മാതാവാകുന്ന സ്ത്രീത്വത്തിന് പൂര്‍ണ്ണതയേകുന്നത് പിതാവിന്റെ പുരുഷത്വം / By Nediyoottam Sarojadevi

ഒരു കുഞ്ഞു പിറക്കുന്നതോടൊപ്പം ഒരു അമ്മയുണ്ടാകുന്നു എന്നു പറയുമ്പോള്‍ അച്ഛനും ഉണ്ടാകുന്നുണ്ട് എന്ന കാര്യം പലപ്പോഴും നാം പറയാന്‍ മറക്കുന്ന കാര്യമാണ്. നീണ്ട ഒന്‍പതു മാസങ്ങള്‍ ത്യാഗമനുഭവിച്ച്ക്ഷമയോടെ കാത്തിരുന്ന് ഒരു കുഞ്ഞിനു ജന്മം കൊടുത്തു മാതാവായി സ്ത്രീത്വത്തിന്‍റെ പൂര്‍ണ്ണരൂപം പ്രാപിച്ച് നിര്‍വൃതിയടയുന്നതു പോലെ അച്ഛനും പിതാവായി പുരുഷത്വത്തിന്റെ പൂര്‍ണ്ണതയില്‍ നിര്‍വൃതിയടയുന്നുണ്ട്.

കരഞ്ഞു വിളിച്ചു കൊണ്ട് ആദ്യമായി നാം ഈ ഭൂമിയില്‍  പിറന്നു വീഴുന്നനേരം സ്നേഹത്തിന്‍ പൊരുളായിക്കരുതി നമ്മെ മാറോടു ചേര്‍ത്ത് പുണര്‍ന്നു കൊണ്ട് പ്രസവ വേദനയുടെ പാരവശ്യത്തിലും മുഖത്തു പുഞ്ചിരിയോടെ ‘വാത്സല്യം ജീവിതപ്പൊരുള്‍’എന്നു അമ്മ പറയാതെ പറഞ്ഞു തരുമ്പോള്‍, ഒരു ഗര്‍ഭകാലം മുഴുവന്‍ അമ്മ അനുഭവിക്കുന്ന യാതനകള്‍ അച്ഛന്‍ പ്രസവ മുറിയുടെ വാതില്ക്കല്‍ അക്ഷമനായി കഴിച്ചുകൂട്ടുന്നചുരുങ്ങിയ നേരം കൊണ്ട് അനുഭവിക്കുന്നുണ്ട് എന്ന കാര്യം പലരും ഒന്നോര്‍ക്കുകപോലും ചെയ്യാറില്ലാ.

മാതൃത്വം പോലെ പിതൃത്വവും ദൈവീകമാണ്. അതുകൊണ്ടു തന്നെ മാതാപിതാ ക്കളുടെ ഹൃദയം സ്നേഹത്തിന്‍റെ നീരുറവകളാണ്. അതിനു പകരം വയ്ക്കാന്‍ ഈ ലോകത്ത്  മറ്റൊന്നും തന്നെയില്ല. ബാല്യകാലത്തില്‍ നമ്മെ നോക്കി വളര്‍ത്താന്‍ ദൈവം മാതാവിനെപ്പോലെ  പിതാവിനെയും നിയോഗിക്കുന്നുണ്ട്. കണ്ണിലെ കൃഷ്ണ മണി പോലെ മാതാവുമാത്രമല്ലാ പിതാവും നമ്മെ കാത്തുസുക്ഷിച്ചു വളര്‍ത്തുന്നതില്‍ വേണ്ടുവോളം വാത്സല്യം നല്കി ഒപ്പം പങ്കാളിയാകുന്നുണ്ട് എന്നത് നാം വിസ്മരിച്ചു കൂടാ.. ആ കുടുംബത്തിന്‍റെ രക്ഷകനായി അച്ഛന്‍ തന്‍റെ സമ്പാദ്യത്തിന്‍റെ വലിയൊരു പങ്ക് ചെലവാക്കുന്നുണ്ട്. മാതാവാണ് നമ്മുടെ ആദ്യ ഗുരു. മാതാവില്‍ നിന്നും അമ്മി ഞ്ഞപാല്‍ നുണഞ്ഞു കൊണ്ട്നാം പ്രഥമശിഷ്യത്വം സ്വീകരിക്കുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് നീന്താന്‍, നടക്കാന്‍, സംസാരിക്കാന്‍ അങ്ങനെയങ്ങനെ ഈ ലോകത്തില്‍ ജീവിക്കാന്‍ വേണ്ടുന്ന പലതും മാതാവിനോടൊപ്പം പിതാവും നമ്മെപഠിപ്പിക്കുന്നുണ്ട്.

നമ്മുടെ കാലൊന്നിടറിയാല്‍, കണ്ണൊന്നു കലങ്ങിയാല്‍, മുഖമൊന്നു വാടിയാല്‍ അവരുടെ രണ്ടുപേരുടെയും ഹൃദയം തുടിതുടിക്കും.  ഊണും ഉറക്കവും ഉപേക്ഷിച്ചു അവര്‍ നാം വളരുന്നതു കണ്ടാസ്വദിക്കും. മനസ്സിനുള്ളില്‍ സ്നേഹം ഒളിപ്പിച്ചു വച്ച് ശാസിക്കേണ്ടപ്പോള്‍ ശാസിച്ചും ശിക്ഷിക്കേണ്ടപ്പോള്‍ ശിക്ഷിച്ചും നമ്മെ നന്മയുടെ പ്രതീകമായി മാറ്റാന്‍ മാതാപിതാക്കള്‍  പെടുന്ന പെടാപ്പാട് ഒരിക്കലും നമ്മള്‍ അവഗണിച്ചുകൂടാ; വിസ്മരിച്ചുകൂടാ..

സ്നേഹം പോലും തിരിച്ചു പ്രതീക്ഷിക്കാതെ നമുക്കായിഎന്തും ചെയ്യുവാന്‍ കാത്തി രിക്കുന്നവരാന് മാതാപിതാക്കള്‍. അമ്മയും അച്ഛനും പകര്‍ന്നു തന്ന സ്നേഹമല്ലേ ഈ ജീവിതം തന്നെ. അമ്മയില്‍ നിന്ന് നാം നുണഞ്ഞുകുടിച്ച അമ്മിഞ്ഞപ്പാലിന്‍റെ മാഹാ ത്മ്യം കാത്തു ജീവിക്കേണ്ടതു പോലെ സ്നേഹ വാത്സല്യങ്ങള്‍ നല്കി ആയുഷ്കാല സമ്പാദ്യത്തിന്‍റെ മുക്കാല്‍ പങ്കും മക്കളുടെ ആശകള്‍ക്കും ഭാവിസുരക്ഷിതത്വത്തിനും ആയി കാത്തു വച്ചും ചെലവഴിച്ചും വലിയ സ്വപ്നങ്ങള്‍ കണ്ടു നടക്കുന്ന അച്ഛന്‍റെ പേരിനും കളങ്കം വരുത്താതെ ജീവിക്കുവാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്..

മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ ജീവിതത്തിലെ മാനോഹരമായ കാലം…കാരണം അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊ രാള്‍ നഷപ്പെടുമ്പോള്‍ ചിറകറ്റ കുഞ്ഞിക്കുരുവിയെപ്പോലെ നാം നൊന്തുപോകും. ഇന്ന് സ്നേഹിക്കാനും കാത്തിരിക്കാനും ഒത്തിരിപ്പേര്‍ നമുക്കുചുറ്റുമുണ്ട്. അവരൊ ക്കെ നമ്മെ സ്നേഹിക്കാന്‍ തുടങ്ങുന്നതിന് എത്രയോ മുന്‍പേ, നാമൊന്നുമല്ലാതിരുന്ന കാലം, ശരിയായ ഒരു രൂപം പോലുമില്ലാതെ ഈ ലോകത്തേക്ക് വരുന്നതിനു മുന്‍ പുള്ള കാലം മുതല്‍ക്കേ നമ്മെ സ്നേഹിക്കാന്‍ തുടങ്ങിയവരാണ്  അവര്‍ രണ്ടു പേരും. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ മക്കളുടെ കാണപ്പെട്ട ദൈവങ്ങളാകുന്നു.

ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ഒരു അത്ഭുത സമ്മാനമാണ്  മാതാപിതാക്കള്‍. ‘കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല’ എന്നു പറയുന്നതു പോലെ അവര്‍ ഈ ഭൂമിയില്‍ നിന്ന് മാഞ്ഞ ശേഷമേ നമ്മില്‍ അവരുടെ അഭാവം എത്രത്തോളം വേദന യുളവാക്കുന്നുണ്ടെന്ന്  മനസ്സിലാക്കാന്‍ കഴിയൂ.   മാതാപിതാക്കളുടെ സ്നേഹത്തിനു കണക്കോ അതിര്‍വരമ്പുകളോ ഇല്ല. മക്കളുടെ സ്നേഹം പോലും പ്രതീക്ഷിക്കുന്നില്ല അവര്‍. മക്കളുടെ അങ്കലാവണ്യങ്ങള്‍, രൂപഭംഗിപഠിപ്പ്, പെരുമാറ്റം ഇവ ഒന്നും തന്നെ അവരെ ബാധിക്കുന്നില്ല. മക്കളുടെ ഭാവിയുടെ അടിത്തറ പാകുന്നതില്‍ മാതാ പിതാക്കളുടെ പങ്കു വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പക്വതയും നിലനില്പോ ടെയും അവര്‍ നമ്മെ വളര്‍ത്തിയെടുക്കുന്നു.  എല്ലാം നേടി നമ്മള്‍ പക്വത എത്തുമ്പോഴേക്കും മാതാപിതാക്കള്‍ വയസ്സായിട്ടുണ്ടാവും.

പിന്നീടുള്ള അവരുടെ ജീവിതം സ്വര്‍ഗ്ഗതുല്യമാക്കി കൊടുക്കേണ്ടത് മക്കളുടെ കടമ തന്നെയാണ്. നല്ല കുട്ടികളാണ് നാളത്തെ നല്ല രക്ഷകര്‍ത്താക്കള്‍.  നമ്മള്‍ കുട്ടികളായിരി ക്കുമ്പോള്‍ നമ്മളുടെ കൂടെയിരുന്നു നമുക്കു വേണ്ടി കഷ്ടപ്പെട്ടിട്ടുള്ള നമ്മുടെ മാതാപി താക്കളുടെ വാര്‍ദ്ധക്യ കാലത്ത് അവരോടൊത്ത് ചിലവിടാനും അവരെ സ്നേഹിക്കു വാനും അവര്‍ക്കു ബഹുമാനവും സന്തോഷവും നമ്മളാല്‍ കഴിയുന്ന വിധം കൊടുക്കു വാനും അങ്ങിനെ അവരുടെ ഭൂമിയിലെ ജീവിതം സ്വര്‍ഗ്ഗീയമാക്കുവാനും നമുക്കു കഴിഞ്ഞാല്‍ അതിലേറെപുണ്യം വേറെയുണ്ടോ…..

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here