മകള്‍ മാനഭംഗത്തിന്റെ ഇരയായി കൊല്ലപ്പെട്ടതിന് ഞാന്‍ ഉടുക്കാതെ നടക്കണോ? ട്രോളുകാരോട് പ്രതികരിച്ച് രാജേശ്വരി

മകള്‍ മാനഭംഗത്തിന്റെ ഇരയായി കൊല്ലപ്പെട്ടതിന് ഞാന്‍ ഉടുക്കാതെ നടക്കണോ? ട്രോളുകാരോട് പ്രതികരിച്ച് രാജേശ്വരി

എന്റെ മകള്‍ മാനഭംഗത്തിന്റെ ഇരയായി കൊല്ലപ്പെട്ടതിന് ഞാന്‍ വിവസ്ത്രയായി നടക്കണോ? സാധാരണ എല്ലാ സ്ത്രീകളും ധരിക്കുന്നത് പോലെ സാരിയല്ലാതെ വേറെ എന്താണ് ഞാന്‍ ഉടുക്കേണ്ടതെന്ന് നിങ്ങള്‍ പറയൂ…?’ ട്രോളുകാരോട് പ്രതികരിച്ച് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ ഏതാനും നാളുകളായി രാജേശ്വരിയുടെ മേക്ക്ഓവര്‍ എന്ന പേരില്‍ ഏതാനും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് രാജേശ്വരി പ്രതികരിക്കുന്നത്.
രാജേശ്വരിയുടെ വാക്കുകള്‍
എന്റെ മകളുടെ മരണശേഷം ഞാന്‍ എവിടേയ്ക്ക് ഇറങ്ങിയാലും അപ്പോള്‍ മൊബൈലുമായി ആരെങ്കിലുമൊക്കെ വന്ന് ഞാന്‍ അറിയാതെ ഫോട്ടോ എടുത്തിട്ട് പോകും. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളും ഞാന്‍ അറിയാതെ എടുത്തതാണ്. ഞാന്‍ ഡ്രസ് ഡ്രൈക്ലീന്‍ ചെയ്യാന്‍ കൊടുക്കുന്നതിന്റെ അടുത്തു തന്നെയാണ് തയ്യല്‍ കടയും അതിനൊപ്പമുള്ള ബ്യൂട്ടിപാര്‍ലറും. കടയില്‍ നിന്ന് ഡ്രൈക്ലീന്‍ ചെയ്ത സെറ്റും പുതിയ ബ്ലൗസ് തയ്ച്ചതും വാങ്ങി, അതും ധരിച്ച് അമ്പലത്തില്‍പോകണമായിരുന്നു.

അതിനുവേണ്ടിയാണ് ഞാന്‍ ബ്യൂട്ടിപാര്‍ലറിനുള്ളില്‍ കയറിയത്. കണ്ണാടി നോക്കിക്കോണ്ടിരിക്കുന്ന സമയത്ത് ആരെല്ലാമോ വന്ന് ഫോട്ടോ എടുക്കുന്നത് കണ്ടിരുന്നു. അവരായിരിക്കും ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സാധാരണ സ്ത്രീകള്‍ ഉടുക്കുന്ന പോലെ സാരി തന്നെയല്ലേ ഞാനും ധരിച്ചത്? അതല്ലാതെ വേറെ ഏത് വേഷമാണ് ഞാന്‍ ധരിക്കേണ്ടത്? പണ്ട് മക്കളെ വളര്‍ത്തുന്ന തത്രപ്പാടില്‍ ഞാന്‍ എന്റെ കാര്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല. വെടിപ്പും വൃത്തിയുമായി ഇപ്പോള്‍ നടക്കുന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ആര്‍ക്കും കൈകടത്താനാകില്ല.
എന്റെ മകള്‍ മരിച്ചു. അതിന് എത്രമാത്രം ദുഖമുണ്ടെന്ന് എനിക്കും എന്റെ കുഞ്ഞിന്റെ ആത്മാവിനും അറിയാം. അവളുടെ കൊലപാതകിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന ദിവസം കാത്താണ് ഞാന്‍ കഴിയുന്നത്. എന്റെ വിഷമം മറ്റുള്ളവരെ കാണിച്ചുകൊണ്ട് നടക്കേണ്ട ആവശ്യം ഇല്ല. പിന്നെ എനിക്കെതിരെ വരുന്ന മറ്റൊരു ആരോപണം ഞാന്‍ എന്റെ മകളുടെ മരണത്തിന്റെ പേരില്‍ കിട്ടിയ കാശെല്ലാം ധൂര്‍ത്തടിക്കുന്നു എന്നാണ്. എനിക്ക് കിട്ടിയ കാശെല്ലാം കൈകാര്യം ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

എന്റെ പേരിലും കലക്ടറുടെ പേരിലുമായി വലിയൊരു നിക്ഷേപം ഉണ്ടെന്നാണ് അവര്‍ പറയുന്നത്. പക്ഷെ എത്ര രൂപയാണെന്ന് പോലും എനിക്ക് അറിയില്ല. അതിന്റെ കണക്ക് ഒന്നും എനിക്ക് അറിയില്ല. ഓരോ തവണയും അവരോട് ചോദിച്ചാല്‍ മാത്രമേ പണം കിട്ടാറുള്ളൂ. പുറത്ത് പക്ഷെ ആളുകള്‍ പറഞ്ഞു നടക്കുന്നത് രാജേശ്വരി കോടീശ്വരി എന്നാണ്. ഞാന്‍ ആകെ എടുത്തിട്ടുള്ളത് രണ്ടരലക്ഷം രൂപയാണ്. അതും എനിക്ക് വേണ്ടിയല്ല. എന്റെ മൂത്തമകള്‍ക്ക് വേണ്ടിയാണ്.
കിട്ടിയ കാശൊന്നും അവള്‍ക്ക് കൊടുക്കുന്നില്ലെന്ന് അവള്‍ പരാതി പറഞ്ഞതിനെത്തുടര്‍ന്ന് ഈ തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങി നല്‍കിയിട്ടുണ്ട്. പെരുമ്പാവൂരിലെ സ്റ്റേറ്റ് ബാങ്കിന്റെ ശാഖയില്‍ നിന്നും മാസം എനിക്ക് 12,000 രൂപ കിട്ടാറുണ്ട്. അതുപയോഗിച്ചാണ് ഞാന്‍ ജീവിക്കുന്നത്. പനിയും ഷുഗര്‍ ലെവലും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് എന്റെ കാതിലും കഴുത്തിലും കിടന്നത് പണയംവച്ചിട്ടാണ് ആശുപത്രി ചിലവ് വഹിച്ചത്. ആ സമയത്ത് ഈ മൊബൈലില്‍ പടം പിടിച്ച ഒരു മനുഷ്യരുപോലും തിരിഞ്ഞുനോക്കിയില്ലല്ലോ? എന്തിനാണ് എന്റെ പിറകെ നടന്ന് ഇങ്ങനെ ശല്യം ചെയ്യുന്നത്. എന്റെ സ്വകാര്യതയെ ദയവായി മാനിക്കൂ രാജേശ്വരി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here