ആൾമാറാട്ടം അരങ്ങുതകർക്കുന്നത് നേതൃനിരയിൽ ?!!
തൃശ്ശൂർ: ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്റെ വ്യാജ പി.എ. േപാലീസിന്റെ ചെലവിൽ നഗരത്തിൽ താമസിച്ചത് മൂന്നുദിവസം. കുമ്മനം രാജശേഖരന്റെ മുൻ പി എ ആണെന്ന അവകാശവാദത്തിൽ പോലീസിനെ പറ്റിച്ചു താമസിച്ചശേഷം മുങ്ങിയ വിരുതനെ പോലീസ് അന്വേഷിക്കുന്നു.
മറ്റൊരു ജില്ലയിലെ പോലീസ് ഉന്നതോദ്യോഗസ്ഥന്റെ വിളിയനുസരിച്ച് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ താമസമൊരുക്കിയ തൃശ്ശൂരിലെ പോലീസുകാരോട് തന്റെ പേഴ്സ് നഷ്ടമായെന്നും രണ്ടുദിവസം തങ്ങാൻ സൗകര്യം ചെയ്തുകൊടുക്കണമെന്നും ഭാഷ്യമവതരിപ്പിച്ചു വി.ഐ.പി ആയ ‘പി.എ’, സ്റ്റേഷൻചുമതലയുള്ള ഉദ്യോഗസ്ഥനെ ഹോട്ടലിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാണ് മടങ്ങുകയെന്ന് ചോദിച്ചപ്പോൾ താൻ സുരേഷ്‌ഗോപി എം.പി.യുടെ സ്റ്റാഫിൽ ഉടൻ കയറുമെന്നും അവിണിശ്ശേരി പഞ്ചായത്ത് എം.പി. ദത്തെടുക്കുന്നുണ്ടെന്നും അതിന്റെ ചർച്ച കഴിഞ്ഞാൽ മടങ്ങുമെന്നും മറുപടി കിട്ടിയതോടെ പോലീസ് തിരികെപ്പോയി.
പിന്നീട് ആരോടും പറയാതെ ഹോട്ടലിെൻറ മുറി പൂട്ടിപ്പോയ ഇയാൾ ഒരാഴ്‌ച കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ഹോട്ടലധികൃതർ പോലീസിനെ വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. പോലീസ് എടുത്തുനൽകിയ മുറിയായതിനാൽ കാത്തിരിക്കുകയായിരുന്നുവെന്നാണ് ഹോട്ടലുകാർ പറയുന്നത്. മുറി തുറന്ന് പരിശോധിച്ചപ്പോൾ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെയാണ് അഭിനവ’പി.എ’ മുങ്ങിയതെന്ന് മനസ്സിലായി. കബളിപ്പിക്കപ്പെട്ടോയെന്ന് ഉറപ്പാക്കാൻ ജില്ലയിലെ ബി.ജെ.പി. നേതാക്കളിൽ ചിലരോട് പോലീസ് രഹസ്യമായി വിവരം തിരക്കിയപ്പോൾ കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു പി.എ. ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത് .
കൊല്ലം ജില്ലയിലെ യുവമോർച്ച മുൻ നേതാവാണ് ഇയാളെന്നാണ് പോലീസിന് കിട്ടിയ വിവരം. നിരവധിയിടങ്ങളിൽ സമാനമായ രീതിയിൽ കബളിപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പാർട്ടിനേതാക്കൾക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഇയാൾ നേരത്തേ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണ്.
Leave a Reply
You must be logged in to post a comment.