അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ചതിക്കപ്പെട്ടെന്ന് ഹണി

അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ഇയാളുടെ വളിപ്പ് ഇവിടെ വേണ്ടെന്ന് മുകേഷിനോട്‌ ഷമ്മി… ചതിക്കപ്പെട്ടെന്ന് ഹണി

താരസംഘടനയായ ‘അമ്മ’യ്ക്ക് പുലിവാലൊഴിഞ്ഞ നേരമില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനനുകൂലമായി സംഘടന കൈകൊണ്ട നിലപാടുകൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിരുന്നു.ചേരിതിരിവും ഇറങ്ങിപ്പോക്കും കത്ത് പൂഴ്ത്തലും വിവാദ പരാമർശങ്ങളുമൊക്കെയായി ‘അമ്മ’ വാർത്തകളിൽ നിറഞ് നിൽക്കുമ്പോൾ ഏറ്റവും പുതിയ വാർത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ മുകേഷും ഷമ്മി തിലകനും തമ്മിലുണ്ടായ വാക്കേറ്റമാണ്.

അതെ സമയം സംഘടനയുടെ നിർദേശപ്രകാരം നടിയുടെ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയ താൻ ചതിക്കപ്പെട്ടു എന്ന് ഹണി റോസ് പരാതിപ്പെട്ടതും അമ്മയെ ആപ്പിലാക്കി.’അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിൽ തിലകനും സംഘടനയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഷമ്മിയുമായി ചർച്ച ചെയ്യവേ വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനിരുന്ന തന്നെ പാരവയ്പ്പിലൂടെ പുറത്താക്കിയത് മുകേഷാണെന്ന് ഷമ്മി തുറന്നടിച്ചു.
മാന്നാർ മത്തായി സ്‌പീക്കിങ് -2 ന്റെ സെറ്റിൽ വച്ച് ‘വിനയന്റെ സിനിമയിൽ അഭിനയിച്ചാൽ നീ അനുഭവിക്കു’ മെന്ന് മുകേഷ് പറഞ്ഞതായും ഷമ്മി ആരോപിച്ചു.ഇതിന് മറുപടിയായി തിലകനെയും ഷമ്മിയെയും ചേർത്ത് തമാശ പറഞ്കൊണ്ടാണ് മുകേഷ് പ്രതികരിച്ചത്.അത് ഷമ്മിയെ കൂടുതൽ ചൊടിപ്പിച്ചു. തന്റെ വളിപ്പുകൾ ഇവിടെ വേണ്ടെന്നും തന്നെയൊക്കെ ജയിപ്പിച്ചു വിട്ട സി.പി.എം നെ പറഞ്ഞാൽ മതിയെന്നും ഷമ്മി പറഞ്ഞതോടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി.

ഒടുവിൽ മോഹൻലാലുൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.ഇതിന് പുറമെയാണ് താൻ ചതിക്കപ്പെട്ടെന്ന പരാതിയുന്നയിച്ച് ഹണി റോസ് രംഗത്ത് വന്നത്. അമ്മയുടെ നിർദേശപ്രകാരം ഹണിറോസും രചന നാരായണൻകുട്ടിയും നടിയുടെ കേസിൽ കക്ഷി ചേരൽ ഹർജി നൽകിയിരുന്നു. മോഹൻലാലിന്റെ നിർദേശപ്രകാരമാണ് ഹർജി തയ്യാറാക്കിയ ബാബു രാജുമായി താൻ സംസാരിച്ചതെന്നും ഹർജിയിലെ മുഴുവൻ പേജുകളും തന്നെ കാണിച്ചിരുന്നില്ലെന്നും ഹണി പറഞ്ഞു.
ഹർജി കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്ട്സ്ആപ് ചെയ്‌താൽ മതിയെന്നുമായിരുന്നു നിർദേശം. അതിന് വഴങ്ങാതിരുന്നപ്പോൾ ഒന്നും മൂന്നും പേജുകൾ മാത്രം അയച്ചുനൽകി.

പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്ന രണ്ടാം പേജ് താൻ കണ്ടിരുന്നില്ലെന്ന് ഹണി പറഞ്ഞു. ഇക്കാരണത്താൽ താൻ ഒറ്റപ്പെട്ടുവെന്നും ചതിക്കപ്പെട്ടെന്നും ഹണി കൂട്ടിചേർത്തു.നടിയുടെ കേസിൽ കക്ഷി ചേരാനുളള തീരുമാനം ഹണിയും, രചനയും സ്വമേധയാ എടുത്തതാണെന്ന് ജഗതീഷുൾപ്പെടെയുള്ളവർ അമ്മയുടെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*