പുരുഷന്റെ കാല്‍ച്ചുവട്ടിലാണ് ഉത്തമ സ്ത്രീയുടെ ജീവിതം എന്ന് ചിന്തിച്ചിരുന്നു : കമലാ ഗോവിന്ദുമായി അഭിമുഖം

സാധാരണക്കാരില്‍ സാധാരണക്കാരിയായ എഴുത്തുകാരി. തികഞ്ഞ ലാളിത്യവും നിഷ്ക്കളങ്ക പുഞ്ചിരിയും ഏറെ യോജിക്കുന്ന സാഹിത്യകാരി. ഞാനെന്ന ഭാവമോ തലക്കനമോ കാണാന്‍ ഇല്ല. സഹോദരിയെപോലെ അമ്മയെപ്പോലെ ഒരു പാവം…എന്നാല്‍ ഇമ്മിണി ബെല്ല്യ എഴുത്തുകാരി മലയാളികളുടെ സ്വന്തം കമലാ ഗോവിന്ദ്

പ്രശസ്ത എഴുത്തുകാരിയും നോവലിസ്റ്റുമായ 
കമലാ ഗോവിന്ദുമായി ലീമാ കുര്യന്‍ നടത്തിയ അഭിമുഖം

 

കോട്ടയത്തിന്റെ സൗന്ദര്യം അതേപടി ഒപ്പിയെടുത്തൊരു വീട്. പിങ്കും നീലയും നിറങ്ങള്‍ അതിനെ കൂടുതല്‍ മനോഹരമാക്കുന്നു.അതിന്റെ പൂമുഖത്തേയ്ക്കു സൂര്യനെ വെല്ലുന്ന പുഞ്ചിരിയുമായി കടന്നു വന്നു… നമ്മുടെ സ്വന്തം കമല ചേച്ചി. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യ നോവലുമായി എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നു വന്ന കാലത്തെ അതെ പ്രസരിപ്പും ചുറുചുറുക്കും ഇപ്പോഴും ഉണ്ടെന്നു തോന്നിപോകും. കുളികഴിഞ്ഞ് ഈറന്‍ മാറാന്‍ തോര്‍ത്തുമുണ്ട് തലയില്‍ ചുറ്റിയിട്ടുണ്ട്. നെറ്റിയില്‍ വലിയ സിന്ദൂര പൊട്ട്, വശ്യമായ ചിരി. വിജയ ലഹരികള്‍ക്ക് കീഴ്പ്പെടുത്താന്‍ കഴിയാത്ത ആത്മസംയമനം. ക്ഷമ, ലാളിത്യം ഇവയെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു സാധാരണ കുടുംബിനി. എഴുത്തിന്റെ ലോകത്തെ വമ്പത്തി…എഴുത്തെന്ന അത്ഭുതം രൂപപ്പെട്ട ഭൂത കാലത്തേയ്ക്ക് ഒരു യാത്ര…

കുട്ടിക്കാലത്ത് ഒരിക്കലും വിചാരിച്ചിരുന്നില്ല എഴുത്തുകാരി ആകുമെന്ന്. അങ്ങനെ ഒരു പാരമ്പര്യം കുടുംബത്തില്‍ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. 1965 മുതലുള്ള കാലഘട്ടം വായനയുടെതായിരുന്നു. തരംതിരിവില്ലാതെ,കയ്യില്‍ കിട്ടിയിരുന്നതെല്ലാം വായിച്ചിരുന്നു. നീണ്ട പത്തു വര്‍ഷം നിരന്തരം വായനയായിരുന്നു. വായന ആയിരിക്കാം എന്നെ എഴുത്തിന്‍റെ ലോകത്തേയ്ക്ക് നയിച്ചത്. ആദ്യ നോവല്‍ ‘തിര’ മംഗളം വാരികയിലൂടെ വായനക്കാരിലേക്ക് എത്തിയപ്പോള്‍,ആദ്യ നോവല്‍ തന്നെ സിനിമയായതിന്റെ ഇരട്ടി സന്തോഷവും അന്ന് ലഭിച്ചിരുന്നു. പിന്നീടു ഇങ്ങോട്ട് നിരവധി നോവലുകള്‍,ടെലിഫിലിം, സിനിമകള്‍ ഇവയൊക്കെയും ഒഴുക്കിനനുസരിച്ച് അങ്ങനെ സംഭവിച്ചു എന്നെ എനിക്ക് പറയാനാവുന്നുള്ളൂ. എല്ലാം ഈശ്വരന്റെ അനുഗ്രഹം.

♥ എഴുത്തുകള്‍ അത്രയും യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാണോ പറയുന്നത്?. കമല എന്ന വ്യക്തിക്ക് അതില്‍ യാതൊരു പങ്കുമില്ലേ?

സംഭവിച്ചു പോയതാണ് എന്നത് യാഥാര്‍ത്ഥ്യം. അങ്ങനെയൊരു സംഭവത്തിന്‌ കാരണമായി തീര്‍ന്നത് വായനാശീലം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു. വായനയ്ക്ക് ഇതുവരെ അതിര്‍വരമ്പുകള്‍ നല്‍കിയിട്ടില്ല. എന്നെ ഞാന്‍ ആക്കിയത് വായനയാണ്. ചെറുപ്പത്തില്‍ ലഭ്യമായിരുന്ന എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീര്‍,മാധവിക്കുട്ടി,എം ടി വാസുദേവന്‍ നായര്‍, കെ സുരേന്ദ്രന്‍ ഇവരെല്ലാം എന്റെ ഇഷ്ട്ട എഴുതുകാരായിരുന്നു. വായനയ്ക്ക്പ്പം തന്നെ സരസ്വതീ ദേവിയുടെ തികഞ്ഞ ഭക്തയായിരുന്നു കുട്ടിക്കാലത്ത്.ദേവിയുടെ കടാക്ഷമായിരിക്കാം ഞാനിന്നു ഇങ്ങനെ ഒരു എഴുത്തുകാരിയായി അറിയപ്പെടുന്നതിനു പിന്നില്‍.

♥ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടിയിട്ടുള്ളവരാണോ നോവലില്‍ കഥാപാത്രങ്ങളായി എത്തുന്നത്‌?

ചിലപ്പോളൊക്കെ അങ്ങനെ ആയിരിക്കും. ദിനംപ്രതി നമ്മള്‍ എത്രയോ ആള്‍ക്കാരെ കാണുന്നു പരിചയപ്പെടുന്നു. എത്രയെത്ര മുഖങ്ങള്‍,അനുഭവങ്ങള്‍. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അനുഭവങ്ങളും സാഹചര്യങ്ങളും എല്ലാം വ്യത്യാസപ്പെട്ടിരിക്കും. ചിലരെങ്കിലും നമ്മള്‍ പോലും അറിയാതെ മനസ്സിന്റെ അകത്തളങ്ങളില്‍ കൂട് കൂട്ടിയിട്ടുണ്ടാകും. അവരായിരിക്കും ചില കഥാപാത്രങ്ങള്‍. എന്നാല്‍ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല, ചിലത് ഭാവനയായിരിക്കും.

♥ വ്യത്യസ്തരായ കഥാപാത്രങ്ങള്‍, രൂപവും ഭാവവും എല്ലാം മാറും. എങ്ങനെയാണ് പുതുമയുള്ള പുതിയ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ സാധിക്കുന്നത്?

കഥയില്‍ ചോദ്യം ഇല്ലെന്നാണല്ലോ. കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പിക മാകുമ്പോള്‍, അവയ്ക്ക് നമ്മുടെ ഭാവനയ്ക്കനുസരിച്ച് രൂപവും ഭാവവും നല്‍കാന്‍ സാധിക്കുന്നു.

♥ എഴുത്തുകാരിയാണെന്ന് സ്വയം തിരിച്ചറിഞ്ഞ സന്ദര്‍ഭം?

