ദാമ്പത്യത്തിന്റെ മാധുര്യമറിയാതെ യൗവനം ശരീരത്തിൽ നിന്നും പടിയിറങ്ങാറായി / Rajeswari Thulasi

കടൽകടന്ന് പ്രവാസത്തിലേയ്ക്ക് ചേക്കേറേണ്ടിവരുന്ന സ്ത്രീകൾക്ക് പലവിധ ജീവിത പ്രശ്നങ്ങളുമുണ്ടാകാറുണ്ട്… നാടും,വീടും,കുടുംബവും വിട്ട് തികച്ചും അന്യരാജ്യത്തേക്ക് വന്നു ചേരുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ നിരവധിയാണ്… വിവാഹിതരും,അവിവാഹിതരുമായ അനേകം സ്ത്രീകൾ ഗൾഫിലും മറ്റും ജോലി ചെയ്യുന്നുണ്ട്. അതിൽ വിവാഹിതരും കുട്ടികളുള്ളതുമായ സ്ത്രീകളാണ് കൂടുതൽ പ്രയാസമനു ഭവിക്കുന്നത്. പണമെന്ന മാസ്മരശക്തിക്കു മുന്നിൽ വീട്ടുകാർക്ക് അവരുടെയാതനകൾ മനസ്സിലാവാറില്ലായെന്നതും പരമമായ സത്യമാണ്. അത്തരം ജീവിത സാചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിതം ഹോമിക്കുന്ന നിരവധി സ്ത്രീകൾ നമുക്കിടയിലുണ്ട്. പലപ്പോഴും മുലകുടിമാറാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി പോരേണ്ടി വരുന്നത് മാനസിക സമ്മർദ്ദത്തി നിടയാക്കും.

മീന അതിനൊരുദാഹരണമാണ്. നാട്ടിൽ ഗവൺമെന്റുദ്യോഗമുള്ള ഭർത്താവ് ലീവെടുത്തു കൂടുതൽ സമ്പാദ്യമന്വേഷിച്ചാണ് മീനയേയും കൂട്ടി ഗൾഫിലേക്ക് വന്നത്. വിവാഹം കഴിക്കുമ്പോൾ വിദ്യാസമ്പന്നയായ മീനയ്ക്ക് ജോലിയുണ്ടായിരുന്നില്ല. ഗൾഫിലേക്കു തിരിക്കുമ്പോൾ സ്വപ്നങ്ങളുടെ കാവൽക്കാരനാ യിരുന്നു അയാൾ. ഉദ്ദേശിച്ചത് പോലെയുള്ള ജോലി കിട്ടാത്തതി നാൽ ജോർജിന് വല്ലാത്ത അരിശവും സങ്കടവുമുണ്ടായി. നല്ല ജോലി നേടുകയും കൂടുതൽ സമ്പാദിക്കുകയും സ്വര്‍ഗ്ഗീയമായൊരു ജീവിതം നേടുകയും ചെയ്യാമെന്ന തന്റെ വ്യാമോഹം പൊലിയുന്നുയെന്നയാൾ തിരിച്ചറിഞ്ഞു. എങ്ങനേയും മീനയ്ക്കൊരു ജോലി ശരിയാക്കിയിട്ട് നാട്ടിലേയ്ക്ക് പോകാനയാൾ തീരുമാനിച്ചു. ഗർഭിണിയായ മീനയ്ക്ക് തുച്ഛമായ ശമ്പളത്തിലൊരു പ്രൈവറ്റ് കമ്പനിയിൽ ഒരു ജോലി തരപ്പെട്ടു. എന്നാലതിലയാൾ തികച്ചും അതൃപ്തനായിരുന്നു. മറ്റൊരു ജോലിക്കുള്ള ശ്രമത്തിനൊടുവിൽ ഒരു സ്ക്കൂളിലവൾക്ക് ജോലി ശരിയായി. എന്നാൽ വിസ മാറി ജോലിക്കു കയറണമെങ്കിൽ നാട്ടിൽ പോകേണ്ടതുണ്ട്. രണ്ടു പേരും വിസ ക്യാൻസൽ ചേയ്ത് നാട്ടിലേയ്ക്ക് തിരിച്ചു.

പ്രസവ ശേഷം ഒരു മാസം തികയും മുമ്പ് അവൾക്ക് ഗൾഫിലേക്ക് തിരിച്ചു പോരേണ്ടി വന്നു. നാട്ടിലെത്തിയ ഉടൻ ജോർജ്ജ് ലീവ് ക്യാൻസൽ ചെയ്തു ജോലിയിൽ പ്രവേശിച്ചു. അയാളുടെ ഭാഷയിൽ പറഞ്ഞാൽ യാതൊരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങാൻ പറ്റിയ ഇതു പോലൊരു മാർഗ്ഗം വേറെയില്ല. അതോർക്കാതെ ഗൾഫിലേക്ക് പോകാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു. തന്റെ കുഞ്ഞിനു ഒരു മാസം പോലും മുല കൊടുക്കാനാവാതെ നാടുവിടേണ്ടി വന്ന മീനയുടെ മാനസ്സിക സ്ഥിതി ദയനീയമായിരുന്നു. ജോർജ് നിർബന്ധിച്ചില്ലായിരുന്നു വെങ്കില്‍  ഒരു പക്ഷേ അവൾ ഗൾഫിലേക്ക് തിരിച്ചു വരില്ലാ യിരുന്നു. എപ്പോഴും ദു:ഖം തളം കെട്ടിക്കിടക്കുന്ന മിഴികളാണ് മീനയ്ക്ക്. നിറം കെട്ടതും,വില കുറഞ്ഞതുമായ ചരിദാറു ധരിച്ചെത്തുന്ന മീന മറ്റുള്ള അദ്ധ്യാപകർക്ക് കൗതുകമായിരുന്നു. ഇന്ത്യയുടെ വിവിധ സ്ഥലത്തു നിന്നുമുള്ള അദ്ധ്യാപകരും, നിരവധി രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുമുള്ള സ്ക്കൂൾ. കൂടെയുള്ള അദ്ധ്യാപകർ ഹൃദ്യമായി ഒരുങ്ങിയെത്തുമ്പോൾ മീന മനസ്സു കൊണ്ടും ശരീരം കൊണ്ടും ഉൾവലിഞ്ഞു കാണപ്പെട്ടു.

