ഫുഡ് ഇന്‍സ്പെക്ടറുടെ സാഹസിക പോരാട്ടങ്ങളുടെ കഥയുമായി ജന പ്രിയ സംവിധായകന്‍ കണ്ണന്‍ താമരക്കുളം

കൊച്ചി: ഭക്ഷ്യവിഷ വിപത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സാധാരണക്കാരനായ ഫുഡ് ഇന്‍സ്പക്ടര്‍ കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ സിനിമ വരുന്നു. കേരളത്തിന്‍റെ ഭക്ഷ്യ സംസ്കാരത്തിന്‍റെ രുചിയും രുചിഭേദങ്ങളും വിഷയമാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.‘വരൂ, ഇരിക്കൂ, കഴിക്കാം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദിനേശ് പളളത്തും സംവിധാനം നിര്‍വ്വഹിക്കുന്നത് കണ്ണന്‍ താമരക്കുളവുമാണ് കലാപരമായും സാമ്പത്തികമായും ശദ്ധേയമായ ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിനുശേഷം പ്രശസ്ത  സംവിധായകന്‍ കണ്ണന്‍ താമരക്കുളവും തിരക്കഥാകൃത്ത് ദിനേശ് പളളത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ബോക്സോഫീസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന  അച്ചായന്‍സാണ് കണ്ണന്‍ താമരക്കുളത്തിന്‍റെ ഏറ്റവും പുതിയ റിലീസ് ചിത്രം. ആടുപുലിയാട്ടം ഷൂട്ടിംഗ് നടക്കുമ്പോള്‍ത്തന്നെ പൂര്‍ത്തിയായതായിരുന്നു ഈ ചിത്രത്തിന്‍റെ തിരക്കഥ ക്ലൈമാക്സു വരെ നീളുന്ന സസ്പെന്‍സിലൂടെയാണ് കഥ ഇതള്‍ വിരിയുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. മാത്രമല്ല, സാമൂഹിക പ്രസക്തിയും സമകാലിക സ്വഭാവവുമുളള ഇതിവൃത്തമാണ് ചിത്രത്തിന്‍റേത് ഭക്ഷണം മരുന്നായിരുന്ന സമൂഹത്തില്‍, ഇന്ന് കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണക്കാരനായ പ്രധാന വില്ലനായി ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാറിയിരിക്കുന്നു. കുറഞ്ഞ ഗുണനിലവാരത്തില്‍ കൂടുതല്‍ ലാഭം’ എന്ന ചൂഷക മുദ്രാവാക്യം കര്‍ഷകരും വ്യാപാരികളും ഒരു പോലെ ഏറ്റെടുത്തതിനാല്‍ അല്‍പമെങ്കിലും വിഷം അകത്താവാതെ ഒരു പിടി ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നമ്മുടെ ജീവിതം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയും കനത്ത ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റു മാരകമായ അസുഖങ്ങള്‍ക്കും അടിമപ്പെടേണ്ടിവരുമെന്നതു തീര്‍ച്ചയാണ്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും വളരെയധികം കര്‍ക്കശമാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോഴും ജലരേഖയായി തുടരുന്നു. പച്ചക്കറികളും മുട്ടയും വരെ പ്ലാസ്റ്റിക്കല്‍ നിര്‍മ്മിച്ചു മാര്‍ക്കറ്റില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു.അതിനു പിന്നിലെ ആഗോള താല്പര്യങ്ങളും ചതിയും ചിത്രത്തിന്‍റെ പ്രമേയമായി മാറുന്നുണ്ട്.

ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു പിടി ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യവിപത്തിനെതിരെ ഒരു ചിത്രം വെള്ളിത്തിരയില്‍ കണ്ടിട്ടില്ല. അത്തരമൊരു കാലികപ്രസക്തമായ വിഷയത്തെ അഭ്രപാളിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ , ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ കണ്ണന്‍ താമരക്കുളം.ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രമായിരുന്നു ഇതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അച്ചായന്‍സ് നേരത്തെ പൂര്‍ത്തിയാക്കുകയായിരുന്നു.തിരക്കഥയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടികേരളത്തിന്‍റെ രുചിഭേദങ്ങളെയും ഭക്ഷണ ശീലങ്ങളെയും അടുത്തറിയാന്‍ തെക്കേയറ്റമായ കന്യാകുമാരിമുതല്‍ കാസര്‍കോട് വരെ തനതു നാട്ടുരുചികള്‍ തേടിയുളള സംവിധായകന്‍റെ ദീര്‍ഘയാത്ര ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുന്നു.രുചിക്കൂട്ടിന്‍റെ രഹസ്യങ്ങള്‍ക്കപ്പുറം അതിഥിദേവോ ഭവഃ ഏന്ന ആപ്തവാക്യത്തിന്‍റെ അന്തസത്തയിലാണ് ഭക്ഷണസംസ്കാരത്തിന്‍റെ കാലിക പ്രസക്തിയെന്ന് സംവിധായകന്‍ പറയുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഇതര താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായില്ല. കണ്ണന്‍റെ മറ്റു ചിത്രങ്ങള്‍ പോലെ തന്നെ ചിരിയും സസ്പന്‍സും ആക്ഷനും ഒപ്പം, സാമൂഹിക പ്രാധാന്യവും വരൂ , ഇരിക്കൂ,കഴിക്കാം എന്ന ചിത്രത്തിനുണ്ടെന്ന് തിരക്കഥാകൃത്ത് ദിനേശ് പളളത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY