ഒരു കാക്കിക്കുള്ളിലെ വിലാപം ( കവിത ) നെടിയൂട്ടം സരോജാ ദേവി

ഒരു കാക്കിക്കുള്ളിലെ വിലാപം

നെടിയൂട്ടം സരോജാ ദേവി

നിസ്സഹായനൊരു കാമുകന്‍,
മനം നൊന്തു തന്‍ പ്രിയതയോടെ വന്നുവെന്‍ ചാരേ നിന്ന ദിനമെന്നുമോര്‍ത്തു ഞാന്‍ മൗനമായി വിലപിച്ചിടും സദാ.
നായരായ യുവതിക്കു പ്രണയം ക്രിസ്ത്യനാകിയ യുവാവിലായതും നിര്‍ദ്ദയം തെരുവിലായവര്‍ വെറും ജാതിയും മതവും വേറെയായതാല്‍ ജാതിയോതിമനമൊത്തു ചേരുവാന്‍ സമ്മതം തരുവതില്ലയെന്നതാം സങ്കടപ്പുഴയൊഴുക്കി വന്നവര്‍ ആയിരം കഥമനഞ്ഞ കണ്ണുമായ് ജാതി, വര്‍ണ്ണ, മതമൊക്കെ വേണമോ രണ്ടു സ്നേഹമനമൊത്തു വാഴുവാന്‍

അന്നവര്‍ക്കു നിയമത്തിലുള്ളതാം ധൈര്യമേകി പരിഹാരമോതി ഞാന്‍ ഗാഢമായി പ്രണയിച്ചുവെന്നതാല്‍ രൂഢമായ ജനദ്വേഷമൊക്കെയും നീക്കിവച്ചു ദയ തേടിയമ്മതന്‍ മുന്നിലേക്കവരു വന്നു നിന്നുടന്‍

സ്നേഹമായയൊരനുഗ്രഹത്തിനായ് നീട്ടിനിന്നയിരുജോഡിക്കൈകളില്‍ കാറിത്തുപ്പിയൊരു മാതൃശാപവും പേറിയന്നവരിറങ്ങി വീഥിയില്‍

നെഞ്ചുടഞ്ഞു സഹികെട്ടവര്‍ മനം നഞ്ചിലായഭയമങ്ങു കണ്ടതേ നാടുറങ്ങിയുടനാവരാന്തയില്‍ അന്ത്യശ്വാസവുമവര്‍ നുകര്‍ന്നതാ ജാതിയും മതവുമെത്തിടാത്തൊരാ സ്വര്‍ഗ്ഗജീവിതയനുഗ്രഹത്തിലാ- യെത്തിയന്നവരു രണ്ടുപേര്‍ നിജം ഒന്നുചേര്‍ന്നു മരണത്തിലെങ്കിലും നല്ല മാര്‍ഗ്ഗമതു ചൊല്ലിടാതെ ഞാന്‍

വ്യര്‍ത്ഥമാക്കിയിരു ജീവനേ ഭുവില്‍ എന്നു തീരുമിനിയെന്റെയീ വ്യഥ- എന്തിതിന്നു പരിഹാരമായ് വരും പ്രജ്ഞയറ്റൊരു സമൂഹചിന്തയില്‍ ജീവനറ്റു ജഡമായ് കിടപ്പതിന്‍

കുറ്റബോധമിനിയെന്‍റെ ഹൃത്തിനേ കാര്‍ന്നുതിന്നു വ്രണമാക്കിടും ദിനം കാക്കിയിട്ടൊരു മനസ്സിനുള്ളിലേ വേദനയ്ക്കിനിയൊരന്ത്യമില്ലയേ ആശ്രയം കരുതി വന്നവര്‍ക്കു ഞാന്‍ അന്ത്യവിശ്രമമൊരുക്കിയില്ലയോ…

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here