നായകന്‍ മാത്രമേ ആകൂ എന്ന വാശിയൊന്നും എനിക്കില്ല : കുഞ്ചാക്കോ ബോബന്‍

ചിത്രങ്ങള്‍ : അജ്മല്‍ ലത്തീഫ്

ടേക്ക്ഓഫ് എന്ന സിനിമ ശരിക്കും രാജേഷ്പിള്ളയ്ക്കുള്ള ആദരം കൂടിയാണ്

ധന്യ എന്ന ഫാസില്‍ ചിത്രത്തിലൂടെ ബാലതാരമായാണ് ചാക്കോച്ചന്‍ അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ തന്നെ സിനിമയായ അനിയത്തി പ്രാവിലൂടെ നായക പദവിയിലേക്കും എത്തി. അവിടുന്ന് ചാക്കോച്ചന്‍ മലയാളത്തിന്റെ പ്രിയ റൊമാന്റിക് ഹീേെറാ ആയി മാറി. ഇതിടയില്‍ വിവാഹവും കഴിഞ്ഞു. പിന്നീട് ചെയ്ത പല സിനിമകളും കൈയ്യൊഴിഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. ഒരിടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരിവില്‍ ചാക്കോച്ചനിലെ നടനെ പൂര്‍ണ്ണമായും മനസ്സിലാക്കിയത് രാജേഷ് പിള്ളയെന്ന സംവിധായക നാണെന്ന് വേണമെങ്കില്‍ പറയാം. രാജേഷ് പിള്ള എന്ന സംവിധായകനാണ് ട്രാഫിക്ക്, വേട്ട എന്നീ സിനിമകളിലൂടെ മികച്ച രണ്ടുകഥാപാത്രങ്ങള്‍ ചാക്കോച്ചനു സമ്മാനിച്ചത്. രാജേഷ് പിള്ളയുടെ ഓര്‍മയില്‍ പുതിയൊരു ചിത്രവുമായി കുഞ്ചാക്കോ ബോബന്‍ വീണ്ടും എത്തി. തന്റെ പുതിയ ചിത്രമായ ടേക്ക് ഓഫിന്റെ വിശേഷങ്ങളുമായി മലയാളിയുടെ സ്വന്തം ചാക്കോച്ചന്‍…
ടേക്ക് ഓഫ് എന്ന സിനിമ കുഞ്ചാക്കോ ബോബന്‍ എന്ന വ്യക്തിയുമായി എങ്ങനെ ബന്ധപ്പെടുന്നു?
ടേക്ക്ഓഫ് എന്ന സിനിമ ശരിക്കും രാജേഷ്പിള്ളയ്ക്കുള്ള ആദരം കൂടിയാണ്. അദ്ദേഹത്തിന്റെ പേരും അതില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ഈ സിനിമ എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. മലയാള സിനിമയിലെ ഒരു വഴിത്തിരിവായിരുന്നു ട്രാഫിക്. അതേപോലെ തന്നെ ടേക്ക് ഓഫും വഴിത്തിരിവായിരിക്കും എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷ. രാജേഷ് പിള്ളയുടെ ഓര്‍മ നിലനിര്‍ത്തുന്നത് മാത്രമല്ല, ഇത് നല്ലൊരു സിനിമയായിരിക്കും എന്നൊരു വിശ്വാസമുള്ളതു കൊണ്ട് കൂടിയാണ് ടേക്ക് ഓഫ് തെരഞ്ഞെടുത്തത്. ട്രാഫിക്കിന്റെ എഡിറ്ററായിരുന്ന മഹേഷ് നാരായണനാണ് ടേക്ക് ഓഫിന്റെ സംവിധായകന്‍. അദ്ദേഹമാണ് മിലിയുടെ തിരക്കഥാകൃത്ത്. ഈ സിനിമ രാജേഷിന് ഇഷ്ടപ്പെടുന്ന രീതിയില്‍ ചെയ്യാന്‍ ഞങ്ങളെക്കാളും മഹേഷിനറിയാം. രാജേഷിന്റെ മനസ് മനസിലാക്കിയ എഡിറ്ററാണ് മഹേഷ്. ഫഹദും പാര്‍വതിയും മുമ്പ് രാജേഷിന്റെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. കഥാപാത്രമായി മാറാന്‍ പാര്‍വതി ഒരുപാട് കഷ്ടപാട് സഹിച്ചിട്ടുണ്ട്. അതില്‍ ഗര്‍ഭിണിയായിട്ട് അഭിനയിക്കുന്ന രംഗങ്ങളില്‍ സ്വാഭാവികത ലഭിക്കാന്‍ ലിറ്ററുകണക്കിന് വെള്ളം കുടിച്ച് വയര്‍ വീര്‍പ്പിച്ചു, അധികം മേക്കപ്പ് ഒന്നും അവര്‍ ഉപയോഗിച്ചിട്ടില്ല. സിനിമയുടെ ഷൂട്ടിങ്ങ് ഹൈദരാബാദിലും റാസല്‍ഖൈമയിലുമായിരുന്നു. കൊടുംചൂടുളള സമയത്തായിരുന്നു ഷൂട്ടിങ്ങ്. രാജേഷ് എന്ന സംവിധായകനോടുള്ള സ്‌നേഹവും ബഹുമാനവും ഉള്ളതുകൊണ്ടാണ് എല്ലാവരും ഈ ബുദ്ധിമുട്ടുകളെല്ലാം മറന്ന് അഭിനയിച്ചത്. നിര്‍മാതാക്കളായ ആന്റോ ജോസഫും ഷെബിന്‍ ബക്കറും സിനിമയെ ഏറെ സ്‌നേഹിക്കുന്നവരാണ്. അവരുടെ സഹകരണവും ഈ സിനിമയെ സഹായിച്ചിട്ടുണ്ട്.
ടേക്ക് ഓഫ് എന്ന സിനിമയുടെ കഥ യഥാര്‍ത്ഥത്തില്‍ നടന്നതാണല്ലോ?
മഹേഷ് ഈ സിനിമചെയ്യാന്‍ വരുമ്പോള്‍ ഈ കഥയല്ലായിരുന്നു ഉദ്ദേശിച്ചത്. ഒരു ചെറിയ സിനിമയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പെട്ടെന്നു തന്നെ ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. മുപ്പതു ദിവസത്തെ ഷൂട്ടിങ്ങിന്റെ ആവശ്യമേയുള്ളൂ. എറണാകുളം പോലുള്ള സിറ്റിയില്‍ പെട്ടെന്ന് ചെയ്യാം എന്നും പറഞ്ഞു. നല്ല കുടുംബസിനിമ എന്ന രീതിയിലാണ് ഇതിന്റെ ഔട്ട്‌ലൈന്‍ മഹേഷ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ കഥയില്‍ മാറ്റം വരുത്തി ഒരു വലിയ സിനിമയാക്കി മാറ്റുകയായിരുന്നു. കേരളത്തിന്റെ വരുമാനം ഗള്‍ഫ്‌നാടുകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ പൈസയാണ്. അതില്‍ നല്ലൊരു ശതമാനം ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവരില്‍ നിന്നാണ്. അങ്ങനെയുള്ള ആളുകളുടെ ജീവിതത്തെ സംബന്ധിക്കുന്ന സംഭവം അവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. അവരുടെ ജീവിതത്തിന്റെ നല്ലകാര്യങ്ങളും കൂടി ഇതില്‍ കാണാന്‍ സാധിക്കുന്നു. ഇതിനു വേണ്ടി മഹേഷ് വളരെയേറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് ആള്‍ക്കാരുമായിട്ട് സംസാരിച്ച് ജോലിയെക്കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍വതിയും, ഫഹദും, ആസിഫും ഈ സിനിമയിലേക്ക് വരാനുള്ള കാരണം ഈ സിനിമയുടെ കഥ തന്നെയാണ്. ഈ സിനിമ ഒരു നല്ല സിനിമയാണെന്നുള്ള ഉത്തമബോധ്യം ഉണ്ടായിരുന്നു.
ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച്?
ഒരു മെയില്‍നഴ്‌സിന്റെ വേഷം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ചെയ്യുന്നത്. സാധാരണ ഒരു നേഴ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ മുഖമാണ് ഓര്‍മ്മ വരിക. എന്നാലിപ്പോള്‍ അതിന് മാറ്റം വന്നു. പാര്‍വതിയും നേഴ്‌സാണ്. എന്റെ ഭാര്യയാണ് പാര്‍വ്വതി ഇതില്‍. ഇവരുടെ ജീവിതത്തിന്റെ പിന്നിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ട് തന്നെ ഇതിന്റെ ട്രെയ്‌ലറും, ടീസറും കാണുമ്പോള്‍ നിരാശപ്പെടുത്താത രീതിയിലുള്ള സിനിമയായിരിക്കും എന്ന വിശ്വാസം ഉണ്ട്. ഗോപീസുന്ദര്‍ ഈ സിനിമ കണ്ടപ്പോള്‍ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്. വര്‍ക്ക് ചെയ്ത സിനിമയില്‍ ഏറ്റവും ലയിച്ച് ചെയ്ത സിനിമയാണ് എന്ന് പറഞ്ഞു. തിയറ്ററില്‍ വരുമ്പോള്‍ അതേ രീതിയില്‍ തന്നെ തൃപ്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
ട്രാഫിക്കില്‍ നിന്നും ടേക്ക് ഓഫിലേക്കുള്ള മാറ്റം?
ട്രാഫിക്കില്‍ ഒരു ഹൃദയം റോഡുമാര്‍ഗം കൊണ്ടുപോകുന്ന കഥയാണെങ്കില്‍ ടേക്ക് ഓഫ് അന്യരാജ്യത്ത് നടക്കുന്ന ഒരു സംഭവമാണ്. ഹൃദയത്തിനുപകരം ആളുകളെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തിലേക്ക് എത്തിക്കുന്നതാണ്. ഇത് ആളുകള്‍ക്ക് അറിയാവുന്ന കാര്യമാണെങ്കിലും ഹൃദയം മാറ്റിവയ്ക്കലിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതലായൊന്നും അറിയില്ലായിരുന്നു. നഴ്‌സുമാരുടെ ജീവിത കഥ ആയതുകൊണ്ട് പെട്ടെന്ന് അതുമായി പൊരുത്തപ്പെടാന്‍ കഴിയും. കാരണം കേരളത്തില്‍ എല്ലാ കുടുംബത്തിലും ഒരാളെങ്കിലും ഏതെങ്കിലും രീതിയില്‍ നഴ്‌സിങ് ഫീല്‍ഡുമായി ബന്ധമുള്ളവരായിരിക്കും.
ചാക്കോച്ചന്‍ എന്ന നടന്റെ കഥപാത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയത് ഇപ്പോഴാണ് എന്ന് തോന്നുന്നുണ്ടോ?
സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങളായില്ലേ, എന്നെക്കൂടി എക്‌സൈറ്റ് ചെയ്യിക്കുന്ന വേഷങ്ങള്‍ ചെയ്യാനാണ് താല്പര്യം. നായകന്‍ മാത്രമേ ആകൂ എന്ന വാശിയൊന്നും എനിക്കില്ല. കുറച്ചു നാളുകളായി സീരിയസ് കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത്. ഇനിയുള്ള സിനിമകളില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളായിരിക്കും ചെയ്യുക. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് നടന്‍ എന്ന നിലയില്‍ എനിക്ക് സംതൃപ്തി ഉണ്ടാകുന്നത്.
മമ്മൂട്ടിയാണ് ഈയൊരു സിനിമയുടെ പേര് സെലക്ട് ചെയ്തതെന്ന് കേട്ടിരുന്നു… ശരിയാണോ?
ഞങ്ങള്‍ ഒരുപാട് പേരുകള്‍ കണ്ടു പിടിച്ചിരുന്നു. പക്ഷേ ഒന്നും മനസിനിഷ്ടപ്പെട്ടിരുന്നില്ല. അപ്പോഴാണ് മമ്മൂക്ക ഈ പേര് പറയുന്നത്. ഇതിന്റെ കഥയുമായി വളരെയേറെ ബന്ധമുള്ള പേരാണ് ടേക്ക് ഓഫ്. മാത്രമല്ല രാജേഷ് പിള്ള എന്ന സംവിധായകന്റെ തിരിച്ചു വരവാണ് ട്രാഫിക്ക്. ട്രാഫിക്കും ടേക്ക് ഓഫും തമ്മില്‍ ലെറ്റേഴ്‌സുകളില്‍ പോലും സാമ്യമുണ്ട്. ഒരു സിനിമയുടെ ട്രെയിലര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും അത് ഷെയര്‍ ചെയ്യുക സ്വഭാവികമാണ്. എന്നാല്‍ ടേക്ക് ഓഫിന്റെ കാര്യത്തില്‍ വളരെ വ്യത്യസ്തത തോന്നി. നമ്മുടെ മുന്‍ മുഖ്യമന്ത്ര ഉമ്മന്‍ചാണ്ടി സാര്‍ പോലും ഇതിന്റെ ്വെടയിലര്‍ ഷെയര്‍ ചെയ്തു. ഇതേക്കുറിച്ച് എന്തു തോന്നുന്നു?
എനിക്ക് തോന്നുന്നത് മലയാള സിനിമയില്‍ ഇതുവരെയും ഒരു സിനിമയുടേയും ട്രെയിലര്‍ ഇത്രയധികം ഷെയര്‍ ചെയ്യുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. മമ്മൂക്ക, ലാലേട്ടന്‍ ഉള്‍പ്പടെ പല നടന്മാരും സംവിധായകരും എല്ലാവരും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അത് രാജേഷ്പിള്ള എന്ന സംവിധായകന്റെ ഓര്‍മ്മയിലാണ്. 2014-ല്‍ ഉമ്മന്‍ചാണ്ടി സാറിന്റെ ഭരണകാലത്ത് നടന്ന സംഭവമാണ് ഇതിലെ കഥ. അതിനാലാണ് അദ്ദേഹം ഇത് ഷെയര്‍ ചെയ്തതെന്ന് തോന്നുന്നു. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.
ധന്യ എന്ന ഫാസില്‍ ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം. അദ്ദേഹത്തിന്റെ തന്നെ അനിയത്തി പ്രാവിലൂടെ നായക നിരയിലേക്ക്. അതിലെ സുധിയേക്കുറിച്ചുള്ള ഓര്‍മ്മകള്‍?
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അനിയത്തി പ്രാവിലെ സുധി. ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ചിന്തിക്കും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന്. അതിന്റെ ക്ലൈമാക്‌സാണ് ശരിക്കും അതിലെ ഹീറോ. അതില്‍ അഭിനയിക്കുമ്പോള്‍ ശരിക്കും അപക്വമായ പെരുമാറ്റവും അഭിനയവും ഒക്കെയായിരുന്നു. അന്ന് അഭിനയിക്കണമെന്ന് താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതില്‍ ഞാന്‍ അഭിനയിച്ചിട്ടിട്ടേയില്ല. അതായിരിക്കും ആ കഥാപാത്രത്തിന്റെ വിജയം. ഒരു പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്രയും നന്നാകുമായിരുന്നില്ല. ഞാനിപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യം ശരിക്കും ആ സിനിമയിലെ നായികമാര്‍ ശ്രീവിദ്യാമ്മയും ലളിതച്ചേച്ചിയുമാണ് എന്നാണ്. അവരുടെ അഭിനയം തന്നെയാണ് അതില്‍ ഹൈലൈറ്റ്.
