ഞാന്‍ ഇന്നും ജീവിച്ചിരിക്കാന്‍ കാരണം ബാല്‍താക്കറെയാണ്; അമിതാഭ് ബച്ചന്‍
ഞാന്‍ ഇന്നും ജീവിച്ചിരിക്കാന്‍ കാരണം ബാല്‍താക്കറെയാണ്; അമിതാഭ് ബച്ചന്‍
ശിവസേന നേതാവ് ബാല്‍ താക്കറെയുമായി അത്യപൂര്‍വ്വമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബോളിവുഡിന്റെ മെഗാസ്റ്റാറായ അമിതാഭ് ബച്ചന്‍.
ഇന്നും ഈ ഭൂമിയില്‍ അമിതാഭ് ബച്ചന്‍ എന്ന വ്യക്തി ജീവിച്ചിരിക്കുന്നതിന് കാരണക്കാരനായ ഒരാളായാണ് ബിഗ് ബി, ബാല്‍ താക്കറെയെ കാണുന്നത്.
ബാല്‍ താക്കറെയും ശിവസേനയുടെ ആംബുലന്‍സും ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. ജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവാസുദ്ദീന്‍ സിദ്ദിഖി കേന്ദ്രകഥാപാത്രമാകുന്ന ‘താക്കറെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലായിരുന്നു ബാല്‍ താക്കറെയുമായുള്ള സൗഹൃദത്തെ കുറിച്ച് അമിതാഭ് ബച്ചന്‍ വികാരഭരിതനായി സംസാരിച്ചത്.
1983 ല്‍ ‘കൂലി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഗുരുതരമായൊരു അപകടത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടുവിന് ഗുരുതരമായ പരിക്കേറ്റ തന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ. എന്നാല്‍ മോശം കാലാവസ്ഥ കാരണം വാഹനങ്ങളൊന്നും ലഭിക്കാതെ സെറ്റിലെ യൂണിറ്റ് മൊത്തം നിസ്സഹായരായ അവസ്ഥ.
ആ സമയത്ത് ബാല്‍ താക്കറെ ശിവസേനയുടെ ആംബുലന്‍സ് വിട്ടുതന്ന് സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് ബച്ചന്‍ ഓര്‍ക്കുന്നു.
‘എനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയൊരു ആവശ്യം വന്നപ്പോള്‍ ബാലസാഹബ് ആണ് എന്നെ രക്ഷിച്ചത്. ബാലസാഹബ് തന്ന പിന്തുണ കൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഏറെ അടുപ്പവും സൗഹൃദവുമൊക്കെയുണ്ടായിരുന്നു.
ഞാനദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു,’ അമിതാഭ് പറഞ്ഞു. ബാല്‍ താക്കറെയ്ക്ക് തന്റെ കുടുംബവുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും കല്യാണം കഴിഞ്ഞതു മുതല്‍ ജയ ബച്ചനെ അദ്ദേഹം സ്വന്തം മരുമകളെ പോലെയാണ് കണ്ടിരുന്നതെന്നും അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply