ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ.
ഐപിഎല്‍ കോഴക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി നിലപാട് ആവര്‍ത്തിച്ചത്. മുന്‍ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബിസിസിഐ കേരള ഹൈക്കോടതിയെ അറിയിച്ചു. സ്‌കോട്്‌ലന്‍ഡില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീശാന്ത് ഹര്‍ജിയി നല്‍കിയിരുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ക്രിക്കറ്റിലെ അഴിമതികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെസിഎ ഭാരവാഹികളായ ടി.സി.മാത്യുവും കെ.അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സിഇഒയുടെ കത്ത് ഓര്‍മപ്പെടുത്തുന്നു.

ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്റെ ഹര്‍ജി. എന്നാല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കാന്‍ ശ്രീശാന്തിന് വീണ്ടും ബിസിസിഐയെ സമീപിക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കെസിഎയുടെ പിന്തുണയോടെ മാര്‍ച്ച് ആറിനാണ് ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബിസിസിഐയെ സമീപിച്ചത്. ഏപ്രില്‍ 15ന് ശ്രീശാന്ത് നല്‍കിയ മറുപടി കത്തിലാണ് ബിസിസിഐ മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചത്.

ക്രിക്കറ്റ് ജീവിതത്തിന് അവസാനമായെങ്കിലും പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെയും മറ്റുമായി ശ്രീ സജീവമാവുകയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീ മത്സരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here