ഫ്ലാറ്റുകൾ, വില്ലകൾ വാങ്ങുവാൻ ഉദ്ദേശിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും വരുന്ന ഒരു സംശയമാണ് ഇത്
സ്മിത : “ഹരിയേട്ടാ.. മ്മടെ സിറ്റിയിലെ വീടിന്റെ കാര്യം.
എന്തായീ ..?”
ഹരി : “ങും ആകെ ഒരു ശങ്കയാണ് ന്റെ പെണ്ണേ, പണിതു തീർത്ത വീടു വാങ്ങണോ.. അതോ..പുതുതായി തുടങ്ങുന്ന പ്രൊജക്റ്റിൽ പണം മുൻകൂറായി അടച്ചു ബുക്ക് ചെയ്യണോ എന്ന് “.
സ്മിത : “ശോ” സ്വന്തമായൊരു വീട് എന്നത് എക്കാലവും എന്റെ ഒരു സ്വപ്നമാണ്, ന്റെ കിഴക്കഞ്ചേരി കാവിലമ്മേ.. കാത്തോളണേ..”.
ഹരി : “ഞാനെന്തായാലും മ്മടെ റെയിൽവേയിൽ ജോലിയുള്ള ഇസ്മെയിലിക്കയുടെ വീട് വരെ പോയേച്ചും വരാം.
സ്മിത : “ദേ മനുഷ്യ നിങ്ങൾ ഒരു അവധി ദിവസം വന്നാൽ അവനവന്റെ കാര്യങ്ങൾ നോക്കി വീട്ടിലിരി.. സൗഹൃദം മൊക്കെ പിന്നെ പുതുക്കാം .. “.
ഹരി: ” എടോ .. താനെന്തിനാ കാര്യമറിയാതെ കലപില പറയുന്നേ ഇസ്മെയില്ലിക്കാടെ മകൻ സാജിത് .. അവൻ മിടുക്കനാ.. CA ഒക്കെ കഴിഞ്ഞ് സ്വന്തമായി ബിസ്നസ് നടത്തുവ.മോനോട് ഒന്ന് അഭിപ്രായം ചോദിച്ചിട്ടു വരാം… റിയൽ എസ്റ്റേറ്റ് ബിസ്നസ്നെക്കുറിച്ച് ഓന് നല്ല ധാരണയാണ്ന്നാ എല്ലാരും പറയണേ”.
അങ്ങനെ ഹരി ഇസ്മെയിൽ ഇക്കാടെ വീട്ടിലെത്തി. സാജിത്ത് വീടിന്റെ ഉമ്മറത്തു തന്നെ ഇണ്ടായിരുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഹരി പതുക്കെ വിഷയത്തിലേക്ക് കടന്നു… തന്റെ മനസ്സിലെ ശങ്ക പങ്കുവെച്ചു. കാര്യങ്ങളൊക്കെ കേട്ടു സാജിത് രണ്ടു രീതിയുടെയും ഗുണദോഷ ഫലങ്ങൾ ഹരിക്ക് വിവരിച്ചു കൊടുത്തു.
സാജിത്ത് : “ഹരി അങ്കിളെ ഫ്ലാറ്റുകൾ, വില്ലകൾ വാങ്ങുവാൻ ഉദ്ദേശിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും വരുന്ന ഒരു സംശയം തന്നെയാണ് അങ്കിളിനും വന്നിരിക്കുന്നത്..
പുതിയ പ്രൊജക്റ്റിൽ നിക്ഷേപിക്കണമോ..അതോ പണി പൂർത്തീകരിച്ച ഫ്ലാറ്റിൽ പണം നിക്ഷേപിക്കണമോ എന്നത്..തുടക്കം മുതൽ തന്നെ മിക്കവരും തിരഞ്ഞെടുത്തത് പുതിയ പ്രെജക്റ്റുകളായിരുന്നു. അങ്കിളെ അതിന്റെ ഗുട്ടൻസ് ഇങ്ങൾക്കു ആദ്യം പറഞ്ഞു തരാം. പുതുതായി വരാനിരിക്കുന്ന പ്രൊജക്റ്റായതു കൊണ്ടു കുറഞ്ഞ നിരക്കിലുള്ള തുക മുൻകൂറായി (Advance) കൊടുത്ത ഫ്ലാറ്റ്/ വില്ല സ്വന്തമാക്കാം.നിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിൽ ആയതു കൊണ്ടു തന്നെ ഉപഭോക്താവിന് അവശ്യാനുശ്രതമായ ചെറിയ മാറ്റങ്ങൾ ഉൾകൊള്ളിച്ച് ഫ്ലാറ്റ്/ വില്ല നിർമ്മിക്കുവാൻ സാധിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ഇണ്ടെങ്കിലും അങ്കിളെ പുതിയ പൊജക്റ്റുകളിൽ നിക്ഷേപിക്കുമ്പോൾ ഉള്ള റിസ്ക്കൂടെ പറയാട്ടോ.. യുണിടെക്ക് പോലുള്ള റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ 3 വർഷത്തിലേറെ വൈകിയാണ് കെട്ടിടങ്ങൾ ഉപഭോക്താക്കൾക്കു കൈമാറുന്നത്. ഇത്തരം സംഭവങ്ങളിൽ കേസ് കോടതി എന്നിവയയായും മുൻപോട്ടു പോവേണ്ട സ്ഥിതിഗതികളും ഈ അടുത്ത കാലത്ത് വന്നിട്ടുണ്ട്.
