സാധാരണ പോലെ നെറ്റിയില്‍ ഉതിര്‍ന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച്‌ ‘എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ’ എന്ന് അവള്‍ പറഞ്ഞു; മകളെ അമ്മ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ..

മോനിഷ ഓര്‍മ്മയായിട്ട് ഇന്ന് 25 കൊല്ലം. ഡിസംബര്‍ 25നായിരുന്നു മലയാളിയെ കരയിച്ച ആ വാഹനാപകടം. ഇന്നും ആദ്യ സിനിമയിലൂടെ ഉര്‍വ്വശി പട്ടം സ്വന്തമാക്കിയ മോനിഷയെ മലയാളി മറന്നിട്ടില്ല.

കോഴിക്കോട് പന്ന്യങ്കര തട്ടകത്തു വനദുര്‍ഗയുടെ കടാക്ഷം കൊണ്ടു പിറന്നതാണു മോനിഷയെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയും. ജനനം 1971 ജനുവരി 24. മകരത്തിലെ മൂലം നക്ഷത്രം. ദുര്‍ഗയെന്ന് ആദ്യം പേരുവിളിച്ചു. മോനിഷയെന്ന പേരിടലിനു പിന്നില്‍ ഒരു ഗ്ലാമര്‍ കഥയുണ്ട്. ഫെമിന മാസിക 1970ല്‍ ഒരു പേരിടല്‍ മല്‍സരം പ്രഖ്യാപിച്ചു. ഹെറള്‍ഡ് കാറായിരുന്നു സമ്മാനം. ‘എന്റെ ആഗ്രഹം’ എന്ന് അര്‍ഥം വരുന്ന മോനിഷ എന്ന പേരിട്ടതിനു ഒരു ബംഗാളി സ്ത്രീക്ക് സമ്മാനം ലഭിച്ചതു വായിച്ചപ്പോള്‍ തന്നെ ആ പേര് മനസില്‍ കുറിച്ചിട്ടിരുന്നു. അങ്ങനെ മകളുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് നടിയും നൃത്താധ്യാപികയുമായ ശ്രീദേവി ഉണ്ണി.

രണ്ടര പതിറ്റാണ്ടു മുന്‍പാണ്. ബെംഗളൂരു ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ വീട്ടിലിരുന്ന് ഒരമ്മയും മകളും ഓജോ ബോര്‍ഡ് കളിക്കുന്നു. ആത്മാക്കളുമായി സംവദിക്കലാണ് ദൗത്യം. മകള്‍ അമ്മയോടു ചോദിച്ചു. അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ… വേറെ പണിയില്ലെന്ന് മറുപടി. പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതുലോകത്തു നിന്നും ഞാന്‍ വരും. കുറച്ചുദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു. ബെംഗളൂരുവില്‍ ലെതര്‍ കയറ്റുമതി വ്യവസായിയായിരുന്ന അച്ഛന്‍, പരേതനായ പി.എന്‍ ഉണ്ണിയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു മോനിഷയുടെ സിനിമാ പ്രവേശത്തിന്.അങ്ങനെ ചുരുങ്ങിയ പ്രായം കൊണ്ട് മലയാളിയുടെ മനസ്സിലെ മിന്നും താരമായി മോനിഷ. മനോരമയോടാണ് മകളുടെ ഓര്‍മ്മകള്‍ വേര്‍പാടിന്റെ കാല്‍നൂറ്റാണ്ടാകുമ്ബോള്‍ അമ്മ പറഞ്ഞുവയ്ക്കുന്നത്. വൈജയന്തിമാല യെപ്പോലെ, പത്മിനിയെ പ്പോലെ നടിയാകണമെന്നായിരുന്നു ശ്രീദേവിയുടെയും ആഗ്രഹം. പക്ഷേ, ആ ആഗ്രഹത്തിന് ശ്രീദേവിയുടെ അമ്മ തടയിട്ടിരുന്നത് ‘നിനക്കൊരു പെണ്‍കുഞ്ഞുണ്ടായി, അവളെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ എന്നു ഞാനൊന്നു കാണട്ടെ’ എന്നു പറഞ്ഞായിരുന്നു. ആ വാശിയില്‍ നിന്നാണ് മകളുണ്ടായാല്‍ നടിയാക്കണമെന്ന ആഗ്രഹം മുളയിട്ടത്. 14 വയസില്‍ മുന്‍രാഷ്ട്രപതി വെങ്കിട്ടരാമനില്‍ നിന്ന് അഭിനയമികവിനുള്ള ഉര്‍വശിപ്പട്ടം മോനിഷ നേടിയപ്പോള്‍, ശ്രീദേവിയുടെ അമ്മ സിനിമയെ മനസാ അംഗീകരിച്ചു.

നഖക്ഷതങ്ങളുടെ പ്രിവ്യൂ മദ്രാസില്‍ നടന്നപ്പോള്‍, ചിത്രം കണ്ട് നടി പത്മിനി മോനിഷയെ കെട്ടിപ്പിടിച്ചു. അവരെ ഒന്നു തൊടാന്‍ കൊതിച്ചു നടന്ന കാലമുണ്ടായിരുന്നു തനിക്കെന്നു ശ്രീദേവി ഓര്‍ത്തു. പത്മിനി രാമചന്ദ്രന്റെ കീഴില്‍ 1985ല്‍ കോഴിക്കോട് ടഗോര്‍ ഹാളില്‍ നടന്ന നൃത്തപരിപാടിക്ക് മോനിഷയുടെ ചിത്രം വച്ചൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്രോഷര്‍ തയാറാക്കി. ഇത് എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി കാണാന്‍ ഇടയായതാണ് ഹരിഹരന്‍-എംടി കൂട്ടുകെട്ടിന്റെ നഖക്ഷതങ്ങളിലേക്കു വഴി തുറന്നത്. നഖക്ഷതങ്ങളില്‍ മോനിഷ മാത്രമല്ല അരങ്ങേറിയത്. പി.എന്‍ ഉണ്ണിയും ശ്രീദേവിയും മകള്‍ക്കൊപ്പം ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. എംടിയുടെ തന്നെ കടവിലാണ് ശ്രീദേവിക്ക് ആദ്യ ക്യാരക്ടര്‍ വേഷം ലഭിച്ചത്.

മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു. രാത്രി 10 മണി, സാധാരണ പോലെ നെറ്റിയില്‍ ഉതിര്‍ന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച്‌ മോനിഷ പറഞ്ഞു- ‘എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ.’ ഏറെ ഇഷ്ടമുള്ള റഷ്യന്‍ സാലഡ് ആയിരുന്നു രാത്രി ഭക്ഷണം. അതിനു ശേഷം അമ്മയോടായി പറഞ്ഞു. ‘ലൈഫ് ഈസ് വണ്‍സ്. യു ഡ്രിങ്ക് ആന്‍ഡ് ഈറ്റ്. എന്‍ജോയ് യുവര്‍ ലൈഫ്. ആരെയും അറിഞ്ഞു കൊണ്ട് നോവിക്കരുത്.’ അതിനു മറുപടിയായി അമ്മ ‘ഓംങ്കാരപ്പൊരുളേ…’ എന്നു വിളിച്ചു കളിയാക്കി. ശബ്ദമുണ്ടാക്കി അവള്‍ പറഞ്ഞു. ‘ഐ ആം മോനിഷ.’ കണ്ണുകള്‍ തുറന്നു പിടിച്ച്‌ ശക്തമായ ഒരു നോട്ടവും. ആ നോക്കിയത് അന്നുവരെയുള്ള മോനിഷയേ ആയിരുന്നില്ല- ശ്രീദേവി ഓര്‍ക്കുന്നു.1992 ഡിസംബര്‍ അഞ്ച്. ഗുരുവായൂരമ്ബലത്തില്‍ അതേ മാസം 18ന് നടക്കുന്ന നൃത്തപരിപാടിക്ക് ഒരു ദിവസത്തെ റിഹേഴ്സലിനായി ബെംഗളൂരൂവിലെത്തി മടങ്ങാന്‍ ഉദ്ദേശിച്ച യാത്ര. ഫ്ലൈറ്റ് പിടിക്കാന്‍ അംബാസഡര്‍ കാറില്‍ പുലര്‍ച്ചെ നാലോടെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക്. ഹോട്ടലില്‍ നിന്നു ചോദിച്ചു വാങ്ങിയ തലയിണ നല്‍കി, പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ ആവശ്യപ്പെട്ടു അമ്മ. മകളുടെ കാലുകള്‍ തടവി കൊണ്ടിരിക്കുകയായിരുന്നു. കാറിനുള്ളില്‍ ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ അപകടത്തിന് ഇടയാക്കിയ കെഎസ്‌ആര്‍ടിസി ബസ് എതിരെ വരുന്നതു കണ്ടിരുന്നു. ചേര്‍ത്തലയിലെ ആശുപത്രിയില്‍ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം പൊട്ടിയൊഴുകി അവള്‍ കിടന്നു.

മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച്‌ തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി.-അമ്മ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY