Actress Leena Maria Case l ലീന മരിയ കേസില്‍ സര്‍വത്ര ദുരൂഹത
ലീന മരിയ കേസില്‍ സര്‍വത്ര ദുരൂഹത
കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിൽ നടന്ന വെടിവയ്പ്പിൽ ദുരൂഹത തുടരുന്നു. രവി പൂജാരയുടെ പേരാണ് പോലീസിനെ കുഴയ്ക്കുന്നത്. രവി പൂജാരയുടെ പേരിൽ തനിക്ക് നാല് തവണ ഭീഷണി സന്ദേശം ലഭിച്ചുവെന്ന് ലീന പോൾ പറയുന്നു. രവി പൂജാര എന്നെഴുതിയ കുറിപ്പ് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ളതാണോ എന്നും പരിശോധിച്ചുവരുന്നു.
കുറിപ്പിലെ എഴുത്ത് മലയാളി ഹിന്ദി എഴുതിയതാണെന്നാണ് പോലീസ് നിഗമനം. ഇതിലും വ്യക്തത വരുത്താനുണ്ട്.
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ദി നെയിൽ ആർടിസ്ട്രി എന്ന ബ്യൂട്ടിപാർലറിന് നേരെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. ഇവരാണ് രവി പൂജാരി എന്നെഴുതിയ കുറിപ്പ് വലിച്ചെറിഞ്ഞത്. കുറിപ്പിലെ അക്ഷരങ്ങളുടെ കാര്യത്തിൽ ശാസ്ത്രീയ പരിശോധന വേണമെന്നാണ് പോലീസ് നിലപാട്.
നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയാണ് ലീന. മുംബൈയിൽ 19 കോടിയുടെ സാമ്പത്തിക തട്ടിപ്പിന് ലീനയെയും സുഹൃത്ത് സുകേശ് ചന്ദ്രശേഖറെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായ സുകേശിന് സഹായങ്ങൾ ചെയ്തു നൽകിയത് രവി പൂജാരിയുടെ സംഘത്തിൽപെട്ടവർ ആണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
സുകേശിന്റെ ഹവാല ഇടപാടുകളെ പറ്റിയും പോലീസ് അന്വേഷിച്ചു വരുന്നു. അണ്ണാ ഡി.എം.കെ.യുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില കിട്ടാനായി ഉദ്യോഗസ്ഥർക്ക് 50 കോടി വാഗ്ദാനം നടത്തിയത് സുകേശ് വഴിയാണെന്നാണ് സൂചന. ഇതിന്റെ തെളിവെടുപ്പിനായി ഇയാളെ കേരളത്തിൽ കൊണ്ടുവന്നപ്പോൾ ലീനയും ഇയാളും പരസ്പരം കണ്ടുവെന്നാണ് സൂചന.
ആദ്യം 5 കൊടിയും പിന്നീട് 25 കൊടിയും ആവശ്യപ്പെട്ട് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി ലീന അറിയിച്ചിട്ടുണ്ട്. പണം നല്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ലീന പൊലീസിന് മൊഴി നൽകി. വിദേശത്തുനിന്നാണ് സന്ദേശങ്ങൾ എത്തിയത് എന്ന വിവരത്തെ തുടർന്ന് പോലീസ് വിദേശ കോളുകളെയും പരിശോധിച്ചു വരികയാണ്.
റിപ്പോർട്ടുകൾ പ്രകാരം രവി പൂജാരി ഇപ്പോൾ വിദേശത്തതാണ്. സി.സി.ടി.വി. ക്യാമറകളുടെ കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിവരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ധർമ്മജന്റെ ഫിഷ് ഹബ്ബ് എന്ന സ്ഥാപനത്തിലെ ക്യാമറ ദിശാമാറിയിരുന്നതും സംശയം ഉളവാക്കുന്നു. പനമ്പള്ളി നഗറിലെ ബ്യൂട്ടിപാർലർ അടച്ചിടണം എന്ന് പറഞ്ഞു പിന്നെയും സന്ദേശം വന്നതായി ലീന പറയുന്നു.
Leave a Reply
You must be logged in to post a comment.