ദിലീപിന് മൂന്നാമതും ജാമ്യം തള്ളിയതിന് പിന്നില്‍ കാവ്യയുടെ മൊഴിയും

യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മൂന്നമതും തള്ളാന്‍ ഇടയാക്കിയതില്‍ നടന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴി നിര്‍ണായകമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പള്‍സര്‍ തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞതനുസരിച്ച് പള്‍സറിന് 25,000 രൂപ നല്‍കിയെന്നും കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുടെ മൊഴി പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ അവതരിപ്പിച്ചുവെന്നാണ് സൂചന.

പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇനിയും കണ്ടെത്താനുള്ളതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതോടെ മൂന്നാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടു. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും കാണിച്ച് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു

പ്രതിയുടെ സ്വാധീനവും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ദിലീപിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മാനിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

എന്നാല്‍, തനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താന്‍ നിരപരാധിയാണെന്നുമുള്ള ദിലീപിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. അതേസമയം ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് 50 ദിവസം പിന്നിട്ടു. ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുകയേ ദിലീപിന് വഴിയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY