അജിത് പവാര്‍ ഒറ്റപ്പെട്ടു; കർണാടക മഹാരാഷ്ട്രയിലും ആവർത്തിക്കും?
മുംബൈ:കർണാടകത്തിലെ നാടകം പോലെയാവുകയാണ് മഹാരാഷ്ട്ര നാടകവും. സിനിമകളെ പോലും വെല്ലുന്ന രാഷ്ട്രീയ ട്വിസ്റ്റുകളാണ് മഹാരാഷ്ട്രയില്‍ നിമിഷങ്ങള്‍ക്കുള്ളിൽ രൂപപ്പെടുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചു എന്നത് വസ്തുതയാണ്. എന്നാൽ പിന്തുണ ഉറപ്പാക്കുന്ന കത്തുകള്‍ ഹാജരാക്കല്‍ അതിനിര്‍ണായകമാണ്. അതേസമയം ഹോട്ടലുകളില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സേന എംഎല്‍എമാര്‍ തമ്പടിക്കുന്നുണ്ട്. ബിജെപി ക്യാമ്പിൽ നിന്ന് ഒരു എൻസിപി എംഎൽഎയും കൂടി ശരത് പവാർ ക്യാമ്പിൽ എത്തി. അതിനിടെ അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ തീവ്രശ്രമം തുടരുന്നതിന്റെ ഭാഗമായി സുപ്രിയ സുലെ അജിത്തിന്റെ സഹോദരനെ ബന്ധപ്പെട്ടിരുന്നു.
ത്രികക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറാൻ അവാസന നീക്കം നടത്തവെയായിരുന്നു അപ്രതീക്ഷിതമായി അജിത് പവാറിന്‍റെ പിന്തുണയോടെ ബിജെപി ശനിയാഴ്ച അധികാരത്തിലേറുന്നത്. എന്‍സിപിയിലെ പകുതിയോളം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു അജിതും ബിജെപിയും അവകാശപ്പെട്ടത്. എന്നാല്‍ വൈകീട്ടോടെ ബിജെപിയുടെ അവകാശവാദത്തെ തള്ളി തങ്ങളുടെ 50 എംഎല്‍എമാരേയും ശരദ് പവാര്‍ പക്ഷം സ്വന്തം പാളയത്തിലേക്ക് എത്തിച്ചു. ഇപ്പോള്‍ അജിത് പവാറിനേയും എന്‍സിപിയിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് എന്‍സിപി.
അജിത് പവാറിന്‍റെ ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടാക്കിയ അപ്രതീക്ഷിത തിരിച്ചടിയോട് എന്‍സിപി ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ 54 എംഎല്‍എമാരില്‍ 50 പേരേയും സ്വന്തം പാളയത്തിലേക്ക് മടക്കിയെത്തിച്ചുകൊണ്ട് ശക്തമായി തിരിച്ചടിച്ചു. അജിത് പവാറിന്‍റെ അടുത്ത അനുയായി ആയ ധനഞ്ജയ് മുണ്ഡേയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെയോടെ യോഗത്തിന് എത്താതിരുന്ന മറ്റൊരു എംഎല്‍എ കൂടി ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങി. ബന്‍ ഷിന്‍ഡെയാണ് ഇന്ന് രാവിലെ ശരദ് പവാറിന്‍റെ വസതിയിലെത്തി പിന്തുണ അറിയിച്ചത്. ഇതോടെ ശരദ് പവാറിനൊപ്പം എന്‍സിപിയിലെ 51 എംഎല്‍എമാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.അതേസമയം തനിക്ക് ഒപ്പമുണ്ടെന്ന് വിശ്വസിച്ചിരുന്ന എംഎല്‍എമാര്‍ എല്ലാവരും മറുകണ്ടം ചാടിയതോടെ അജിത് പവാറും പഴയ കൂടാരത്തിലേക്ക് തന്നെ മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം ശക്തമാക്കിയിട്ടുണ്ട്. എന്‍സിപി എംഎല്‍എ ദീലീപ് വല്‍സെ പാട്ടീല്‍ ശരദ് പവാറിന്‍റെ നിര്‍ദ്ദേശമനുസരിച്ച് അജിത് പവാറിന്‍റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. പുതിയ നിയമസഭാകക്ഷി നേതാവായ ജയന്ത് പാട്ടീലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിയിരുന്നു. അജിത് മറുകണ്ടം ചാടിയതോടെയാണ് ജയന്തിനെ എന്‍സിപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
അതേസമയം ബിജെപി എംപി സഞ്ദയ് കാക്കറെ ശരദ് പവാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കാക്കറെ ഉടന്‍ എന്‍സിപിയിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാക്കറെയുടെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കാക്കറെയെുടെ സന്ദര്‍ശനത്തിന് ശേഷമാണ് ശരദ് പവാര്‍ അജിത് പവാറുമായുള്ള അനുനയനീക്കങ്ങള്‍ ശക്തമാക്കിയതെന്നതും നിര്‍ണായകമാണ്. ഏത് നിമിഷം വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും ബിജെപി ഇന്നലെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കിയത് തെറ്റായ വിവരങ്ങളാണെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 145 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. തങ്ങള്‍ക്കൊപ്പം 51 എംഎല്‍എമാര്‍ ഉണ്ടെന്നാണ് എന്‍സിപിയുടെ നിലപാട്.
Leave a Reply
You must be logged in to post a comment.