ഇന്ന് ലോക പ്രമേഹരോഗദിനം; കേരളം ഇന്ത്യയുടെ ഡയബറ്റിക് തലസ്ഥാനം

ഇന്ന് ലോക പ്രമേഹരോഗദിനം; കേരളം ഇന്ത്യയുടെ ഡയബറ്റിക് തലസ്ഥാനം

ഇന്ന് ലോക പ്രമേഹരോഗദിനം. ഈ ദിവസത്തില്‍ പുറത്തു വന്നിരിക്കുന്ന കണക്കുകള്‍ കേരളത്തിന് അത്ര സുഖകരമല്ല. കേരളത്തിന് ഇന്ത്യയുടെ ഡയബറ്റിക് തലസ്ഥാനമെന്ന വിശേഷണമാണ് ഉള്ളത്. ലോക രാജ്യങ്ങളില്‍ ഡയബറ്റിക് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കേരളത്തിലാകട്ടെ 20% പേര്‍ പ്രമേഹരോഗികളും. ദേശീയ ശരാശരിയേക്കാള്‍ രണ്ടര ഇരട്ടിയിലധികമാണിത്. കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണത്തേക്കാള്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാത്തവരുടെ എണ്ണം കൂടുന്നു എന്ന വസ്തുത ആശങ്കാജനകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് ഒട്ടേറെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
സംസ്ഥാനത്തെ പ്രമേഹ ബാധിതരില്‍ വന്‍തോതില്‍ അന്ധത പടരുന്നുണ്ട്. നാല് പ്രമേഹ രോഗികളെ പരിശോധിച്ചാല്‍ ഒരാള്‍ക്ക് കാഴ്ചക്കുറവുണ്ടാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഇത്തരം പ്രവണത കാണപ്പെടുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതുമാണ് ഈ അന്ധത. എന്നാല്‍ മിക്കയാളുകളും വളരെ വൈകിയാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതും അസുഖം കണ്ടെത്തുന്നതും. ചെറു പ്രായത്തില്‍ അത്ര പ്രകടമാവാത്ത അസുഖമാണിത്. പ്രായം കൂടിയവരില്‍ കൂടുതലായി കാണുന്നുമുണ്ട്. അസുഖം മൂര്‍ഛിക്കുമ്പോഴാണ് അന്ധതയിലേക്ക് കടക്കുക. വൈകിയുള്ള ചികില്‍സ ചിലപ്പോള്‍ ഫലം കണ്ടെന്ന് വരില്ല.

അതേസമയം ലോകാരോഗ്യ സംഘടനയുടെ അവലോകനത്തില്‍ പ്രമേഹരോഗികളായ സ്ത്രീകള്‍ക്ക്, പുരുഷരോഗികള്‍ക്ക് കിട്ടുന്നതുപോലെയുള്ള ചികിത്സയും സഹായവും സംരക്ഷണവും ബോധവത്കരണവും ലഭിക്കുന്നില്ലായെന്നു കണ്ടെത്തി. എന്നാല്‍ സ്ത്രീകള്‍ക്ക് ജനസംഖ്യയില്‍ മുന്‍തൂക്കമുള്ള കേരളത്തില്‍ ഇത് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകളില്‍ കാണുന്ന ദുര്‍മേദസ്സ് (obestiy) കൊണ്ടാണ് ഈ രോഗം അവരില്‍ വരുന്നതെന്നാണ് ഒരു ഭാഷ്യം.

കേരളത്തില്‍ 30 ശതമാനം സ്ത്രീകള്‍ ദുര്‍മേദസ്സുള്ളവരാണ്. പ്രമേഹരോഗ ലക്ഷണങ്ങള്‍ ഉണ്ടായാലും ആശുപത്രിയില്‍ പോകാനുള്ള വൈമനസ്യവും സൗകര്യക്കുറവും കാരണമാണ് സ്ത്രീകളില്‍ കൂടുതല്‍ പ്രമേഹരോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത്. 40 ശതമാനം പ്രമേഹരോഗമുള്ള സ്ത്രീകള്‍ ‘പ്രസവശേഷി കാലങ്ങളിലുള്ളവരാണ്’. സ്ത്രീകളുടെ മരണനിരക്കില്‍ പ്രമേഹരോഗത്തിന് 9ാം സ്ഥാനമാണ്. പ്രമേഹരോഗമില്ലാത്ത സ്ത്രീകളെക്കാളും ഹൃദ്രോഗം വരാന്‍ പത്തിരട്ടി സാദ്ധ്യതയാണ് പ്രമേഹരോഗികളായ സ്ത്രീകളില്‍.ഭാവിയില്‍ പ്രമേഹരോഗം വരാന്‍ സാദ്ധ്യതയുള്ള ഒരവസ്ഥയാണ് ഗര്‍ഭകാല പ്രമേഹരോഗം.

പതിന്നാലു ശതമാനം ഗര്‍ഭിണികളില്‍ ഗര്‍ഭകാല പ്രമേഹരോഗം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രസവശേഷം ഈ അവസ്ഥ മാറുമെങ്കിലും വേണ്ട രീതിയിലുള്ള ഭക്ഷണനിയന്ത്രണവും ആഹാരരീതിയും ശീലിച്ചില്ലെങ്കില്‍ ഇവരില്‍ പകുതിപ്പേരിലും പത്തുവര്‍ഷത്തിനകം പ്രമേഹരോഗം ഉണ്ടാകും. ദുര്‍മേദസ്സുള്ള പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ആര്‍ത്തവ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് പ്രമേഹരോഗമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന പ്രമേഹരോഗത്തിന്റെ ലക്ഷണമായിരിക്കാം, അതുകൊണ്ട് ഈ ആര്‍ത്തവപ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിക്കേണ്ടതാണ്.
പ്രമേഹരോഗമുള്ള ഗര്‍ഭിണികളില്‍ അകാലപ്രസവം, ഗര്‍ഭസ്ഥശിശുമരണം, രക്തസമ്മര്‍ദ്ദം, അമിതഭാരമുള്ള ശിശുക്കള്‍, അതുമൂലം വേണ്ടിവരുന്ന സിസേറിയന്‍ ശസ്ത്രക്രിയ, ശിശുക്കള്‍ക്കുണ്ടാകുന്ന ഹൃദയവൈകല്യങ്ങള്‍, മഞ്ഞപ്പിത്തം എന്നീ പ്രശ്‌നങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. പ്രമേഹരോഗമുള്ള യുവതികള്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പ് പ്രമേഹരോഗം നിയന്ത്രിച്ചില്ലെങ്കില്‍ വന്ധ്യത, രക്തസ്രാവം, ഗര്‍ഭച്ചിദ്രം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ടെപ്പ് 1, ടെപ്പ്2 പ്രമേഹരോഗികള്‍ ഓരോ ആഴ്ചയിലും പഞ്ചസാരയുടെ അളവ് നിര്‍ണയിക്കണം.

പ്രമേഹരോഗികള്‍ ദിവസവും 30 മുതല്‍ 40 മിനിറ്റുവരെ മിതമായ വേഗത്തില്‍ നടക്കുക. (ആഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും). ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക. മെഡിറ്റേഷനും യോഗയും പതിവായി ചെയ്യുക. പ്രമേഹ രോഗികള്‍ പ്രാണായാമം, ധനുരാസനം, അര്‍ത്ഥ മത്സ്യേന്ദ്രാസനം, പശ്ചിമോത്താസനം, ഹാലാസനം, വജ്രാസനം എന്നീ യോഗാസനങ്ങള്‍ ചെയ്യുന്നത് ഉത്തമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY