ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം
ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ കെ സി എ യുടെ അച്ചടക്ക നടപടി; പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം
തിരുവനന്തപുരം: ക്യാപ്റ്റനെതിരെ ഒപ്പുശേഖരണം നടത്തിയ കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ഭാരവാഹികളുടെ യോഗമാണ് തീരുമാനമെടുത്തത്. സംഭവത്തില്‍ ഓഗസ്റ്റ് 11 ന് കളിക്കാരില്‍ നിന്നും വ്യക്തിപരമായി തെളിവെടുത്തതിന്റെയും 13ന് നല്‍കിയ ഷോക്കോസ് നോട്ടീസിന്റെ മറുപടിയും യോഗം പരിശോധിച്ചു.
ഇതില്‍ നിന്നും കളിക്കാര്‍ ഐക്യവും സ്ഥിരതയും അസോസിയേഷന്റെ താത്പര്യങ്ങളും ഹനിക്കുന്നതായും ക്യാപ്റ്റനെതിരെ ഒപ്പുശേഖരണം നടത്തിയതായും കണ്ടെത്തി. ക്യാപ്റ്റനെയും കെസിഎയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെയാണിതെന്നും കണ്ടെത്തി. തുടര്‍ന്ന് പെരുമാറ്റ ദൂഷ്യത്തിന് പിഴ ചുമത്താന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് എസ് വാര്യര്‍, രോഹന്‍ പ്രേം, ആസിഫ് കെ.എം, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്ക് അടുത്ത മൂന്ന് ബിസിസിഐ ഏകദിന മത്സരത്തില്‍ നിന്നും സസ്‌പെന്‍ഷനും, മൂന്ന് ദിവസത്തെ ബിസിസിഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴയും ചുമത്തും.
അഭിഷേക് മോഹന്‍, അക്ഷയ് കെ.സി, ഫാബിദ് ഫാറൂഖ് അഹമ്മദ്, നിധീഷ്. എം.ഡി, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്, വി.എ.ജഗദീഷ് എന്നിവര്‍ക്ക് മൂന്ന് ദിവസത്തെ ബിസിസിഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴ ചുമത്തി.
പിഴ തുക സെപ്തംബര്‍ 15ന് മുമ്പായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ച്, തെളിവ് ഹാജരാക്കാന്‍ കളിക്കാരോട് നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഇത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് താക്കീത് ചെയ്യാനും തീരുമാനിച്ചതായി കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ അറിയിച്ചു.
Leave a Reply
You must be logged in to post a comment.