ഒരു പക്ഷെ ,ആ സന്ദര്‍ഭം ആദ്യ നോവലായ ‘തിരകള്‍’ വെളിച്ചം കണ്ട സമയമായിരിക്കും. എഴുതിക്കൂട്ടിയിരുന്നു ഒരുപാട്. എന്നാല്‍ അവയെല്ലാം എത്രത്തോളം മികച്ചതാണെന്ന്  അല്ലെങ്കില്‍ മോശമാണ് എന്നൊന്നും വിലയിരുത്തപ്പെട്ടിരുന്നില്ല. തിരകള്‍ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് എന്റെ എഴുത്ത് വായനക്കാര്‍ അംഗീകരിക്കുന്നു എന്ന് ബോധ്യമായത്. ആ ഒരു അംഗീകാരമാണ് എന്നിലെ എഴുത്തുകാരിയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നത്.

♥ നോവലില്‍ പലതരത്തിലുള്ള അമ്മ വേഷങ്ങള്‍ എഴുതി.ജീവിതത്തില്‍ എങ്ങനെ യുള്ള അമ്മയാണ്?

ഞാനൊരിക്കലും കര്‍ക്കശക്കാരിയായ,മസ്സിലുപിടുത്തമുള്ള ഒരമ്മയല്ല. മക്കളെ കരുതുന്ന സാധാരണ അമ്മയാണ്. മക്കള്‍ക്കെല്ലാം പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു തന്നെയാണ് വളര്‍ത്തിയത്‌. അത് ചെയ്യരുത്,ഇത് ചെയ്യരുത് എന്നൊന്നും വിലക്കാറില്ല. ശരി തെറ്റുകള്‍ തിരിച്ചറിയാനുള്ള പ്രായവും പക്വതയും അവര്‍ക്കായിട്ടുണ്ട്. മക്കളുടെ കാര്യത്തില്‍ ആണെങ്കില്‍ പോലും അനാവശ്യമായ ഒരു കൈകടത്തല്‍ എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാറില്ല. നല്ലത് ചൊല്ലി കൊടുത്ത്, നന്മയില്‍ വളര്‍ത്തി എന്നേ പറയാന്‍ കഴിയു.

♥ ദാമ്പത്യ പ്രശ്നങ്ങള്‍ ഇന്ന് സ്ഥിരക്കാഴ്ചയാണ്. വിവാഹ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എങ്ങനെ?

വിവാഹം എന്നതിന്റെ പവിത്രത എവിടെയോ നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു എന്ന് വേണം കരുതാന്‍. രണ്ടു ശരീരങ്ങള്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നതിലുപരി രണ്ടു മനസ്സുകള്‍ തമ്മിലുള്ള കൂടിചേരലാണ് വിവാഹം. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അങ്ങനെയുള്ള ഒരു ഒന്നാകല്‍ ഇല്ലാതെ പോകുന്നതാണ് ഇന്ന് പല ബന്ധങ്ങളും രണ്ടായി വഴി പിരിയുന്നതിനു കാരണം. ഇതിനു മറുവശം കൂടിയുണ്ട്. പഴയ കാലത്തെ സ്ത്രീകള്‍ കൂടുതല്‍ ക്ഷമിച്ചിരുന്നു, സഹിച്ചിരുന്നു. പുരുഷന്റെ കാല്‍ച്ചുവട്ടിലാണ് ഉത്തമ സ്ത്രീയുടെ ജീവിതം എന്ന് ചിന്തിച്ചിരുന്നു. 

കമലാ ഗോവിന്ദിനൊപ്പം ലീമാ കുര്യന്‍

ഇന്നത്തെ സ്ത്രീകള്‍ മാറിയിട്ടുണ്ട്. അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാം എന്ന ആത്മവിശ്വാസം ഉണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളും ഇന്ന് പ്രതികരിക്കുന്നു. ഈ പ്രതികരണവും ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ട്ടിക്കാറുണ്ട്. ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന് പങ്കാളികള്‍ തീരുമാനിച്ചാല്‍ പിന്നെ അവരെ ഒന്നിച്ചു കൊണ്ട് പോകാന്‍ കഴിയില്ല.പിരിയുന്നതാണ് നല്ലത്.

♥ പ്രണയ നിര്‍ഭരമായ മനസ്സിന് ഉടമയാണെന്നു തോന്നുന്നല്ലോ… പ്രണയിച്ചിട്ടുണ്ടോ?

കൗമാര പ്രണയമൊന്നും എനിക്കുണ്ടായിട്ടില്ല. വേറൊന്നും കൊണ്ടല്ല. അന്ന് അതിനൊന്നും സമയമില്ലായിരുന്നു എന്നതാണ് സത്യം. ഇത്തിരി സമയം എവിടുന്നേലും വീണു കിട്ടിയാല്‍ വായനയുടെ ലോകത്തായിരിക്കും. വേണമെങ്കില്‍ എന്റെ പ്രണയം പുസ്തകങ്ങളോടാണെന്ന് പറയാം. ഞാന്‍ സദാ ഓര്‍ക്കുകയും കൂടെയിരിക്കാന്‍ ആഗ്രഹിക്കുകയും ഒക്കെ ചെയ്യുന്നത് പുസ്തകങ്ങളെയാണ്. അതുപോലെ പൂക്കളും പുഴകളും നിറഞ്ഞ പ്രകൃതിയെ ഞാന്‍ പ്രണയിക്കുന്നു. പ്രണയം മനസ്സില്‍ സൂക്ഷിക്കാന്‍ നമുക്ക് കഴിയണം. പ്രണയാതുരമായ മനസ്സിന് ഒരിക്കലും ജരാനരകള്‍ ബാധിക്കില്ല. ഒരു എഴുത്തു കാരിയെ സംബന്ധിച്ചിടത്തോളം മനസ്സ് എപ്പോഴും ചെറുപ്പമായിരിക്കണം. അതുകൊണ്ട് തന്നെ ചെറുപ്പത്തിന്റെ പ്രിയപ്പെട്ട പ്രണയം മനസ്സിലിട്ടു താലോലിക്കണം.

♥ പ്രണയിചിട്ടില്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് പ്രണയത്തെക്കുറിച്ച് എഴുതാന്‍ സാധിക്കുന്നത്?

ക്രൈം നോവലുകള്‍ എഴുതുന്നവര്‍ എല്ലാം കൊലപാതകം ചെയ്തവരാണോ? അതുപോലെ തന്നെയാണ് ഇതും. മനസ്സില്‍ പ്രണയമുണ്ട്, അതിനെ ഭാവനയില്‍ വിടര്‍ത്തി കാച്ചിക്കുറുക്കി നിറങ്ങള്‍ നല്‍കി അവതരിപ്പിക്കും.

♥ പ്രണയത്തിനു അന്നും ഇന്നും എന്തെങ്കിലും ഭാവവത്യാസങ്ങളുണ്ടോ?

ഒരിക്കലും ഇല്ല. പ്രണയം എന്നും ഒന്നാണ്. പ്രണയത്തിനു എന്നും ഒരേ കൊരിതരിപ്പാണ്. മാറ്റം വന്നിരിക്കുന്നത് പ്രണയം പറയുന്ന,കൈമാറുന്ന വഴികള്‍ക്കാണ്. പോയ കാലങ്ങളില്‍ എത്രയോ കാമുകന്മാര്‍ തന്‍റെ കാമുകിയ്ക്ക്‌ നല്‍കാനായി പ്രണയ ലേഖനങ്ങളുമായി കാത്തു നിന്നിട്ടുണ്ടാകും. ഇന്ന് കാത്തു നില്‍പ്പിന്റെ ആവശ്യമില്ലെന്നു മാത്രം.ലോകം വിരല്‍ തുമ്പിലേക്ക്‌ ഒതുങ്ങി യപ്പോള്‍ പ്രണയത്തിനും ആ വഴി സ്വീകരിക്കേണ്ടി വന്നു എന്ന് മാത്രം.

