സത്യങ്ങള്‍ പറയാതെ പോയ സൗമ്യയുടെ മരണത്തില്‍ ദുരൂഹതയേറുന്നു
ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്താനുണ്ട് ; ആരേയും കൊന്നിട്ടില്ലെന്ന് സൗമ്യയുടെ ആത്മഹത്യാകുറിപ്പ് ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: മകളെയും മാതാപിതാക്കളെയും ഉള്‍പ്പെടെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിലായിരുന്ന പ്രതി സൗമ്യ താന്‍ ആരെയും കൊലപ്പെടുത്തിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയതിലൂടെ പിണറായി കൂട്ടക്കൊലക്കേസിൽ ദുരൂഹതകൾ ബാക്കിയാകുന്നു.
താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് സൗമ്യ നേരത്തെ പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്.
21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുണ്ടായിരുന്നത്. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും സൗമ്യയുടെ ആത്മഹത്യയിൽ ദുരൂഹത ഉയര്‍ത്തുന്നു. തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വളരെ നേരത്തേ വിവാഹിതയായ തനിക്കു ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും കുറിപ്പുകളിലുണ്ട്.
പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതില്‍ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മുംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു. ഹോംനഴ്‌സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
Leave a Reply