ഫ്ലാറ്റ് വാങ്ങുവാൻ വായ്പഎടുക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രതിമാസ വായ്പ പലിശ മുടങ്ങാതെ അടക്കേണ്ടി വരുകയും, അതിന്റെ പലിശ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കിഴിവായി എടുക്കുവാൻ സാധിക്കാതെയും വരുന്നു -(കെട്ടിട നിർമ്മാണത്തിനു ശേഷമേ കിഴിവ് ലഭിക്കുകയുള്ളു) മാത്രവുമല്ല മുൻകൂർ അടച്ച (Advance payment) തുകയുടെ പലിശയും ഈ കെട്ടിടം വാങ്ങിക്കുന്ന ആളിന്ഷ്ടമാവുകയും ചെയ്യും
ഇത് കൂടാതെ കെട്ടിട നിർമാണത്തിന്റെ ഗുണമേൻമയിൽ ഉള്ള വീഴ്ച്ചകൾ, അതുവഴി ഗുണമേന്മ കുറഞ്ഞ കെട്ടിടത്തിന് അധിക തുക നൽകേണ്ടി വന്നെന്നും വരാം.
പക്ഷെ അങ്കിളെ ഇതുണ്ടല്ലോ..നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഫ്ലാറ്റ് / വില്ല യാണെങ്കിൽ ഗുണമേന്മ നേരിട്ടു കണ്ടു ബോദ്ധ്യമായാൽ മാത്രം മ്മക്ക് വാങ്ങിയാ മതീ, വായ്പയുടെ പലിശ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ നികുതി സേവിങ്സുമായി ഉപയോഗിക്കാം എന്നു മാത്രമല്ല വീട് എന്ന സ്വപ്നം കാത്തിരിപ്പിന്റെ ഇടങ്കേടില്ലാതെ സ്വന്തമാക്കാം.
ഇപ്പോൾ കണ്ടു വരുന്ന ട്രെൻഡ് അനുസരിച്ച് ഒട്ടുമിക്ക നഗരങ്ങളിലും നിർമ്മാണം പൂർത്തീകരിച്ച കെട്ടിടങ്ങൾ വാങ്ങിക്കാൻ ആൾക്കാരെ കാത്തിരിപ്പാണ്.. ഇതിന്റെ ഉടമകൾക്കാണെങ്കിൽ തങ്ങളുടെ ഫണ്ട് ഇങ്ങനുള്ള കെട്ടിടത്തിൽ ബ്ലോക്കായി കിടക്കുകയും ചെയ്യുന്നു, അതു കൊണ്ടു തന്നെ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കെട്ടിടങ്ങൾക്കാണ് സാധാരണക്കാർ മുൻഗണന കൊടുത്തു വരുന്നത്..
അങ്കിളെന്തായാലും ആലോചിച്ചിട്ട് ചെയ്യൂ… ” സാജിത് പറഞ്ഞു നിർത്തിയപ്പഴേക്കും ഉച്ചയായി.. ഹരി ഉശിരൻ കോഴി ബിരിയാണിയും കഴിച്ച് .. പണിതീർന്ന ഫ്ലാറ്റിന് അഡ്വാൻസ് കൊടുക്കാൻ പണം റെഡിയായി എന്ന് ഇടനിലക്കാരനെയും വിളിച്ച് പറഞ്ഞ് സ്മിതയുടെയും മക്കളുടെയും അടുത്തേക്കു വെച്ചുപിടിച്ചു.
(നീതു വിജയൻ)
Senior Associate
SKRL & Associates
reachneethuvijayan@gmail.com