അനിയത്തിപ്രാവെന്ന സിനിമ മലയാള സിനിമയ്ക്ക് വലിയൊരു ഭാഗ്യ ജോഡികളെയാണ് സമ്മാനിച്ചത്. കുഞ്ചാക്കോ- ശാലിനി. ശാലിനിയുമായുള്ള ഒരു സൗഹൃദം?
എനിക്ക് പണ്ട് മുതലേ ശാലിനിയെ അറിയാം. അവര്‍ ബാലതാരമായി ആദ്യം അഭിനയിച്ചത് എന്റെ അച്ഛന്‍ സംവിധാനം ചെയ്ത ആഴിയെന്ന സിനിമയിലാണ്. അന്നു മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അനിയത്തിപ്രാവില്‍ എത്തിയപ്പോള്‍ ആ സൗഹൃദം കൂടി. ശാലിനിയുടെ അച്ഛന്‍ ബാബുവേട്ടനുമായും നല്ല ബന്ധമായിരുന്നു. ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ ശ്യാമിലി ഉണ്ടായിരുന്നു. അങ്ങനെ കുടുംബ സുഹൃത്തുക്കളായിരുന്നു. ഇതിനിടയിലായിരുന്നു അജിത്തിന്റെയും ശാലിനിയുടേയും പ്രണയം. അതേക്കുറിച്ചും എനിക്കറിയാമായിരുന്നു. എന്നാല്‍ ആളുകളുടെ ധാരണ മറ്റൊന്നായിരുന്നു. ഞാന്‍ ശാലിനിയെ വിവാഹം കഴിക്കും എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. അത് സത്യത്തില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് കൊണ്ടാണ്. ശ്യാമിലിയുടെ കൂടെ അഭിനയിക്കുമ്പോഴും ശാലിനിയുമായി സംസാരിക്കാറുണ്ടായിരുന്നു. മിക്കവാറും ഫംങ്ഷനുകളില്‍ വച്ച് അജിത്തിനെ കാണാറുണ്ട്. ഇപ്പോഴും ശാലിനിയുമായുള്ള സൗഹൃദം തുടര്‍ന്നു പോകുന്നുണ്ട്. ഈ സ്‌നേഹത്തീരത്ത് എന്ന സിനിമയലൂടെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.
പിന്നീട് ഒരുപാട് സിനിമകളില്‍ പല അവാര്‍ഡുകള്‍ സ്വന്തമാക്കിയല്ലോ. അവാര്‍ഡിനെക്കുറിച്ച്?
ഒരു നടനു സന്തോഷം നല്‍കുന്ന ഒന്നാണ് അവാര്‍ഡ് ലഭിക്കുക എന്നത്. ഒരു നടനെന്ന നിലയില്‍ അംഗീകാരം ലഭിക്കുന്നതാണ് അവാര്‍ഡ്. അത്തരം അംഗീകാരങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. അത് അന്ന് വളരെ സന്തോഷിപ്പിച്ചിരുന്നു. ഇന്ന് വളരെ ടാലന്റഡ് ആയിട്ടുള്ള ഒരുപാട് നടീനടന്മാരുണ്ട്. അത് നായകവേഷങ്ങള്‍ ചെയ്യുന്നത് മാത്രമല്ല. ചെറിയ ചില റോളുകള്‍ ചെയ്യുന്നവര്‍ പോലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കാറുണ്ട്. അവരോടൊപ്പം നിന്ന് നമ്മളൊരു അവാര്‍ഡ് വാങ്ങിക്കുക എന്നത് വളരെ വലിയ കാര്യമാണ്. 2006 നു ശേഷം ചാക്കോച്ചന്‍ ബിസിനസ്സും മറ്റുമായി സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. ആ സമയത്ത് ഒരു തിരിച്ചു വരവില്ല എന്നായിരുന്നോ ചിന്തിച്ചിരുന്നത്? ഏറെക്കുറേ അങ്ങനൊക്കെയായിരുന്നു. സിനിമ വേണ്ട എന്തെങ്കിലും ബിസിനസ്സ് ചെയ്യണം, ഒരു ജോലി സമ്പാദിക്കണം, എന്തിന് എംബിഎ പഠിക്കണം എന്നുപോലും ചിന്തിച്ചിരിക്കുന്നു. എംബിഎ പഠിക്കുന്നതിനു വേണ്ടി സ്റ്റഡി മെറ്റീരിയല്‍സ് പോലും വാങ്ങി വച്ചിരുന്നു. അത് പിന്നീട് തൂക്കി വിറ്റു എന്നത് മറ്റൊരു സത്യം. ആ ഒരു ഗ്യാപ്പില്‍ എന്റെ സിനിമ ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്തത് കണ്ട് പല ആളുകളും വിളിച്ച് പുതിയ സിനിമ ഏതാണ്? എന്താ അഭിനയിക്കാത്തത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അതു കേട്ടപ്പോഴാണ് ആളുകള്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും നമ്മുടെ കഥാപാത്രങ്ങള്‍ അവര്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്നും മനസ്സിലാക്കിയത്. ആ തിരിച്ചറിവാണ് വീണ്ടും എന്നെ അഭിനയത്തിലേക്ക് എത്തിച്ചത്. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെ ഞാനിവിടെ ഇരിക്കില്ലായിരുന്നു.
പ്രതീക്ഷിച്ച പല സിനിമകളും പരാജയപെട്ടപ്പോള്‍ താങ്ങായി നിന്ന സൗഹൃദങ്ങള്‍?
സിനിമകള്‍ പരാജയപെടുന്ന അവസരങ്ങളില്‍ മറ്റ് എല്ലാവരേയും പോലെ എനിക്കും ഒരുപാട് സങ്കടമുണ്ടായിരുന്നു. ആ സമയത്ത് എന്നെ ഏറെ സമാധാനിപ്പിച്ച ആളുകളാണ് ഷാഫി, ലാലു(ലാല്‍ ജോസ്), ബെന്നി ചേട്ടന്‍(ബെന്നി. പി. നായരമ്പലം) ഇവരെല്ലാം. വീണ്ടും സിനിമയിലേക്ക് വരണം, വ്യത്യസ്തതകള്‍ക്ക് വിധേയനാകണം, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നതില്‍ പ്രധാനി ലാലുവാണ്. എന്റെ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും എന്തിന് രൂപത്തില്‍ പോലും മാറ്റങ്ങളുള്ള കഥാപാത്രം നല്‍കിയത് ലാലുവാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളപ്പുലിയും ആട്ടിന്‍കുട്ടയുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ചാക്കോച്ചന്റെ രണ്ടാം വരവ് എന്നു പറയുമ്പോള്‍ അതില്‍ ബിജുമേനോനുള്ള പങ്ക് വളരെ വലുതാണ്. ബിജുമേനോന്‍- ചാക്കോച്ചന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. ഇതിനെക്കുറിച്ച്‌ എന്താണ് പറയാന്‍ ഉള്ളത്?
സ്‌ക്രീനിനു വെളിയില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് അതാണ് അതിന്റെ ഏറ്റവും വലിയ കാര്യം. വെള്ളിത്തിരയ്ക്കു പിന്നിലുള്ള ഞങ്ങളുടെ സൗഹൃദം സ്‌ക്രീനില്‍ പകര്‍ത്തുമ്പോള്‍ ഞങ്ങള്‍ക്ക് അഭിനയിക്കേണ്ടി വരുന്നില്ല. ബിജുവും ഞാനും ഒട്ടും സെല്‍ഫിഷല്ല. ഒരു സീന്‍ മികച്ചതാക്കാന്‍ എന്ത് കോംപ്രമൈസിനും ഞങ്ങള്‍ തയ്യാറാണ്. ഒരു ഗിവണ്‍ ടേക്കണ്‍ പോളിസി ആണ്. അതൊക്കെ ആയിരിക്കാം ഞങ്ങളുടെ സിനിമയുടെ വിജയം.
