കവിത….വീണ്ടും പൊന്നോണം

 

 

ഓണം …പൊന്നോണം  ( ബിനിപ്രേംരാജ്  )

മാമലകള്‍തന്‍ തണലത്തൊരു
കൊച്ചുമലയാള നാടിന്‍
വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍
ആഗതമായി ഓണം പൊന്നോണം

പൂമഴച്ചാറ്റലിൽ കുളിരുന്ന
പുലരികൾക്കു ആമോദമേകു
വാനായി ആവണിപ്പൂക്കളം
തീര്‍ക്കുന്നു ചിങ്ങപ്പുലരികള്‍

ഓണവിളക്കുകള്‍ കണ്‍തുറന്നു
ഓണനിലാവു മിന്നി തെളിയുന്നു
വര്‍ണവിളക്കുകള്‍തിളങ്ങിനില്പ്പു
ശോഭയായി വീചികളെങ്ങും

തുമ്പയും പിച്ചിയും മുക്കുറ്റിയും
പൂക്കുലയാട്ടിച്ചിരിച്ചുനില്‍ക്കുന്നു
പാൽപ്പതവറ്റാത്ത പുഞ്ചിരിത്തുമ്പ
കളില്‍ ചിറകട്ടടിക്കുന്നു പ്പൂത്തുമ്പികള്‍

സര്‍വസമ്പല്‍സമൃദ്ധിയും തിങ്കളായ്‌
പൊന്നു വര്‍ഷിച്ചിടുന്നൊരു വേളയില്‍
കാക്കപൂവും മുക്കൂറ്റിയും തുമ്പ പൂവിന്‍
യിലയുമായി പൂക്കളം തീര്‍ക്കുവാന്‍ വെമ്പുന്നു

ഓണപുടവ ഉടുത്തും ഓണ
കളികള്‍ കളിച്ചുഞ്ഞാലാടിയും
പ്രിയരോടോത്ത് ഓണസദ്യയു
ണ്ണാനുമെത്തി വീണ്ടുമൊരോണക്കാലം

ചെണ്ടകള്‍ കൊട്ടിയുണര്‍ത്തിയ
മലയാള മണ്ണിന്‍ തനിമയില്‍
സ്നേഹവര്‍ണത്തിന്‍ ഇതളുകള്‍ നീട്ടി
മധുരമാം സ്നേഹ കണംനുകരാം

ഓണവില്‍ കൊട്ടിയും പൂ വിളിച്ചും
നന്മ നിറഞ്ഞോഴുകുന്ന വേളയില്‍
ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന
സത്യത്തിന്‍ നന്മയാണോണം

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY