ലാല്‍ മകന്റെ ഭാര്യയോട് പറഞ്ഞു: നീയത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന്

യവനിക കണ്ടോയെന്ന് ചോദിച്ചു. അവള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പിടിച്ചിരുത്തി യവനിക കാണിച്ചേ വിട്ടുള്ളൂ

തന്റേതായ അഭിനയ മികവ് കൊണ്ട് എന്നും മലയാള സിനിമയില്‍ ഇടംനേടിയ വ്യക്തിയാണ് സംവിധായകനും നടനുമായ ലാല്‍. വില്ലന്‍, കോമേഡിയന്‍ , സഹനടന്‍, അച്ഛന്‍ അങ്ങനെ ഏതു കഥാപാത്രവും ഏറ്റെടുക്കാന്‍ മനസുള്ള വ്യക്തിയാണ് ലാല്‍. രൂപത്തേക്കാള്‍ മുഴക്കമുള്ള, ചിലപ്പോള്‍ അവ്യക്തമാവുന്ന ശബ്ദം തന്നെയാണ് ലാലിനെ വേറിട്ടു നിര്‍ത്തുന്നത്.

എന്നാല്‍ ഈ മുഴക്കമുള്ള ശബ്ദമായിരുന്നില്ല ചെറുപ്പത്തില്‍ ലാലിന്റേത്. ചെറുപ്പത്തില്‍ പെണ്ണിന്റെ ശബ്ദമായിരുന്നു ലാലിന്. അതുകൊണ്ട് തന്നെ നാടകങ്ങളില്‍ അഭിനയിക്കുമ്പോള്‍ പെണ്‍വേഷം കെട്ടാനാണ് ലാലിന് ഏറെയിഷ്ടം. ചെറുപ്പത്തില്‍ ബലിത്തറ എന്ന നാടകത്തിലെ നായികയായി. നന്നായി മെലിഞ്ഞിട്ടാണ് ഒപ്പം കറുത്തിട്ടും. എടുത്തുപറയത്തക്ക ഉയരവുമില്ല.

പക്ഷേ, നാടകത്തില്‍ ഭംഗിയൊന്നും പ്രശ്‌നമായിരുന്നില്ലെന്നു ലാല്‍ ഗൃലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വളര്‍ന്നു കഴിഞ്ഞാണ് സിനിമയോട് മോഹം തോന്നിയത്. അന്നൊക്കെ ഞാന്‍ ദിവസം രണ്ടു പടമെങ്കിലും കാണും. കെ.ജി. ജോര്‍ജിന്റെ യവനിക നൂറുവട്ടമെങ്കിലും കണ്ടിട്ടുണ്ട്. സിനിമയെ ജീവനു തുല്യം സ്‌നേഹിക്കുന്നയാളാണ് ലാല്‍.

സിനിമ കാണാന്‍ പ്രാന്തുള്ള ഒരു കാലമുണ്ടായിരുന്നു. എന്നാലും സിനിമയില്‍ കയറണമെന്നൊന്നും തോന്നിയിട്ടില്ല. ആ ചിന്ത വന്നത് ഒരിക്കല്‍ മാത്രമാണ്. അന്ന് ഞങ്ങള്‍ അമ്പലമുകള്‍ റിഫൈനറിയില്‍ ഒരു പ്രോഗ്രാം ചെയ്തു. ഉദ്ഘാടനം ചെയ്യാന്‍ വന്നത് ബാലചന്ദ്ര മേനോനാണ്. അദ്ദേഹം പ്രോഗ്രാം കണ്ടാല്‍ ഞങ്ങളെ ആരെയൊക്കെയോ സിനിമയിലെടുക്കുമെന്ന് ഒരു കഥ പരന്നു.

എല്ലാവും ഭയങ്കര പെര്‍ഫോമെന്‍സ്. പക്ഷേ, പരിപാടി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് പ്രോഗ്രാം തുടങ്ങുന്നതിന് മുന്‍പ് തന്നെ പുള്ളി സ്ഥലം വിട്ടിരുന്നെന്ന്. പ്രേക്ഷകര്‍ ഇരിക്കുന്ന സ്ഥലത്ത് ഇരുട്ടായതു കൊണ്ട് ഞങ്ങളാരും അത് കണ്ടില്ലെന്നും ലാല്‍ പറയുന്നു. ഈയടുത്ത് മോന്‍ ജീന്‍ പോള്‍ കല്ല്യാണം കഴിച്ചു വന്നപ്പോള്‍ ഞാന്‍ അവന്റെ ഭാര്യയോട് യവനിക കണ്ടോയെന്ന് ചോദിച്ചു. അവള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പിടിച്ചിരുത്തി യവനിക കാണിച്ചേ വിട്ടുള്ളൂ. അത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് ലാല്‍ പറഞ്ഞു. സിനിമയോട് അത്രയേറെ ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ലാല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here