പക്ഷിമുട്ട പൊട്ടിച്ചതിന് അഞ്ചു വയസ്സുകരിക്ക് പ്രാകൃത ശിക്ഷാ വിധി നടപ്പാക്കി
പക്ഷിമുട്ട പൊട്ടിച്ചതിന് അഞ്ചു വയസ്സുകരിക്ക് പ്രാകൃത ശിക്ഷാ വിധി നടപ്പാക്കി
ജയ്‍പുർ: പക്ഷിമുട്ട പൊട്ടിച്ചതിന് ശിക്ഷയായി അഞ്ചുവയസ്സുകാരിയെ 11 ദിവസം വീടിനുപുറത്ത് നിർത്തി. സംഭവത്തിൽ ഗ്രാമത്തലവൻമാർക്കെതിരേ നടപടിക്കൊരുങ്ങി രാജസ്ഥാൻ ബാലാവകാശസമിതി. ഹിന്ദോളി ഗ്രാമത്തിലാണ് സംഭവം. ജൂലായ് രണ്ടിനാണ് കുട്ടി ആദ്യമായി സ്കൂളിലെത്തിയത്.
പാലുവാങ്ങാൻ വരിനിൽക്കുകയായിരുന്ന അഞ്ചു വയസ്സുകാരി അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിക്കുകയായിരുന്നു.അതോടെ സംഭവം ഗ്രാമത്തലമാർക്കുമുന്നിലെത്തി.ശിക്ഷ ഒഴിവാക്കാനായി കുട്ടിയുടെ അച്ഛനോട് മദ്യവും ലഘുഭക്ഷണവും നൽകാനും വായ്പയായി എടുത്ത 1500 രൂപ തിരിച്ചുതരാനുമാണ് ഗ്രാമത്തലൻമാർ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് സാധിക്കാതെ വന്നതിനാൽ കുട്ടിയെ 11 ദിവസം വീടിനുപുറത്താക്കാൻ നിർദേശിച്ചു.
കടുത്തചൂടിൽ കയറുകട്ടിലിലാണ് 11 ദിവസം പെൺകുട്ടി കഴിച്ചുകൂട്ടിയത്. ഈ ദിവസങ്ങളിൽ, എല്ലാവരും തൊട്ടുകൂടാത്തവളോടെന്നപോലെയാണ് കുട്ടിയോട് പെരുമാറിയത്.കുട്ടിയുടെ അമ്മയ്ക്ക് ആശ്ലേഷിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല.കുട്ടിയ്ക്കു പുറമേ വീട്ടുകാരോടും മോശമായ പേരുമാറ്റമാണ് ഉണ്ടായത്.
ഇവരുടെ വീട്ടിൽനിന്ന് വെള്ളംപോലും കുടിക്കരുതെന്നും കുട്ടിയുടെ ഗർഭിണിയായ അമ്മയുടെ പ്രസവമെടുക്കാൻ ആരും പോകരുതെന്നും ഗ്രാമവാസികൾക്ക് നിർദേശമുണ്ടായി. ശിക്ഷാ കാലാവധിയായ 11 ദിവസം കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ ‘ഗംഗാസ്നാനം’ നടത്താനും നിർദേശിച്ചിരുന്നു.
കുട്ടിയെ അമ്മയിൽനിന്ന് അകറ്റിയതിനും ജാതി മുൻനിർത്തി നടത്തിയ മാനസികപീഡനത്തിനും ഗ്രാമത്തലവൻമാർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ ബാലാവകാശസമിതി അദ്ധ്യക്ഷ മനൻ ചതുർവേദി ഉത്തരവിട്ടു. ഗ്രാമത്തിലെ സർപാഞ്ചുകളുമായി നിരന്തരം ആശയവിനിമയം നടത്താനും ഇത്തരം പ്രാകൃതമായ നടപടികൾ സ്വീകരിക്കുന്നതിനെതിരേ ബോധവത്കരണം നടത്താനും ബ്ലോക്ക് വികസനവകുപ്പ് അധികൃതർക്ക് നിർദേശവും നൽകിയതായും മനൻ കൂട്ടിച്ചേർത്തു.
Leave a Reply