ഒരുപാട് പുതുമുഖ നായികമാര്‍ക്കൊപ്പം അഭിനയിച്ച നടനാണ് ചാക്കോച്ചന്‍. താങ്കളെ അത്ഭുതപ്പെടുത്തിയ നടി?
അങ്ങനെ ഒരു നടിയുടെ പേരു പറയാന്‍ പറ്റില്ല. പല നടിമാരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അസിന്‍ ആദ്യ സിനിമ എന്റെയൊപ്പമാണ് ചെയ്തത്. അതുംപാലെ സ്‌നേഹ. അവരൊക്കെ ഇപ്പോള്‍ തമിഴിലെ മികച്ച നടിമാരാണ്. അതില്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് പാര്‍വ്വതി രതീഷ്. പഴയ നടന്‍ രതീഷിന്റെ മകള്‍. മധുരനാരങ്ങ എന്ന സിനിമയില്‍ എന്റെ നായികയായിരുന്നു പാര്‍വ്വതി. അതില്‍ വളരെ വ്യത്യസ്തമായ വേഷമാണ് അവര്‍ ചെയ്യുന്നത്. ഒരു പ്രസവ സീന്‍ അതിലുണ്ട്. അത് എത്ര റിയലിസ്റ്റിക്കായാണ് അവര്‍ ചെയ്തത്. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുള്ള കുട്ടിയാണ് പാര്‍വ്വതി. പക്ഷേ അവള്‍ക്ക് കിട്ടിയ കഥാപാത്രം ഇത്രയും പക്വമായി കൈകാര്യം ചെയ്തപ്പോള്‍ അത്ഭുതം തോന്നി.
വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയയുടെ ബാനറില്‍ വന്ന സിനിമയാണ് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്നത്. അതില്‍ പ്രധാന വേഷം ചെയ്തത് ചാക്കോച്ചന്റെ സുഹൃത്ത് കൂടിയായ സുധീഷിന്റെ മകന്‍ രുദ്രാഷായിരുന്നു. ആ സിനിമയെക്കുറിച്ച്?
ആദ്യം സിദ്ധാര്‍ത്ഥും സുധീഷും കൂടി വന്ന് ഒരു സിനിമയുണ്ട് ഒരു ചെറിയ വേഷമാണ്. ഒന്നു ചെയ്തു തരുമോ എന്ന് ചോദിച്ചു. കഥ കേട്ടതിനു ശേഷമാണ് അതിന്റെ പ്രൊഡക്ഷന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഒരു പോസിറ്റീവ് മെസേജ് നല്‍കുന്ന ഒരു സിനിമയായിരുന്നു. ഉദയ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തിരിച്ചു വരവ് നടത്തുമ്പോള്‍ അതൊരു നല്ല സിനിമയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ ഒരു നിര്‍മ്മാതാവെന്ന നിലയ്ക്ക് എന്റെ കൈ പൊള്ളാന്‍ പാടില്ലല്ലോ? രണ്ടാം വരവിലെ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ചതാണ്. എങ്കിലും സീനിയേഴ്‌സിലെ റെക്‌സണ്‍ എന്ന കഥാപാത്രം മറക്കാനാവില്ല? സീനിയേഴ്‌സ് ശരിക്കും എന്റെ സീനിയേഴ്‌സിനൊപ്പമായിരുന്നു. ജയറാമേട്ടന്‍, മനോജേട്ടന്‍, ബിജു എല്ലാവരും എന്നേക്കാളും സീനിയേഴ്‌സാണ്. അപ്പോള്‍ അവര്‍ക്കൊപ്പം ഞാന്‍ വരണം. അത് വലിയൊരു ചലഞ്ചായിരുന്നു. പ്രത്യേകിച്ച് റെക്‌സണ്‍ എന്ന കഥാപാത്രവും ഒരു കോംപ്ലിക്കേറ്റഡ് ആയിട്ടുള്ളതായിരുന്നു. ആ ഒരു ഗ്യാങ്ങുമായി പെട്ടെന്ന് കൂട്ടായി. അതില്‍ അവസാനം വരെയും എന്റെ കഥാപാത്രമാണ് വില്ലന്‍ എന്ന് ആര്‍ക്കും മനസിലാകില്ല. അതൊരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ജമ്‌നപ്യാരി എന്ന സിനിമയിലൂടെ ആദ്യമായി തൃശൂര്‍ ഭാഷയും പരീക്ഷിച്ചു? ശരിക്കും എന്റെ അമ്മയുടെ വീട് ചാലക്കുടിയാണ്. അപ്പോള്‍ അവിടുത്തെ കസിന്‍സും മറ്റും തൃശൂര്‍ ഭാഷയാണ് സംസാരിക്കുന്നത്. ചിലപ്പോള്‍ അവര്‍ സ്പീഡില്‍ സംസാരിക്കുമ്പോഴൊക്കെ നമുക്കൊന്നും മനസ്സിലാവില്ലായിരുന്നു. പക്ഷേ ചെറുപ്പം മുതല്‍ ഇവരുടെ സംസാരം കേട്ട് ഞാന്‍ ഏറെക്കുറെ അവരുടെ ഭാഷ പഠിച്ചിരുന്നു. അത് ജമ്‌നപ്യാരിയെന്ന സിനിമയ്ക്ക് വളരെ ഉപകാരമായി. ഇന്നും പല സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ വാസൂട്ടന്‍ വരുന്നു എന്നും പറഞ്ഞ് ഓടി വരുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.
അച്ഛനും മുത്തച്ഛനുമെല്ലാം സിനിമയില്‍ സജീവമായിരുന്നവര്‍. അവരെക്കുറിച്ചുള്ള ഓര്‍മകള്‍?
മുത്തച്ഛനെക്കുറിച്ച് പറയത്തക്ക ഓര്‍മ്മകളൊന്നും തന്നെയില്ല. കാരണം ഞാന്‍ ജനിച്ച വര്‍ഷമാണ് അദ്ദേഹം മരിക്കുന്നത്. മലയാള സിനിമയെ തമിഴില്‍ നിന്നും കൊണ്ടു വന്ന് മലയാളത്തിന്റെ സ്വന്തമാക്കിയ വ്യക്തിയാണ് മുത്തച്ഛന്‍. മലയാളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ പോലെ ഒരുപാട് പുതിയ സംരംഭങ്ങള്‍ മലയാളത്തിന് സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ ജീവിത നൗക, ഃദ്യത്തെ മുസ്ലീം സിനിമയായ ഉമ്മ, ആദ്യത്തെ വടക്കന്‍ പാട്ട്, ഏറ്റവുമധികം വടക്കന്‍ പാട്ടുകള്‍ തുടങ്ങിയവതെല്ലാം മുത്തച്ഛന്റെ സംഭാവനകളാണ്. എന്റെ അച്ഛനെ വാക്കിംഗ് എന്‍സൈക്ലോപീഡിയ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. സൂര്യനു താഴെയുള്ള എന്തു കാര്യത്തെക്കുറിച്ച് വേണമെങ്കിലും സംശയം ചോദിക്കാം. അദ്ദേഹം പറഞ്ഞു തരും. ഇങ്ങനെ രണ്ടു വ്യക്തികളുടെ പിന്‍തലമുറക്കാരനായി ജനിച്ചത് വളരെ ഭാഗ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here