ഒരു കുടുംബത്തില്‍ മരിച്ചത് ഏഴ് പേര്‍; എല്ലാം ദുരൂഹമരണങ്ങള്‍

പതിമൂന്നുകാരന്റെ മരണത്തോടെയാണ് ഒരു കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ തുടക്കം. തുടര്‍ന്ന് എട്ട് മാസത്തിനിടെ ആറുപേര്‍ കൂടി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് ദുരൂഹ മരണങ്ങള്‍ തുടര്‍ക്കഥയായ ഈ കുടുംബം. 2016 ഒക്ടോബര്‍ ഏഴിനാണ് ക്രിസ്റ്റഫറെന്ന പതിമൂന്നുകാരന്റെ മരണം. നാലു വയസുകാരനായ ശരണ്‍ ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. തിരുവണ്ണാമലൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ശരണ്‍ മരിച്ചത്.

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് മരിച്ചത്. ശരണിന് ഡെങ്കിപ്പനിയൊന്നുമില്ലായിരുന്നു. സാധാരണ പനി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. ദൂരൂഹമരണത്തിന്റെ കാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍. ആദ്യം മരിച്ച ക്രിസ്റ്റഫറിന് പിന്നാലെ അതേ മാസം തന്നെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ മരണത്തിന് കീഴടങ്ങി. വിനോദ് കുമാര്‍ (23), നെല്‍സണ്‍ (11), കൃതിക മെര്‍ലിന്‍ (7), നെല്‍സന്റെ മുത്തച്ഛന്‍ ജോസഫ് (70) ക്രിസ്റ്റ (65) എന്നിവരാണ് മരിച്ചത്. എല്ലാവരും ഛര്‍ദിയെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ക്രിസ്റ്റയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വിഷബാധയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്റ്റയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കരളിലും വൃക്കയിലും രക്ത സാമ്പിളുകളിലും എലി വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്ന് കേസന്വേഷണം പോലീസിന് കൈമാറിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. കൂടാതെ കുടുംബാംഗങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് ആരോപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY