ടാണ് സ്കൂളിൽ വന്ന സ്പോർട്സ് ഡേ ഞാനും വരവേൽക്കുന്നത് . മീറ്റിങ്ങ് കൂടി ഹൗസ് ചാർജ്ജും കൂടെ കിട്ടിയപ്പോൾ അതിലും സന്തോഷം .

ഞാനും എന്റെ കൂടെ അതേ ഹൗസിന്റെ ചർജ്ജുള്ള മാഷും ചേർന്ന് ഞങ്ങളുടെ ഹൗസിലെ കുട്ടികളുടെ മീറ്റിങ്ങ് വിളിച്ചു . ക്ലാസ് റൂമിൽ ചെന്നതും ഞങ്ങൾ രണ്ടും ഞെട്ടിപ്പോയി . ആകെക്കൂടി പത്തോ പന്ത്രണ്ടോ പേരുണ്ട് അങ്ങിങ്ങായി ഇരിക്കുന്നു . കൂടുതലും പെൺകുട്ടികൾ . ബാക്കിയുള്ളവരൊക്കെ എവിടെ ? ആകാംക്ഷാ മുഖവുമായി ആരാഞ്ഞു .

“അവരൊക്കെ വേറെ ഗ്രൂപ്പിന്റെ കൂടെ പോയി മാഷേ … ഈ ഹൗസിൽ അവരില്ലാ ന്ന് ”

അതെന്താ ഈ ഹൗസിനിത്ര കുഴപ്പം ?എനിക്ക് വല്ലാതെ ദേഷ്യം വന്നു .

“ഇത് യെല്ലോ അല്ലെ ? ഇവിടെ ഉള്ളോരൊക്കെ മഞ്ഞയാന്നും പറഞ്ഞാ അവൻമാരൊക്കെ പോയേ . ”

അങ്ങിനേം ഉണ്ടോ..? ഞാനും മാഷും മുഖത്തോട് മുഖം നോക്കി . അവസാനം കൈയ്യിലുള്ള ലിസ്റ്റ് നോക്കി ഓരോന്നിനേം മറ്റുള്ള ഗ്രൂപ്പുകളിൽ നിന്ന് പിടിച്ച് കൊണ്ടുവന്ന് കൂട്ടത്തിലിരുത്തി . കുറെ ഉപദേശിച്ചു.. മോട്ടിവേഷൻ ക്ലാസിനെ വെല്ലുന്ന ചില പൊടിക്കൈകളും പ്രയോഗിച്ചു . ഒക്കെ കഴിഞ്ഞ് സ്പോർട്സ് മത്സരങ്ങൾ തുടങ്ങുന്ന ദിവസം തന്നെ യെല്ലോ ഹൗസ് കുത്തനെ താഴേക്ക് . എത്രയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടും ഉന്തിത്തള്ളിവിട്ടിട്ടും പോയിന്റ്സ് അപ്പോഴും നാലാം സ്ഥാനത്ത് . കുട്ടികളെക്കാൾ സ്പിരിറ്റ് എനിക്കുണ്ടോ ന്ന് തോന്നിപ്പോയി . അത്രയ്ക്ക് പ്രാന്ത് പിടിച്ചൊരു നടപ്പായിരുന്നു ഗ്രൗണ്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും . അതിനിടയ്ക്കെപ്പോഴോ ആണ് ആ ശൂ ശൂ വിളി ..

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മറ്റവനാണ് ..അഹങ്കാരി. അവനെന്തിനാണിപ്പോ എന്നെ വിളിക്കുന്നത് ? കളിയാക്കാനാവും ഹൗസ് തോറ്റ് നിൽക്കല്ലേ .. കൂതറ ചെക്കൻ. ഞാൻ തിരിഞ്ഞ് നോക്കാതെ നടന്നു . അടുത്ത ഹൺഡ്രഡ് മീറ്റർ റേസിന് ആരൊക്കെയാണെന്ന് ഹൗസ്‌ ക്യാപറ്റനോട് ചോദിക്കാനുള്ള പോക്കാ. അതിനുമുമ്പ് സ്റ്റാഫ് റൂമിൽ മറന്നുവെച്ച പാർട്ടിസിപ്പൻസ് ലിസ്റ്റ് എടുക്കണം . അടുത്ത ഇവന്റിന് ആരൊക്കെയാണെന്നറിഞ്ഞിട്ട് അവരെ ശരിക്കും ഒന്ന് മോട്ടിവേറ്റ് ചെയ്യണം. ഒരു തേഡോ സെക്കന്റോ എങ്കിലും ഒപ്പിക്കണ്ടേ.. നിർത്താതെ ഓടുകയാണ്. അവൻ പിറകേയും .

” ശ്ശ്…എങ്ങോട്ടാ ? ”

എന്നിട്ട് കൈകൊണ്ടൊരു മാടി വിളിയും.

ഒന്ന് പോടാ. എന്റെ പട്ടി നിൽക്കും. നിന്നെയൊക്കെ ഞാൻ എന്നേ എഴുതിതള്ളിയതാടാ.. നീയല്ലേ എന്നെയന്ന് ബസ്റ്റാന്റിൽ വച്ച് ” ദാടാ മ്മടെ സ്‌പീച്ച്‌ ” ന്നും പറഞ്ഞ് കളിയാക്കിയത് . നിനക്ക് ഞാൻ സ്പീച്ചിന് നല്ലോണം സി.ഇ മാർക്ക് തരണ്ട് ട്ടാ. ഇങ്ങനൊക്കെ പറയാനാ തോന്നിയത്..പിന്നെ ഒരു വിധം കണ്ട്രോൾ ചെയ്ത് ചോദിച്ചു .

” എന്താണാവോ വി വി ഐ പി ക്ക് വേണ്ടത് ? സ്പോർട്സ് അവിടെ ഗ്രൗണ്ടിലല്ലേ താനെങ്ങോട്ടാ എന്റെ പിറകെ ഓടി ജയിക്കുന്നത് ? ”

“അല്ല ങ്ങളെന്താ അങ്ങോട്ട് പോണേ ? സ്പോർട്സ് ഇവിടല്ലേ . ”

“ഞാൻ വേറെ ആവശ്യത്തിന് പോണതാ. ഇയാളെ ബോധിപ്പിക്കാൻ താൽപര്യമില്ല .”

“അല്ല എന്റെ ഓട്ടം ഉണ്ട് . അത് കണ്ടിട്ട് പോയാൽ മതി ന്ന് പറയാനാ.”

“ഓഹ് ..നീ ഓടുകയൊക്കെ ചെയ്യുവോ … കൊള്ളാലോ. ഞാൻ അറിഞ്ഞില്ല .” ( അവൻ നല്ല സ്പോർട്സ് താരം ആണെന്നും പങ്കെടുത്ത എല്ലാത്തിനും ഫസ്റ്റ് കിട്ടാറുണ്ടെന്നും അവിടെല്ലാവർ ക്കുമറിയാം. എന്നോടും എന്റെ ഹൗസിലെ കുട്ടികൾ അത് പറഞ്ഞിട്ടുള്ളതാണ്. അവനുണ്ടായിരുന്നെങ്കിൽ നമ്മടെ ഹൗസ് ജയിക്കുമെന്ന്. അപ്പോൾ തത്കാലം ഹൗസിലുള്ളവരെ വെച്ച് ജയിക്കാൻ നോക്ക് എന്ന് പറഞ്ഞതും ഇപ്പൊ ഒന്നുമറിയാത്തതു പോലെ അഭിനയിച്ചതും മനഃപൂർവമാണ്. അവനെ അവോയ്ഡ് ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി പത്രം .

“അപ്പൊ ഒരു മത്സരവും കണ്ടില്ലേ.. ? ഹൈ ജംപിൽ എനിക്കാണ് ഫസ്റ്റ് . ”

“ആണോ ? ഞാൻ ശ്രദ്ധിച്ചില്ല. കൺഗ്രാറ്റ്സ്.”

