കേരളത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്കു സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശ്കതമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതു കൊണ്ട് രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും ദുരന്തനിവാരണ അേേതാറിറ്റി അറിയിച്ചു.

കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ചിന്നക്കനാലിലാണ് സംഭവം. 301 കോളനി സ്വദേശി കൃഷ്ണനാണ് മരിച്ചത്. കൃഷ്ണനെ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രണ്ട് കാട്ടാനകള്‍ ചേര്‍ന്ന് കൃഷ്ണനെ ആക്രമിക്കുകയായിരുന്നു.

ജോലിയില്‍ നിന്ന് പുറത്താക്കി; ഇന്ത്യക്കാരനായ യുവാവിനെ പാക് പൗരന്‍ കുത്തിക്കൊന്നു

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ഇന്ത്യക്കാരനായ യുവാവിനെ പാക് പൗരന്‍ കുത്തി കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി നദീം ഉദിന്‍ ഹമീദ് മുഹമ്മദ്(24) നെയാണ് പാകിസ്താന്‍ സ്വദേശിയായ അകിബ് പര്‍വേശ് (26) എന്ന യുവാവ് കുത്തി കൊന്നത്. ലണ്ടനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. ഇവിടെ മാനേജറായി ജോലി ചെയ്യുകയായിരുന്നു കൊലചെയ്യപ്പെട്ട നദീം. ജോലിയില്‍ ശ്രദ്ധ കാണിക്കാത്തത് പതിവായതോടെ അകിബിനെ പിരിച്ചുവിട്ടു. ഇതില്‍ പ്രകോപിതനായ അകിബ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ച് നദീമിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നദീം മാനേജരായ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു പ്രതി. ഇയാളെ പൊലീസ് കൊലക്കുറ്റം ചുമത്തി ലണ്ടനിലെ റീഡിങ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷം മുമ്പാണ് നദീമിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്. മാതാപിതാക്കളും ഭാര്യയും നദീമിനോടൊപ്പം ലണ്ടനിലാണ് താമസം.

കൂട്ടുകാരുമൊത്ത് പുഴയില്‍ നീന്തി കളിച്ചുകൊണ്ടിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുറുവ ദ്വീപിനടുത്ത് കൂട്ടുകാരുമൊത്ത് പുഴയില്‍ നീന്തി കളിച്ചു കൊണ്ടിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടിക്കുളം ആലത്തൂര്‍ സ്വദേശിയായ പാലവിള സനു ഫിലിപ്പിന്റെയും റോസ് മേരിയുടെയും ഏക മകന്‍ സാന്‍ജോ ഫിലിപ്പ് (17) ആണ് മരിച്ചത്. കുറുവ ദ്വീപിന് സമീപം കൂടല്‍ക്കടവ് പുഴയിലാണ് സംഭവം. കുട്ടിക്കൊപ്പം മറ്റ് പതിനൊന്ന് കൂട്ടുകാരും ഉണ്ടായിരുന്നു. പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞ് അവശതയിലായ വിദ്യാര്‍ത്ഥിയെ കൂടെയുണ്ടായിരുന്നവരും തളര്‍ന്നതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സാന്‍ജോസിനെ കാണാതായതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ പയ്യമ്പള്ളി കൂടല്‍ക്കടവ് അണക്കെട്ടിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ബത്തേരി മലങ്കര കത്തോലിക്ക രൂപതയുടെ രണ്ടാം വര്‍ഷ സെമിനാരി വിദ്യാര്‍ത്ഥിയായ സാന്‍ജോ അവധി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങി പോകേണ്ടതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കെ.എം.മാണിയുടെ മരണത്തില്‍ ജോസ് കെ. മാണി രാഷട്രീയം കളിച്ചെന്ന് പി.സി.ജോര്‍ജ്

കെ.എം.മാണിയുടെ മരണത്തില്‍ ജോസ് കെ. മാണി രാഷട്രീയം കളിച്ചുവെന്ന ആരോപണവുമായി പി.സി.ജോര്‍ജ്. പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു. സ്വന്തം അപ്പന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പി സി ജോര്‍ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തീയതി രാത്രി തന്നെ മാണി സാറിന്റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തീയതികളില്‍ മകനും ഭാര്യയും കൈയില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാന്‍ കഴിയുക. മാണി ഗ്രൂപ്പിനെ പിരിച്ചു വിടണമെന്നാണ് തന്റെ അഭിപ്രായം. മാണി ഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു. സ്വന്തം അപ്പനായ കെ.എം.മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ്.കെ.മാണി. അദ്ദേഹത്തിന്റെ ശവശരീരത്തോടും മകന്‍ അവഗണന കാണിച്ചു. ശവക്കോട്ടയില്‍ ഒരു മൂലയിലാണ് കെ…

മലപ്പുറത്ത് ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണിയാള്‍ ഇപ്പോള്‍ ഉള്ളത്. സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നുവരുന്ന സാഹചര്യത്തിലാണ് മലമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. മലപ്പുറത്ത് നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ളത്. ഇവര്‍ താമസിക്കുന്ന ക്യാമ്പുകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ഫോനി ചുഴലിക്കാറ്റ്: ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി

ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി. താറുമാറായ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാന്‍ 200 അംഗ സംഘത്തെയാണ് കെ.എസ്.ഇ.ബി ഒഡീഷയിലേക്ക് അയച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള സംഘത്തെയാണ് ഒഡീഷയിലേക്ക് അയച്ചത്. സംഘത്തില്‍ തൊഴിലാളി മുതല്‍ അസി.എന്‍ജിനീയര്‍ വരെയുണ്ട്. ഒഡീഷ ഊര്‍ജ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. മുമ്പ് പ്രളയം, ഓഖി സമയങ്ങളിലും തമിഴ്‌നാട്ടിലും ഇത്തരത്തിലുള്ള വലിയ ദൗത്യമേറ്റെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് സംഘം യാത്ര തിരിച്ചത്. ഒഡീഷയിലെ പ്രസരണ ലൈനുകള്‍ പുന:സ്ഥാപിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ചുമതല.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

ബേക്കല്‍ പോലീസ് സ്റ്റേഷനിലെ 33 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ. പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. അമ്മയോടൊപ്പം കിടന്നിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്നതോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തള്ളിത്തുറന്നു: തൃശൂര്‍ പൂരത്തിന് തുടക്കം

തൃശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് പൂര വിളംബരം നടത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെയാണ് പൂരത്തിന് ഔദ്യോഗിക തുടക്കമായത്. ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്. തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറക്കുന്നത് കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനു തുടക്കമായിരിക്കുകയാണ്. പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് രാമചന്ദ്രനെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തിച്ചത്. പൂരപ്രേമികളും ആനപ്രേമികളുമായി വലിയ ആള്‍ക്കൂട്ടമാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകീടിയത്. തേക്കിന്‍കാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോള്‍…