അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍; ഒരു പിന്തുണയും പാര്‍ട്ടിയും സര്‍ക്കാരും നല്‍കില്ല

തിരുവനന്തപുരം: കോഴിക്കോട് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹാ ഫസലും മാവോയ്‌സ്റ്റുകള്‍ തന്നെയെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും മാവോയിസ്റ്റുകളാണെന്നു വ്യക്തമായില്ലേ എന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

മാവോയിസ്റ്റുകള്‍ക്ക് ഒരു പിന്തുണയും പാര്‍ട്ടിയും സര്‍ക്കാരും നല്‍കില്ലെന്നും അദേഹം വ്യക്തമാക്കി. അലന്‍ ഷുഹൈബിനും താഹ ഫസലും പിന്തുണ നല്‍കിയ മന്ത്രിസഭയിലെ മന്ത്രിമാരെയും ഘടകകക്ഷിയായ സിപിഐയെയും പൂര്‍ണമായും തള്ളിയാണ് മുഖ്യമന്ത്രി ഇന്ന് സംസാരിച്ചത്. കേന്ദ്ര സുരക്ഷാ ഏജന്‍സികളടക്കം കൃത്യമായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഹാജരാക്കിയതോടെയാണ് അലനെയും താഹയെയും അദേഹം തള്ളിപ്പറയാന്‍ തയാറായത്.

ഇതോടെ ഇവര്‍ക്കെതിരേ ചുമത്തിയ യു.എ.പി.എ കേസ് റദ്ദാക്കില്ലെന്നും പോളിറ്റ് ബ്യൂറോ അംഗങ്ങളും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതുപ്രകാരം യു.എ.പി.എ ചുമത്തിയത് റദ്ദാക്കുമെന്ന പ്രതീക്ഷകൂടിയാണ് ഇല്ലാതാകുന്നത്. പൊലിസിന്റെ വഴിയെ തന്നെയാണ് മുഖ്യമന്ത്രിയെന്നും വ്യക്തമാവുകയാണ്.

നേരത്തെ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അലന്‍ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച്‌ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.

പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയത്.

അതേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*