കേരളം പനിച്ചു വിറയ്ക്കുന്നു ….

തിരുവനന്തപുരം  പനിയുടെ പിടിയില്‍ , പ്രഥമിക ചികിത്സാ സൗകര്യങ്ങളില്ല…ആശുപത്രികള്‍ എല്ലാം രോഗികള്‍ കൊണ്ട് നിറഞ്ഞു…

 

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍  1000  പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലാണ്. പനിബാധിച്ച്ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയ്ക്കായി എത്തുന്നവരില്‍ 70 ശതമാനം പേരിലും ഡെങ്കി അണുബാധയുണ്ടെന്നാണ്
വിവരം.പനികൂടിയതോടെ അധികമെത്തുന്ന രോഗികൾ ശരാശരി അഞ്ഞൂറിനും എണ്ണൂറിനും ഇടക്ക് .പകര്‍ച്ച പനി പടര്‍ന്നു പിടിക്കുമ്പോൾ മതിയായ ചികിത്സാ സൗകര്യങ്ങളിലാത്തതാണ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.പനി ബാധിതരുടെ എണ്ണം നാൾക്കുനാൾ കൂടുന്തോറും  ആളുകൾ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ  പോലും ഇല്ലാത്ത അവസ്ഥയാണ്. ഒ.പി കൗണ്ടറിൽ തുടങ്ങി ഡോക്ടറെ കാണാനും ലാബിന് മുന്നിലും മരുന്നുവാങ്ങാനും വലിയ ക്യൂ കാണപ്പെടുന്നു. തിരുവനന്തപുരത്ത് ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ ഏരിയകളില്‍ നിന്നാണ് കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതും സാധാരണയായി കണ്ടുവരുന്നുണ്ട്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ , കഠിനമായ വയറുവേദന, നിറുത്താതെയുള്ള ഛർദി, മൂക്ക്, മോണ എന്നിവിടങ്ങളിൽ രക്തസ്രാവം, കറുത്ത മലം, ത്വക്കിനടിയിൽ കരിനീല നിറത്തിലുള്ള തടിപ്പുകൾ എന്നിവയാണ്‌ സങ്കീർണമായ ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. കൂടാതെ, ഡെങ്കി ഷോക്ക് സിൻഡ്രോമിന്‌ തണുത്തു വിളറിയ തൊലി, അസ്വസ്ഥത, അമിതദാഹം, രക്തസമ്മർദം ക്രമാതീതമായി കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഒപ്പം രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് എണ്ണം കുറയുകയും ചെയ്യുന്നു..നാലുതരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

സംസ്ഥാനത്ത് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്നം ഗുരുതരമാകുന്നു. ഇപ്പോള്‍ കണ്ടുവരുന്ന ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്.ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് 8 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു. കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. കാരണം, പനി കുറഞ്ഞ് സുഖം പ്രാപിച്ചതായി തോന്നുമ്പോഴായിരിക്കും ഗുരുതരമായ ഈ അവസ്ഥയിൽ എത്തിച്ചേരുന്നത്‌.രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക് കടിക്കുന്നതില്‍ നിന്ന് രക്ഷനല്‍കും. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

പരിസരം വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും മറക്കരുത്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്നുവയ്ക്കരുത്. ഡെങ്കി പിടിപെട്ടാൽ പൂർണ വിശ്രമം എടുക്കുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും വേണം. രോഗി കൊതുകുവല ഉപയോഗിക്കുകയാണെങ്കിൽ കൊതുകു മുഖേന മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്‌ തടയാനായേക്കും

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here