അനഘയ്ക്കും അമിതക്കും ടെറസിട്ട വീട് : ലൈഫില്‍ ജീവിതം മാറി വിദ്യാര്‍ത്ഥിനികള്‍
അനഘയ്ക്കും അമിതക്കും ടെറസിട്ട വീട്:ലൈഫില്‍ ജീവിതം മാറി വിദ്യാര്‍ത്ഥിനികള്‍
ആലുവ: അനഘയ്ക്കും അമിതക്കും ഇനി പുറത്തിരുന്നു പഠിക്കണ്ട. പുസ്തകങ്ങളില്‍ മഴയും വെയിലും ഏല്‍ക്കില്ല. ആസ്ബസ്‌റ്റോസ് ഷീറ്റിന്റെ അരക്ഷിതാവസ്ഥയില്‍നിന്നും ടെറസ് വീടിന്റെ സുരക്ഷിതത്വത്തില്‍ ഉറങ്ങാം. പുതിയ വീട്ടിലെ പുതിയ ലൈഫില്‍ സന്തോഷം വാനോളം.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കളാണ് അമിതയും അനഘയും. പൊയ്ക്കാട്ടുശ്ശേരി പുക്കാട്ട് വീട്ടില്‍ മണിയുടെയും സിന്ധുവിന്റെയും മക്കള്‍. പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് ലഭിച്ചത് തീര്‍ത്തും നിര്‍ധനനായ മണിക്കാണ്.
ഓട്ടോറിക്ഷാ തൊഴിലാളിയായ മണിക്ക് ടെറസ് വീടെന്നത് സ്വപ്നം മാത്രമായിരുന്നു. തറവാട്ടില്‍ നിന്നും പുതിയ സ്ഥലത്തേക്ക് മാറുമ്പോള്‍ ആകെയുള്ളത് ആറ് സെന്റ് സ്ഥലം മാത്രം. അതില്‍ ആസ്ബസ്‌റ്റോസ് ഷീറ്റു മേഞ്ഞ ചെറിയ കൂര.വിദ്യാര്‍ത്ഥികളായ മക്കള്‍ പുറത്തിരുന്നാണ് പഠിച്ചിരുന്നത്.
ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം വീട്ടിലെ ചിലവും മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചെലവും കഴിയുമ്പോള്‍ ബാക്കിയില്ല. വീട് വയ്ക്കണമെന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്നു നടക്കുമെന്നു കരുതിയില്ലെന്നു മണി പറയുന്നു. ലൈഫ് പദ്ധതിയാണ് രക്ഷയായത്.
ഇപ്പോള്‍ സന്തോഷമുണ്ട്. സര്‍ക്കാരിനോട് നന്ദിയും. മെമ്പര്‍ അംബികാ പ്രകാശന്റെ നിര്‍ദ്ദേശ പ്രകാരമാണ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നു കരുതി. പക്ഷേ ആദ്യം 40,000 രൂപ കിട്ടി. അതിനു ശേഷം രണ്ടു മൂന്നു തവണകളായി ബാക്കിയുള്ളതും. മൊത്തം നാലു ലക്ഷം രൂപയാണ് കിട്ടിയത്. 420 ചതുരശ്ര അടിയിലുള്ള വീട് പണിതു.
ടെറസ് വീട് കിട്ടിയതിന്റെ സന്തോഷം അനഘയും അമിതയും മറച്ചുവയ്ക്കുന്നില്ല. പഴയ വീട്ടില്‍ ഞങ്ങള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യമില്ലായിരുന്നു. അടുക്കളയും കിടപ്പുമുറിയും മാത്രമാണുണ്ടായിരുന്നത്. ഇനി ഞങ്ങള്‍ക്ക് വീടിന്റെ അകത്തിരുന്ന് പഠിക്കാം. സന്തോഷമായി. ഡിഗ്രിക്കു പഠിക്കുന്ന അനഘയും പത്താം ക്ലാസുകാരിയായ അമിതയും ഒരേ സ്വരത്തില്‍ പറയുന്നു.
പണ്ട് ഗ്രാമസഭകളില്‍ നിന്നും കരഞ്ഞ് ഇറങ്ങിപ്പോയിട്ടുണ്ട് സിന്ധു. വീട് നല്‍കാമെന്ന് ആദ്യം പറയും. ഗ്രാമസഭയില്‍ ലിസ്റ്റ് നോക്കുമ്പോള്‍ പേരു കാണില്ല. ജയിച്ചാല്‍ സിന്ധുവിന് വീട് നിര്‍ബന്ധമായും നല്‍കണമെന്ന വാശി മനസില്‍ സൂക്ഷിച്ചിരുന്നതായി പഞ്ചായത്തംഗം അംബികാ പ്രകാശന്‍ പായുന്നു. ദുരിതമായിരുന്നു സിന്ധുവിന്റെയും മണിയുടെയും ജീവിതം. വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അംബിക പറഞ്ഞു.
Leave a Reply