റൂമിലെത്തി തന്റെ ജോലികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് ഫോൺ ചെയ്യും. തന്റെ കുഞ്ഞിന്റെ ശബ്ദമൊന്നു കേൾക്കാൽ, ജോർജിന്റെ വിശേഷങ്ങളറിയാൻ,അവരേക്കാണാനുള്ള തന്റെ മോഹം പറയാൻ. അഞ്ചു മിനിട്ടിൽ കൂടുതൽ സംസാരിക്കാൻ ജോർജ് അനുവദിക്കില്ല. കാരണം അയാളിവിടത്തെ റിയാലിന്റെ കണക്ക് പറഞ്ഞു ഫോൺ കട്ട് ചെയ്യാറാണ് പതിവ്. അവധി ദിവസമായ വെള്ളിയാഴ്ച എല്ല അദ്ധ്യാപകരും ഷോപ്പിങ്ങിനായി അടുത്തുള്ള നഗരത്തിൽ പോകാറാണ് പതിവ്. അവർ അടുത്ത അവധിക്കു നാട്ടിൽപ്പോകാനായി ചെറിയ ചെറിയ ഷോപ്പിംങ് നടത്താറുണ്ട്. കൈനിറയെ സാധനവുമായെത്തി ബന്ധുക്കളെ തൃപ്തിപ്പെടുത്തുകയെന്ന കടമ്പയുള്ളതിനാൽ എല്ലാവർക്കും ഇക്കാര്യത്തിൽ ജാഗ്രത കുടുതലാണ്. അവരോടൊപ്പം പോവുകയും ആവശ്യസാധനങ്ങൾ വാങ്ങുകയുമെന്നത് മീനയുടേയും ആഗ്രഹമാണ്. അതിനായവൾ വ്യാഴാഴ്ച വൈകിട്ടു മുതൽ ജോർജിനെ വിളിച്ചു തുടങ്ങും. അവളുടെ ആവശ്യമറി യാവുന്ന അയാൾ പരമാവധി ഫോണെടുക്കാറില്ല. അഥവാ എടുത്താലുമയാൾ അവളോടു കയർത്തേ സംസാരിക്കൂ. “നിനക്കെന്തിന്റെ കുറവാണ് വേണ്ടസാധനങ്ങളെല്ലാം വാങ്ങിത്തന്നല്ലേ അങ്ങോട്ടുവിട്ടത്. ഒന്നുപോയി കറങ്ങാനെത്ര റിയാലാകും.” കേട്ടുമടുക്കുമ്പോളവൾ തന്നെ ഫോൺ കട്ട്ചെയ്യും. അതയാൾക്കുമറിയാം. അയാളാഗ്രഹിക്കുന്നതുമതാണ്.

അയാൾ പറഞ്ഞതും സത്യമാണ് ഒാരോ അവധി കഴിഞ്ഞു പോരുമ്പോഴും ഏറ്റവു വില കുറഞ്ഞ ചുരിദാറുകൾ, ചെരുപ്പുകൾ,ബാഗ് ഒക്കെ വാങ്ങിത്തന്നു വിടും. റിയാലു നഷ്ടപ്പെടുത്താതിരിക്കാനുള്ള മുൻകൂട്ടിയുള്ള അയാളുടെ ഏറ്. കൂടെയുള്ളവരുടെ ആഹ്ലാദകരമായ ജീവിതം അവൾ തെല്ല് അസൂയയോടെ നോക്കി നിന്നു. അവനവൻ അധ്വാനിച്ചുണ്ടാക്കുന്ന പണം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ദയനീയമാണ്. ദാമ്പത്യത്തിന്റെ മാധുര്യമറിയാതെ യൗവനം ശരീരത്തിൽ നിന്നും പടിയിറങ്ങാറായി. നെഞ്ചിലെ ചൂടു നല്കി വളർത്തേണ്ടിയരുന്ന മക്കൾ അതു സാധിക്കാഞ്ഞതിനാൽ അന്യരായി മാറുന്നു. എന്താണു ജീവിതത്തിൽ ഇതുവരെ ലഭിച്ച ലാഭം.? തന്റെ അധ്വാനത്തിന്റെ ഫലം ഭുജിച്ചവരുടെ തിരസ്ക്കരണം. കടുത്ത ഏകാന്തതയും ഒറ്റപ്പെടുത്തലും. ജീവിതം ഒരു ചോദ്യചിഹ്നമായി കണ്മുന്നിലൊരു പെണ്ഡുലം പോലെ തൂങ്ങിയാടുന്നു. അതെ അനേകം സ്ത്രീകള്‍ ഈ മരുഭൂമിയിലുരുകിത്തീരുന്നുണ്ട്. ജോലിഭാരവും വീട്ടുകാരുടെ അവഗണനയും ചേരുമ്പോഴുള്ള മനസ്സിലെ സമ്മർദ്ദം ചിലരെ ഭ്രാന്തിന്റെ തലത്തിലെത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY