പാറ്റൂരില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം; പിടിയിലായത് കുപ്രസിദ്ധ വാണിഭക്കാരി താത്ത

പിടിയിലായത് കുപ്രസിദ്ധ പെണ്‍വാണിഭക്കാരി താത്തയെന്ന നസീമ

തിരുവനന്തപുരം പാറ്റൂരിന് സമീപം വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയതിന് മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരും പിടിയില്‍. പിടിയിലായത് കുപ്രസിദ്ധ പെണ്‍വാണിഭക്കാരി താത്തയെന്ന നസീമ.

എറണാകുളം, ബംഗളൂരു സ്വദേശികളായ രണ്ട് യുവതികളും നെടുമങ്ങാട് സ്വദേശികളായ സലിംഖാന്‍, കിഷോര്‍കുമാര്‍, തമ്പാനൂര്‍ സ്വദേശി ജയകുമാര്‍, പേരൂര്‍ക്കട സ്വദേശി വിനേഷ് എന്നിവരാണ് പിടിയിലായത്. പേട്ട സി.ഐ സുരേഷ് വി നായരും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പാറ്റൂരിലെ ഒരുവീട്ടില്‍ നിന്നാണ് ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ഇവര്‍ പിടിയിലായത്.

മൂന്നുമാസം മുമ്പാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തത്. സുഖമില്ലാത്തതിനാല്‍ ഏതാനും മാസം അടച്ചിട്ടിരുന്ന വീട്ടില്‍ ഒരാഴ്ച മുമ്പാണ് സഹോദരിയ്ക്കും മകനുമൊപ്പം ഇവര്‍ താമസത്തിനെത്തിയത്. ഇന്നലെ വൈകുന്നേരം പതിവില്ലാതെ ബൈക്കില്‍ ചിലര്‍ ഇവിടെ വന്നുപോകുന്നതില്‍ സംശയം തോന്നിയ ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് രഹസ്യനിരീക്ഷണം നടത്തി സംഭവം സ്ഥിരീകരിച്ചശേഷമാണ് രാത്രി റെയ്ഡ് നടത്തിയത്.

നസീമയുടെ പക്കല്‍ നിന്ന് കാല്‍ ലക്ഷത്തോളം രൂപയും നിരവധി മൊബൈല്‍ഫോണുകളും ഗര്‍ഭനിരോധന ഉറകളും പൊലീസ് കണ്ടെത്തി. എറണാകുളം, ബംഗളൂരു സ്വദേശിനികളായ യുവതികളെയും പ്രതിഫലം വാഗ്ദാനം ചെയ്താണ് നസീമ ഇവിടെ എത്തിച്ചത്. റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരാണ് പിടിയിലായ പുരുഷന്‍മാര്‍. ഫോണ്‍വഴി നസീമയാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

നഗരത്തില്‍ ഏതാനും മാസം മുമ്പ് കുമാരപുരത്തിന് സമീപത്ത് നിന്ന് മെഡിക്കല്‍ കോളേജ് പൊലീസ് സമാന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനില്‍ വച്ചും മറ്റും പരിചയപ്പെടുന്ന പുരുഷന്‍മാരെ വശീകരിച്ച് കുമാരപുരത്തെ ഫ്‌ളാറ്റിലെത്തിച്ച് അവരുടെ പക്കലുള്ള സ്വര്‍ണവും പണവും അപഹരിക്കുന്നതായിരുന്നു ഇവരുടെ രീതി. അത്തരത്തില്‍ നിരവധിപേരെ കബളിപ്പിച്ച കേസില്‍ നസീമയേയും കൂട്ടാളികളെയും മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും പെണ്‍വാണിഭവുമായി ഇവര്‍ രംഗത്തിറങ്ങിയത്. തമ്പാനൂര്‍, ഫോര്‍ട്ട്, നെടുമങ്ങാട് തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുള്ളതായി പേട്ട പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY