വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി
വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രമല്ല സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇങ്ങനെ പ്രസ്താവിച്ചത്.
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം എങ്ങിനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമായി കാണാൻ കഴിയുകയെന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമുണ്ടെന്നും നിരീക്ഷിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമേ കേസെടുക്കാൻ പറ്റുകയുള്ളു. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്നും, സ്ത്രീകൾക്ക് ഇക്കാര്യത്തിലും തുല്യത ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
സ്ത്രീയുടെ അധികാരി ഭർത്താവല്ലെന്നും എല്ലാ കാര്യങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണുള്ളതെന്നും വിവാഹേതരബന്ധത്തിൽ സമൂഹത്തിന്റെ ചൊല്പടിക്കൊത്ത് നടക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു.
എന്നാൽ ഒരു വ്യക്തിയെ വിവാഹമോചനത്തിലേക്കോ, ആത്മഹത്യയിലേക്കോ നയിക്കുന്ന തരത്തിലുള്ള വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും വ്യക്തമാക്കി.സ്ത്രീകളെ ഇരകളായി മാത്രം കാണാതെ അവരെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകൻ ജോസഫ് ഷൈൻ ആണ് കോടതിയിൽ ഇങ്ങനെയൊരു ഹർജി സമർപ്പിച്ചത്.
Leave a Reply