♥ എളിയ നിലയില്‍ തുടക്കം, ഉയര്‍ച്ച. ജീവിതത്തെക്കുറിച്ച് എന്ത് തോന്നുന്നു?

ഓരോ പിറവിയ്ക്ക് പിന്നിലും വ്യത്യസ്തമായ നിയോഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അതിലേക്കു എത്തിച്ചേരുകയാണ് നമ്മള്‍ ചെയ്യുന്നത്.സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത തലത്തിലാണ് ഇന്ന് ഞാന്‍ എത്തി നില്‍ക്കുന്നത്. ഓരോ വ്യക്തിക്കും എന്തെങ്കിലും ഒക്കെ കഴിവുകള്‍ നല്‍കിയാകും ഈശ്വരന്‍ ഭൂമിയിലേക്ക്‌ പറഞ്ഞു വിട്ടിരിക്കുന്നത്. അത് കണ്ടെത്തി വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിയണം.എങ്കില്‍ മാത്രമേ ജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ, പൂര്‍ണ്ണത കൈവരൂ.

♥ അന്തര്‍മുഖമായ സ്വകാര്യ വികാരങ്ങളുടെ തടവുകാരിയായ സ്ത്രീക്ക് യോജിച്ചതാണോ ഈ മേഖല?

തീര്‍ച്ചയായും യോജിച്ചതാണെന്ന് പറയാം. അന്തര്‍മുഖമായ സ്വകാര്യ വിവര ങ്ങളുടെ തടവുകാരിയായ ഒരു സ്ത്രീക്ക്, അവളുടെ മനസ്സില്‍ പല രൂപ, ഭാവ ഭേദങ്ങള്‍ നിറഞ്ഞാടുന്നുണ്ടാകും. അതെല്ലാം ഉള്ളില്‍ ഒതുക്കി കഴിഞ്ഞാല്‍ അവളൊരു ഭ്രാന്തിയായി മാറിയെന്നു വരാം. നേരെമറിച്ച് അവള്‍ക്കറിയാവുന്ന എഴുത്തെന്ന വഴിയിലൂടെ അവളതു മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയാണ്. ആ പങ്കുവെയ്ക്കലുകളാണ് പുതിയ നോവലുകള്‍ക്ക് വഴി തെളിക്കുന്നത്.

♥ പൊതുവേ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും മുഖംമൂടി ഉള്ളതായി പറയപ്പെടുന്നു. കമലാ ഗോവിന്ദ് എങ്ങനെയുള്ള ആളാണ്?

മുഖംമൂടിയുടെ ആവശ്യം ചിലര്‍ക്കുണ്ടായിരിക്കാം. എന്നെ സംബന്ധിച്ചടത്തോളം മുഖംമൂടിയുടെ ആവരണം വേണമെന്ന് തോന്നുന്നില്ല. ഭര്‍ത്താവും കുട്ടികളുമായി കഴിയുന്ന ഒരു സാധാരണ  കുടുംബിനിയാണ് ഞാന്‍. എല്ലാ സ്ത്രീകളെയും പോലെ പ്രഭാതത്തില്‍ ഉണര്‍ന്ന് ഈശ്വരനെ ധ്യാനിച്ച്‌ ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടതെല്ലാം ഒരുക്കുന്ന സ്ത്രീ. ഇതിനിടയില്‍ ലഭിക്കുന്ന സമയത്ത് എന്തെങ്കിലും ഒക്കെ എഴുതുന്നു.എന്നിലെ എഴുത്തുകാരിയെ ഭര്‍ത്താവും കുട്ടികളും അംഗീകരിക്കുന്നു. അതിനാല്‍ തന്നെ എഴുത്തിനുള്ള സാഹചര്യം അവര്‍ നല്‍കുന്നു. ഇതിനിടയില്‍ എനിക്ക് മറ്റൊരു ലോകം ഇല്ല.മുഖമൂടിയുടെ ആവശ്യമേ ഇല്ലെന്നു അര്‍ത്ഥം.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here