അന്താരാഷ്ട്ര ചലചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ : ഡെലിഗേറ്റ‌് ഫീസ‌് 2000 രൂപ
തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയതായി സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.
സൗജന്യ പാസുകള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെപ്പൊലെ മത്സര വിഭാഗം ഉള്‍പ്പെടെ എല്ലാ വിഭാഗവും ഇത്തവണയും ഉണ്ടാകും. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. നവാഗതരുടെ ആറെണ്ണം ഉള്‍പ്പെടെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഇതില്‍ രണ്ട് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒൻപത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. പ്രളയ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഫണ്ടില്ലാതെയാണ് മേള നടത്തുക.
6.35 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ മേളയുടെ ചെലവ്. ഇക്കുറി ചെലവ് മൂന്നര കോടിയായി ചുരുക്കും. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സമഗ്ര സംഭാവനക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടാകില്ല.
എന്നാല്‍ കോംപറ്റീഷന്‍, ഫിപ്രസി, നൈറ്റ്പാക്, അവാര്‍ഡുകള്‍ ഉണ്ടാകും. മുഖ്യ വേദിയില്‍ നടത്താറുള്ള കലാസാംസ്‌കാരിക പരിപാടികള്‍, ശില്പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കി. എന്നാല്‍ ഓപ്പണ്‍ഫോറം തുടരും.
ഡിസംബര്‍ ഏഴുമുതല്‍ 13 വരൈയാണ് മേള നടക്കുക. സംഘാടക സമിതി രൂപീകരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഒളിമ്പിയ ഹാളില്‍ നടക്കും.