ഒരൊഴുക്കൻ മട്ടിൽ ഞാനത് പറഞ്ഞ് മുന്നോട്ട് നടന്നു . അവന്റെ മുഖത്തുണ്ടായിരുന്ന ചമ്മൽ ശരിക്ക് അസ്വദിച്ചുകൊണ്ടുതന്നെ . സത്യത്തിൽ ഹൈജംപ് എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ഒരു കുട്ടി തല കറങ്ങി വീണ് അതിന്റെ പുറകെ ആയിരുന്നു . എന്നാലും റിസൽട്ട് ഞാനറിഞ്ഞിരുന്നു . എല്ലാവരും അറിഞ്ഞിരിക്കുമെന്ന അവന്റെ അഹങ്കാരത്തിന്റെ മുനയൊടി ക്കാമെന്ന് കരുതി മിണ്ടാതിരുന്നതാണ് . ഒന്ന് തിരിഞ്ഞു നോക്കി യപ്പോൾ അവൻ ഗ്രൗണ്ടിലേക്ക് തന്നെ തിരിച്ച് നടക്കുന്നത് കണ്ടു . ഞാൻ വേഗം സ്റ്റാഫ് റൂമിൽ ചെന്ന് അവിടെ മറന്നു വെച്ചിരുന്ന ലിസ്റ്റ് എടുത്ത് തിരിച്ച് നടന്നു . 100 മീറ്റർ ഓട്ടത്തിനും മൂന്ന് പേരുണ്ട്. ബോയ്സിന്റേതാണ് . എന്തെങ്കിലും കിട്ടിയാൽ മതിയാ യിരുന്നു . യെല്ലോ ഹൗസ് നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്കെങ്കിലും ഒന്ന് ചാടിക്കിട്ടണേ എന്ന്‌ നെഞ്ചിൽ കൈ വെച്ച് ഉരുകിക്കൊണ്ട് സ്റ്റാർട്ടിംങ് പോയിന്റിലേക്ക് തന്നെ ഉറ്റുനോക്കി ഞാൻ നിന്നു . യെല്ലോ റിബ്ബൺ കെട്ടിയ രണ്ടു പേരുടെ കാലുകളിലേക്ക് മാത്രമായിരുന്നു എന്റെ നോട്ടം. ഫസ്റ്റ് റൗണ്ടിനുള്ള വിസിലടിച്ചു എല്ലാവരും ഓടി തുടങ്ങുന്നേയുള്ളൂ .

ഷൂം.. എന്നൊരു കാറ്റ് പോലെ ഒരുത്തനതാ ഫിനിഷിംങ് പോയിന്റിൽ . അതവനായിരുന്നു . എന്റെ കണ്ണുകളിൽ ഒരു നിഴൽ പോലെ ആ രൂപം മിന്നിമറഞ്ഞു . കാതുകളിൽ ഒരു സീൽക്കാരം … അവൻ ! പിന്നീടങ്ങോട്ട് മറ്റൊന്നും ഞാൻ കണ്ടില്ല . മറ്റാരെയും ഞാൻ കേട്ടില്ല . അവൻ മാത്രമായിരുന്നു ഗ്രൗണ്ടിൽ… ട്രാക്കിൽ … പിറ്റിൽ … 100 മീറ്റർ ഫൈനലിൽ വീണ്ടും അവനൊരു കാറ്റുപോലെ… ബെസ്റ്റ് സ്പ്രിന്റർ ! അതവനായിരുന്നു . പിന്നീട് ഒന്നു രണ്ട് ഇവന്റ്സിലും ഇത് തന്നെ … അവൻ തന്നെ ഒന്നാമൻ. റിലേയിലെ അവന്റെ പെർഫോമൻസ് കണ്ട്‌ ഞാനാകെ തരിച്ചുപോയി . എനിക്കേറ്റവും ഇഷ്ടമുള്ള ഇവന്റ് ആണത് . അവന്റെ കൈയ്യിൽ ഇരുന്ന് വിറയ്ക്കുന്ന ബാറ്റൺ പോലെ ആയിരുന്നു അപ്പോൾ എന്റെ മനസും . ആരെയെങ്കിലും പിന്നിലാക്കാൻ വേണ്ടി കുതിക്കുമ്പോഴുണ്ടാകുന്ന വല്ലാത്തൊരു വിങ്ങൽ … ആധി… ആവേശം… ആ കുതിപ്പ് എന്റെ ഉള്ളിലേക്ക് പടർന്ന് കിതച്ചു..കിതച്ച് വിയർപ്പുകണങ്ങളായവ കാൽപ്പാദം നനയിച്ചു . ഞാനെന്റെ കാലടികളെ നോക്കി വെറുതെ നിശ്വസിച്ചു .ഒരു 300 മീറ്ററും മറ്റൊരു 1500 മീറ്ററും കാലിനടിയിലൂടെ തെന്നി നീങ്ങിപ്പോയി . വല്ലാത്തൊരൂർജജം ഉള്ളിൽ നിന്നെവിടെനിന്നോ വന്ന്‌ പെട്ടെന്ന് കെട്ടടങ്ങി .

ട്രാക്കിലും ജംപിംങ്, ത്രോയിംങ് പിറ്റുകളിലും അവൻ നിറ സാന്നിധ്യമായിരുന്നു . അവന്റെ ഹൗസിലെ കുട്ടികളെ പങ്കെടുപ്പിക്കാനും പ്രോത്സാഹിപ്പിക്കുവാനും അവനായിരുന്നു മുന്നിൽ. എന്തൊരുത്സാഹം.. ! മികച്ച സംഘാടനം . ഞാനാ കുട്ടിയെ ആദ്യമായ് കാണുന്ന പോലെ നോക്കിക്കണ്ടു. മറ്റെന്തിനേക്കാൾ മുകളിൽ അവൻ മാത്രം മനസിൽ നിറഞ്ഞു നിന്നു . യെല്ലോയും … റെഡും… ഗ്രീനും ..ബ്ലൂവും റിബ്ബണുകൾ പലതും ട്രാക്കിലൂടോടി … പല ജയ് വിളികൾ ഗ്രൗണ്ടിൽ മുഴങ്ങി . യെല്ലോ ഹൗസ് അപ്പോഴും നാലാം സ്ഥാനം നിലനിർത്തി …. ഞാൻ ഒന്നും കാണാത്ത.. കേൾക്കാത്ത.. ഒരാളെപ്പോലെ തല താഴ്‌ത്തിയങ്ങനെ നിന്നു .

ചുറ്റും നിന്ന് ടീച്ചേഴ്സ് എന്തൊക്കെയോ പറയുന്നു .

” എന്താ അവന്റെ ഓട്ടമല്ലേ ? ”

“അപ്പൊ ചാടിയത് കണ്ടില്ലേ ..? ”

“പഠിക്കാൻ മടിയനാണെന്നേ ഉള്ളൂ . ഇതിനൊക്കെ ഉഷാറാ .”

പിന്നെയും എന്തൊക്കെയോ … ഞാൻ കേൾക്കാത്ത പോലെ നിൽക്കുന്നത് കണ്ട്

“തോറ്റ ഹൗസിലെ കുട്ട്യോളവിടെ ചാടിക്കളിക്കണ്ട് . പിന്നെയാ ടീച്ചർ..” എന്നാരോ പറഞ്ഞപ്പോൾ ഞാൻ തല പൊക്കി എല്ലാവരേം നോക്കി ചിരിച്ചു .

“ഏയ് ഇത് അതൊണ്ടല്ലാട്ടാ .. നല്ല സുഖമില്ല . അതാ ” എന്നൊരു വെറും വാചകത്തിനൊപ്പം തടിതപ്പി .

എനിക്കപ്പോൾ തന്നെ അവനെ കാണാൻ തോന്നി. ആ കൈ പിടിച്ച് ക്ഷമിക്ക് നിന്നെ തിരിച്ചറിയാൻ വൈകി എന്ന് പറയണമെന്ന് തോന്നി . ചേർത്ത് പിടിച്ചൊരു കൺഗ്രാറ്റ്‌സ് പറയാൻ തോന്നി . പക്ഷെ അവനെ കണ്ടില്ല . ചാമ്പ്യനായെന്നും പറഞ്ഞ് എല്ലാവരും ചേർന്ന് അവനെ എടുത്തുയർത്തിയത് കണ്ടതാണ് . എന്നിട്ടിപ്പൊ എവിടെപ്പോയി ! കുറെ നോക്കി ; പക്ഷേ കണ്ടില്ല . ബസിന്റെ സമയമായപ്പോൾ പോരേണ്ടി വന്നു .

പിറ്റേന്ന് രാവിലെ സ്റ്റാഫ് റൂമിൽ ബാഗ് വച്ച് പുറത്തേക്കോടി . അവന്റെ ക്ലാസിൽ പോയി നോക്കി … ആളെത്തിയിട്ടില്ല എന്ന് തോന്നുന്നു.

” എന്താ ടീച്ചറെ .. ബെല്ലടിക്കാതെ ഈ വഴിക്ക് ? ”

മറ്റൊരു വില്ലനാണ് …

“ഒന്നുമില്ലെടാ .. നിന്നെ ഒന്ന് കാണാൻ തോന്നിയപ്പോൾ വന്നതാണ് .. നിനക്ക് സുഖമല്ലേ ? നമ്മടെ ചാമ്പ്യൻ ഇന്ന് വന്നിട്ടില്ലേ ? ”

” ആര് ? ടീച്ചറുടെ വി.വി ഐ പി യോ ? ”

” ആ . അവനെവിടെ ?

” അവനെ ഇന്ന് കണ്ടിട്ടില്ല . എന്താ ടീച്ചറെ അവൻ എന്തേലും പ്രശ്നമുണ്ടാക്കിയോ ?”

“ആ ഒരു ചെറിയ പ്രശ്നം . നീ അവൻ വന്നാൽ എന്നെ ഒന്ന് കാണാൻ പറയണം . അത്യാവശ്യമാണെന്നും പറയണം . ”

” ഉം ”

അവനെന്തോ സംശയിച്ച് എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .

ഞാൻ സ്റ്റാഫ്‌ റൂമിൽ എന്റെ മുക്കിലെ സീറ്റിൽ വന്നിരുന്ന് പരുങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്ക് ജനലിലൂടെ പുറത്തേക്കും പിന്നെ വാതിൽക്കലേക്കും നോക്കി . ഈ ചെക്കനിതെവിടെ പോയി.. !

ഇന്റർവെല്ലിനാണ് അവൻ വന്നത് .

ടീച്ചർ .. എന്നൊരു വിളി പ്രതീക്ഷിച്ചിരുന്നില്ല … എനിക്ക് അറിയാവുന്നതല്ലേ സ്വഭാവം ! കൈ കൊണ്ട് കയറട്ടെ എന്ന്‌ ആംഗ്യം കാണിച്ചു. കയറിപ്പോരാൻ ഞാനും .

” എന്നോട് വരാൻ പറഞ്ഞോ ? ”

ഞാൻ കേൾക്കാത്ത ഭാവത്തിൽ കയ്യിലിരുന്ന പുസ്തസ്കത്തിലേക്ക് നോക്കി .
അപ്പൊ വീണ്ടും

” ടീച്ചർ… എന്നെ വിളിച്ചോ ? ”

( ആഹാ നല്ല ശബ്ദമാണല്ലോ… ടീച്ചർ എന്നിങ്ങനെയൊക്കെ വിളിക്കാനറിയാമല്ലേ … )

“ആ വിളിച്ചു . എന്താ വിളിക്കാൻ പാടില്ലേ ? ”

“അതല്ലാ..ടീച്ചർ എന്നോട് മിണ്ടാറില്ലല്ലോ.. ”

” നീ എന്നോട് മിണ്ടാറുണ്ടോ ? ”

അവൻ ചിരിച്ചു . നല്ല ചിരി . ഇത്ര നാളും അപരിചിതമായിരുന്നു ഈ മുഖവും ഇത്ര നല്ല ചിരിയും പിന്നെ ഈ മധുര ശബ്ദവും . എന്തൊക്കെയോ പറയണമെന്ന് മനസ്സിൽ കണക്ക് കൂട്ടി വെച്ചിരുന്നു . ഒന്നും പുറത്ത് വരുന്നില്ല . വല്ലാത്തൊരു ശൂന്യത .

നീ … നീ ഇംഗ്ലീഷ് സി ഇ ബുക്ക് വെച്ചോ ?
അവൻ വീണ്ടും ചിരിച്ചു .

“വെച്ചിട്ടുണ്ടാവില്ല അല്ലേ.. ? ”

” ഇല്ല . ”

“എന്താ വെക്കാത്തെ ? ”

” ഞാൻ വെക്കും . ”

എന്നാൽ പൊയ്ക്കോ.
അവൻ പോയിക്കഴിഞ്ഞപ്പോൾ തോന്നി ഒന്നും പറയാതിരുന്നത് ശരിയായില്ല എന്ന്‌ . ഒന്ന് വിഷ് എങ്കിലും ചെയ്യാമായിരുന്നു . ചാമ്പ്യനായതിൽ ! ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ അവൻ പോയി .. ആ തിരിച്ചറിവിൽ വീണ്ടും മൗനിയായി .

ലാസ്റ്റ് പീരിയഡ് അവന്റെ ക്ലാസിലായിരുന്നു .

” ഇന്നും പുസ്തകം കൊണ്ടു വരാത്ത മഹാൻമാരും മഹതികളും ഉണ്ടോ ? ”

ഒരഞ്ചാറ് പേർ എഴുന്നേറ്റു . അതാരൊക്കെയാണെന്ന് നോക്കാതെ തന്നെ ഞാനവരോട് ഇരിക്കാൻ പറഞ്ഞു ; കൈകൊണ്ട് .. കാരണം എന്റെ കണ്ണുകൾ പുറകിലെ ബെഞ്ചിൽ മൂന്നാമതിരിക്കുന്ന അവനിലായിരുന്നു ; അവന്റെ മുന്നിലെ പുസ്തകത്തിലായിരുന്നു . അവനെന്നെ നോക്കി ഒരു നിറഞ്ഞ ചിരി . ഞാനും . ഇതുവരെ തടഞ്ഞുവെച്ച എല്ലാ ചിരിയും പുറത്ത് ചാടിയതായിരുന്നത് .

അന്ന് സ്റ്റാഫ് റൂമിൽ നിന്നിറങ്ങാൻ നേരം അവൻ വീണ്ടും വന്നു .

” എന്റെ സി ഇ നോട്ട് . ”

“അപ്പൊ ഇത് കംപ്ലീറ്റ് ആയിട്ടും നീ വെക്കാതിരുന്നതാണല്ലേ…?”

“അല്ല. ഞാനിന്ന് കംപ്ലീറ്റാക്കിയതാണ് . ”

” അപ്പൊ വേണം ന്ന് വിചാരിച്ചാൽ നടക്കുമല്ലേ … ”

“വേണം ന്ന് വിചാരിച്ചാൽ എന്താ നടക്കാത്തെ ടീച്ചർ ? ” .

*************************************
ചില കരടുകൾ നമ്മെ വീണ്ടും വീണ്ടും ശുദ്ധീകരിക്കുമെന്ന് എന്നെ പഠിപ്പിച്ചത് അവനായിരുന്നു .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here