ഒടുവില്‍ ഹണിപ്രീത് എല്ലാം സമ്മതിച്ചതായി അന്വേഷണ സംഘം കോടതിയില്‍; ചെയ്തതെല്ലാം അയാള്‍ക്കു വേണ്ടി

ഹണിപ്രീതിന്റെ ലാപ്‌ടോപില്‍നിന്ന് കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ്

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്തുമകള്‍ കുറ്റസമ്മതം നടത്തിയെന്ന്
പ്രത്യേക അന്വേഷസംഘം കോടതിയെ അറിയിച്ചു. ഗുര്‍മീതിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് നടന്ന കലാപം ആസൂത്രണം ചെയ്തത് താന്‍ തന്നെയാണെന്ന് ഹണിപ്രീത് സമ്മതിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹണിപ്രീതിന്റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. കലാപത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഹണിപ്രീതിനെ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനാണ് ചണ്ഡിഗഢ് ഹൈവേയ്ക്ക് സമീപത്തു വച്ച് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. കലാപം നടന്ന പഞ്ച്കുളയുടെ രേഖാചിത്രം തന്റെ നേതൃത്വത്തില്‍ തയാറാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹണിപ്രീത് സമ്മതിച്ചു.

കലാപം സംഘടിപ്പിക്കുന്നതിന്റെ ചുമതല ദേരാ സച്ചാ സൌദയുടെ വിവിധ വ്യക്തികള്‍ക്ക് വീതിച്ചുനല്‍കിയതായും ഹണിപ്രീത് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിര്‍സയിലെ ദേര ആസ്ഥാനത്ത് ഹണിപ്രീതിന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യയോഗത്തിലാണ് കലാപത്തിന്റെ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ആഗസ്ത് 17നാണ് യോഗം നടന്നത്. യോഗത്തിന്റെ തീരുമാനപ്രകാരമാണ് 25ന് കലാപം നടപ്പാക്കിയത്. പഞ്ച്കുളയിലുണ്ടായ കലാപത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും 250ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹണിപ്രീതിന്റെ ലാപ്‌ടോപില്‍നിന്ന് കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദേരയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും ഈ ലാപ്‌ടോപ്പില്‍നിന്ന് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗുര്‍മീത് ജയിലിലായതോടെ ഒളിവില്‍പോയ ഹണിപ്രീത് 38 ദിവസത്തിനുശേഷമാണ് പിടിയിലായത്. ഇതിനുമുമ്പ് തനിക്ക് കലാപവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹണിപ്രീത് പറഞ്ഞത്. കലാപം സൃഷ്ടിക്കാന്‍ ഹണിപ്രീത് 1.25 കോടി രൂപ നല്‍കിയതായി ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായ രാകേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ദേരാ പഞ്ച്കുള ഘടകത്തിന്റെ തലവന്‍ ചാംകുമാര്‍ കൌറിനാണ് പണം കൈമാറിയത്. ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയാല്‍ ഇയാളെ അംബാല ജയിലിലേക്ക് കൊണ്ടുപോകുന്നവഴി കലാപം സൃഷ്ടിച്ച് രക്ഷപെടുത്താനായിരുന്നു പദ്ധതി. ഇതിനാവശ്യമായ ആളും ആയുധവും സംഘടിപ്പിക്കാനാണ് ഹണിപ്രീത് പണം കൈമാറിയത്. കലാപത്തിനും, ശിക്ഷാവിധി കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഗുര്‍മീതിനെ രക്ഷിക്കാന്‍ നോക്കിയതിനും പിന്നില്‍ ഹണിപ്രീതാണെന്ന് പൊലീസിനു നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here