ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍

ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍

കോഴിക്കോട് ഫറോക്കിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ആമിന എന്ന സ്ത്രീയുടെ കൊലപാതകിയെ പൊലീസ് കണ്ടെത്തിയത് അതിവിദഗ്ധമായി. കൊലപാതക്കേസില്‍ പിടിയിലായത് പതിനാറുകാരന്‍. പ്രൊഫഷണല്‍ കൊലപാതകികളെ വെല്ലുന്ന തരത്തിലാണ് കൗമാരക്കാരന്‍ ആമിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനുമെല്ലാം ഈ പയ്യന് പ്രേരണയായത് ആക്ഷന്‍ സിനിമകള്‍ ആണെന്നാണ് സൂചന.സംഭവ ദിവസം ഇരുപത് രൂപ ചോദിച്ചാണ് പയ്യന്‍ ആമിനയുടെ വീട്ടിലേക്ക് കയറിച്ചെന്നത്.

ആമിനയെ പരിചയമുള്ള പയ്യന്‍ പലപ്പോഴായി ചെറിയ തുകകള്‍ ചോദിച്ച് വാങ്ങിയിരുന്നു. അന്നും പതിവുപോലെ പണം നല്‍കാനായി ആമിന അകത്ത് കയറിപ്പോയി പഴ്‌സ് എടുത്തു വന്നു. പയ്യന്റെ മുന്നില്‍ വെച്ച് തന്നെ തുറന്നു. അതിനിടയിലാണ് പഴ്സില്‍ നിന്നും രണ്ട് 500 രൂപ നോട്ടുകള്‍ നിലത്ത് വീണത്.
ഇതോടെ ബാഗ് തട്ടപ്പറിച്ച് ഓടാന്‍ പയ്യന്‍ ശ്രമിച്ചു. എന്നാല്‍ ആമിന തടഞ്ഞതോടെ പയ്യന്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ആമിനയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. തലയിലും മുഖത്തും കയ്യിലും അടക്കം പതിനഞ്ചോളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തിലെ മുറിവില്‍ നിന്നും ചോര വാര്‍ന്നാണ് ആമിനയുടെ മരണം. കൊലയ്ക്ക് ശേഷം പണവുമായി ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കത്തി തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ തന്നെ വെച്ചു. പോകുന്ന വഴി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.

കൊലയ്ക്കിടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ പിന്നീട് കത്തിച്ച് കളഞ്ഞു. ശേഷം പണവുമായി ചെന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി. പിന്നീട് ഒന്നും അറിയാത്തത് പോലെ ആമിനയുടെ വീടിന് പരിസരത്തും പലതവണ ചെന്നു. സംഭവ ദിവസം പയ്യന്റെ ഷര്‍ട്ടില്‍ നിന്നും തെറിച്ച് വീണ ബട്ടണ്‍സാണ് കൊലക്കേസില്‍ നിര്‍ണായക തുമ്പായത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്നതാണ് ആ ബട്ടണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ വീടുമായി ബന്ധമുള്ള കൗമാരക്കാരിലേക്കായി പോലീസ് ശ്രദ്ധ.
അങ്ങെനെയാണ് ഇടയ്ക്കിടെ ആമിനയുടെ വീട്ടിലേക്ക് വരാറുള്ള പതിനാറുകാരനിലേക്ക് പോലീസ് എത്തിയത്. നിരീക്ഷണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. പഠിക്കാന്‍ വളരെ പിന്നോക്കമായിരുന്ന പതിനാറുകാരന് ആഢംബര ജീവിതത്തോടായിരുന്നു ഭ്രമം. അതിനായി ചെറിയ തോതിലുള്ള മോഷണവും ഇയാള്‍ നടത്താറുണ്ട്. അല്ലാത്തപ്പോള്‍ ബന്ധുക്കളോട് പണം ചോദിച്ച് വാങ്ങും. സിനിമ കാണാനും പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാനുമാണ് ഏറെ താല്‍പര്യം. മൂന്ന് മൊബൈല്‍ ഫോണുകളും ഈ പതിനാറുകാരന് സ്വന്തമായുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*