ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല; കോടതി കനിഞ്ഞില്ലെങ്കില്‍ തകരുന്നത് കോടികളുടെ ബിസിനസ് സാമ്രാജ്യം

ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല; നാളെയും കോടതി കനിഞ്ഞില്ലെങ്കില്‍ തകരുന്നത് കോടികളുടെ ബിസിനസ് സാമ്രാജ്യം. ഗോപാലകൃഷ്ണന്‍ എന്ന മിമിക്രി കലാകാരനില്‍ നിന്നും ദിലീപ് എന്ന നടനിലേക്കുള്ള താരത്തിന്റെ വളര്‍ച്ച അസൂയാവഹമാണ്.

അഭിനയത്തിലൂടെ രംഗത്തെത്തിയെങ്കിലും പിന്നീട് അങ്ങോട്ട് നിര്‍മാണവും വിതരണവുമെല്ലാം ഏറ്റെടുത്ത് ദിലീപ് മലയാള സിനിമയ്ക്ക് ഒഴിച്ചു കൂടൂനാവാത്ത സാന്നിധ്യമായി മാറിയിരുന്നു. എന്നാല്‍ കോടികളുടെ സ്വത്തിന് അധിപന് ഓര്‍ക്കാപുറത്ത് കിട്ടിയ ഒരടിയാണ് നടിയെ ആക്രമിച്ച കേസ്. ഇതോടു കൂടി കോടികളുടെ ബിസിനസ് സാമ്രാജ്യവും നിലംപരിശാകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അനുജന്‍ അനൂപും സഹോദരി ഭര്‍ത്താവുമാണ് ദിലീപിനൊപ്പം ബിസ്സിനസ്സ് കാര്യങ്ങള്‍ നോക്കിയിരുന്നത്. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയായ സംവിധായകന്‍ നാദിര്‍ഷയും ഏത് നിമിഷവും പിടിയിലാകാം എന്ന അവസ്ഥയിലെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ദിലീപ് കേസില്‍ അറസ്റ്റിലായതിന് പിന്നീലെ കൊച്ചിയിലും കോഴിക്കോടുമുള്ള ദേ പുട്ട്, ചാലക്കുടിയിലുള്ള ഡി സിനിമാസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ജനരോഷം ഉയര്‍ന്നിരുന്നു.

ദിലീപിന്റെ ഇമേജിന് സംഭവിച്ചിരിക്കുന്ന കോട്ടം ബിസിനസ്സിനേയും ബാധിക്കുന്നുണ്ട്. സിനിമാ നിര്‍മ്മാണം, വിതരണം, തിയേറ്റര്‍ വ്യവസായം, ഹോട്ടല്‍ ബിസിനസ്, ടൂറിസം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലയിലും ദിലീപ് തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. മെഗാ ഹിറ്റ് സിനിമയായ മീശമാധവന് ശേഷമാണ് ദിലീപ് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. സഹോദരന്‍ അനൂപുമായി ചേര്‍ന്ന് ആരംഭിച്ച ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനിയാ യിരുന്നു ദിലീപിന്റെ ആദ്യ ബിസിനസ് സംരഭം.

പിന്നീട് മുന്‍ ഭാര്യ മഞ്ജു വാര്യരുടെ പേരില്‍ മഞ്ജുനാഥ എന്ന പേരിലും നിര്‍മ്മാണക്കമ്പനി ആരംഭിക്കുന്നത്. തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതോടൊപ്പം സഹോദരങ്ങളെയും ബന്ധുക്കളെയും കൂടെക്കൂട്ടാനും ദിലീപ് മറന്നില്ല. സഹോദരന്‍ അനൂപിനും സഹോദരീ ഭര്‍ത്താവിനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്‍കിയത്. ഏകദേശം ആയിരം കോടിയുടെ സ്വത്തുക്കളെങ്കിലും ദിലീപ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചാലക്കുടിയിലെ ആദ്യത്തെ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കോംപ്ലക്‌സായ ഡി സിനിമാസിലൂടെ ദിലീപ് തീയേറ്റര്‍ വ്യവസായത്തിലേക്കും രംഗപ്രവേശം ചെയ്തു. ഇതോടെ എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയിലും ദിലീപിന് പ്രധാനപ്പെട്ട സ്ഥാനം ലഭിച്ചു.

കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ റെസ്റ്റോറന്റ് ആരംഭിച്ചായിരുന്നു ഹോട്ടല്‍ വ്യവസായ രംഗത്ത് ദിലീപ് ഹരിശ്രീ കുറിച്ചത്. ആലപ്പുഴയിലെ കായലുകളില്‍ ‘കൊച്ചി രാജാവ്’ എന്ന പേരില്‍ സര്‍വ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകളും ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൂടാതെ കൊച്ചി കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. സിനിമാലോകത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് നടന്നത്. ഉന്നതന്‍ ആയതിനാല്‍ ഊരിപ്പോകുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. ദിലീപ് രണ്ട് മാസമായി ജയിലില്‍ കിടക്കുന്നതോടെ കോടികളുടെ സിനിമാ പദ്ധതികളും അവതാളത്തിലാണ്. രണ്ട് മാസമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ് ദിലീപ്. ജാമ്യത്തിനായി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഇന്ന് ദിലീപ് മൂന്നാമതും ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും നാളെയേ താരം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയുള്ളു വെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here