അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക്
അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക്
ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ നഷ്ടപ്പെടാൻ എന്ന് പറയാറുണ്ട്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു ജീവൻ രക്ഷിച്ച് നാട്ടിലെ താരമായി മാറിയിരിക്കുകയാണ് കൊൽക്കത്താകാരിയായ റുംപ പ്രമാണിക്ക് എന്ന പതിനൊന്നാം ക്ലാസ്സുകാരി.കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് 220 km അകലെ നാരായൺ ഘട്ട് എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്.
ഇംഗ്ലീഷ് ക്ലാസ്സ് തകൃതിയായി നടക്കുന്നതിനിടയിൽ റുംപയൊന്ന് പുറത്തേക്ക് നോക്കി. ജനലിലൂടെ അവൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. സ്കൂളിൽ നിന്നുമൊരല്പം അകലെയുള്ള കുളത്തിലേക്ക് ഒരു കൊച്ചുകുഞ്ഞ് ഒറ്റയ്ക്ക് നടന്നുപോകുന്നു. നിമിഷങ്ങൾക്കകം ആ കുഞ്ഞ് കാൽവഴുതി വീഴുന്നതു കണ്ട റുംപ മറ്റൊന്നുമോർക്കാതെ ടീച്ചറോട് അനുവാദം പോലും ചോദിക്കാതെ ക്ലാസ്സ് മുറി വിട്ട് പുറത്തേക്കോടി.
ക്ലാസ്സിൽ നിന്നൊരു കുട്ടി പെട്ടന്ന് പുറത്തേക്കോടിപ്പോയത് കണ്ടമ്പരന്ന ടീച്ചർ ക്ലാസ്സിന് വെളിയിലേക്കിറങ്ങുമ്പോഴേക്കും റുംപ 50 മീറ്റർ അകലെയുള്ള ആ കുളത്തിനരികിൽ എത്തിയിരുന്നു. അവളവിടെ എത്തുമ്പോൾ ആ കുഞ്ഞ്കൈകൾ മാത്രമാണ് വെള്ളത്തിന് മുകളിലുണ്ടായിരുന്നത്. കുളത്തിലേക്ക് ചാടി മുങ്ങിത്താണുകൊണ്ടിരുന്ന ആ കൈകളിൽ പിടിച്ചുയർത്തി ആ മൂന്ന് വയസ്സുകാരനെ റുംപ നീന്തി കരയ്‌ക്കെത്തിച്ചു.
അവശനിലയിലായിരുന്ന ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോഴാണ് അത് തന്റെ അയൽക്കാരന്റെ മകൻ രാഹുൽ ആണെന്ന് അവൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും സ്കൂൾ അധികൃതർ എത്തി കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.ഒരു സാധാരണ കർഷകകുടുംബത്തിലെ അംഗമായ റുംപയെ തേടി ലോകത്തിന്റെ പല കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ക്ലാസ് നടക്കുന്ന സമയത്ത് പുറത്തേക്ക് നോക്കിയിരിക്കുന്ന പിള്ളേരെ കാണുന്നതേ ദേഷ്യമാണ് അധ്യാപകർക്ക്. എന്നാലിപ്പോ സ്വന്തം സുരക്ഷ പോലും നോക്കാതെ ഒരു കൊച്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ റുംപ കാണിച്ച ധീരതയും മനഃസാന്നിധ്യവും ഓർത്ത് അഭിമാനിക്കുകയാണ് അവളുടെ അധ്യാപകരും സഹപാഠികളും.ഒരപകടം കണ്മുന്നിൽ കണ്ടാലും കണ്ടില്ലെന്ന് നടിച്ച് കടന്ന് പോകുന്ന നമുക്കും റുംപ ഒരു വലിയ പാഠപുസ്തകം തന്നെ.
Leave a Reply