ലോകകപ്പില്‍ അഫ്ഗാന്‍ ടീമില്‍ നിന്നും പിന്മാറിയതല്ല, ഒഴിവാക്കിയതാണ്; കാരണം തുറന്ന്പറഞ്ഞ് ഷഹ്‌സാദ്

ലോകകപ്പില്‍ പരിക്കുമൂലം ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഒഴിവായ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഷഹ്‌സാദ് അഫ്ഗാനെതിരെ വന്‍ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. അഫ്ഗാന്‍ ടീം സെലക്ഷനില്‍ പക്ഷപാതിത്വമുണ്ടെന്നും ഇഷ്ടമുള്ളവരെ ടീമിലേക്കെടുക്കാന്‍ മനപ്പൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ഷഹ്സാദ് ആരോപിക്കുന്നത്.

ഇതേ തുടര്‍ന്നാണ് തനിക്കു ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പക്ഷപാതിത്വം മൂലം തനിക്കു ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നുവെന്ന് അഫ്ഗാനിലെ സീനിയര്‍ ജേര്‍ണലിസ്റ്റായ ഇബ്രാഹിം മൊമാന്ദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതു രാജ്യത്ത് വലിയ കോലാഹലമുണ്ടാക്കുകയും ചെയ്തിരുന്നു.

എനിക്കു പരിക്കോ, മറ്റു ഫിറ്റ്നസ് പ്രശ്നങ്ങളോ ഒന്നും തന്നെയില്ല. ഞാന്‍ പൂര്‍ണമായും ഫിറ്റ് തന്നെയാണ്. എന്നാല്‍ എന്നോടു പോലും സംസാരിക്കാതെയാണ് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.

ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കുന്ന കാര്യം ടീം മാനേജ്മെന്റോ ബന്ധപ്പെട്ട മറ്റാരും തന്നെ നേരിട്ട് അറിയിച്ചിട്ടില്ലെന്ന് ഒരു അഫ്ഗാന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഷഹ്സാദ് വെളിപ്പെടുത്തി.

ഐസിസിയുടെ സമൂഹമാധ്യമങ്ങളിലെ പേജിലൂടെയാണ് താന്‍ വിവരമറിഞ്ഞത്. ടീമില്‍ നിന്നും തന്നെ മാറ്റാനുള്ള കാരണം പിന്നീട് സ്വകാര്യമായി അറിയിക്കാമെന്നാണ് ടീം മാനേജരും ടീം ഡോക്റുമെല്ലാം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. അഫ്ഗാന്‍ ടീമിന്റെ പുതിയ നായകനായ ഗുല്‍ബദിന്‍ നയ്ബിനെതിരേയും ഗുരുതര ആരോപണങ്ങളാണ് ഷഹ്സാദ് ഉന്നയിച്ചിരിക്കുന്നത്.

ഫുട്ട് വര്‍ക്കും വിക്കറ്റ് കീപ്പിങും ശരിയല്ലെന്ന് നയ്ബ് തന്നെ വിമര്‍ശിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ പൂര്‍ണ ഫിറ്റായിട്ടും ഇല്ലാത്ത പരിക്കിന്റെ പേരില്‍ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്നും ഷഹ്സാദ് ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment