ഇമാന്റെ തൂക്കം കുറഞ്ഞെന്ന വാദം നുണയെന്ന് സഹോദരി

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇമാന്റെ സഹോദരി രംഗത്ത്. ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ത്തി ഇമാന്റെ സഹോദരി ഷെയ്മ സലിം രംഗത്തെത്തി. മുബൈയിലെ സെയ്ഫി ആശുപത്രിയാണ് കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് വിവാദത്തില്‍പെട്ടത്.

എന്നാല്‍ ഷെയ്മയുടെ ആരോപണം തെറ്റാണെന്നും ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണത്തിന്റെ പിന്നിലുള്ളതുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. സെയ്ഫി ആശുപത്രിയില്‍ ഇമാന്റെ ചികിത്സ തുടങ്ങിയ ശേഷം അവരുടെ തൂക്കം 151 കിലോവരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഷെയ്മ പുറത്ത് വിട്ട ഒരു വീഡിയോയിലൂടെയാണ് ഇമാന് ഇപ്പോഴും തൂക്കം കുറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ കളവ് പറയുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നത്. ആശുപത്രി അധികൃതരുടെ വാദം വെറും തട്ടിപ്പാണെന്നും വീഡിയോയിലൂടെ സഹോദരി ആരോപിക്കുന്നു. അതേസമയം ഈജിപ്തിലേക്ക് കൊണ്ടുപോയാല്‍ അവിടെ ആവശ്യത്തിനുള്ള ചികിത്സാ സൗകര്യമില്ലെന്നും അതുകൊണ്ട് തന്നെയാണ് ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും വിശ്രമത്തിലൂടെയും മാത്രമേ തൂക്കം സാധാരണ നിലയിലെത്തിക്കാനാവു. എന്നാല്‍ ഇവരുടെ ബന്ധുക്കള്‍ ഇമാനെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയും നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതരും ആരോപിക്കുന്നുണ്ട്. ഇമാന് ഇപ്പോള്‍ വായിലൂടെ ഭക്ഷണം ചവച്ചരച്ച് കഴിക്കാനോ സംസാരിക്കാനോ കഴിയില്ല. ഇതിന് നിര്‍ബന്ധിക്കുന്നത് പക്ഷാഘാതത്തിന് വരെ കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY