ബിസിനസ്‌ രംഗത്ത്‌ വീണ്ടും സജീവമാകാനോരുങ്ങി ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍

ബിസിനസ്‌ രംഗത്ത്‌ വീണ്ടും സജീവമാകാനോരുങ്ങി ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു l Atlas Ramachandran comes back l Rashtrabhoomi
ദുബായ് : മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ജനകോടികളുടെ വിശ്വസ്തത നേടാനൊരുങ്ങി അറ്റ്‌ലസ് രാമചന്ദ്രൻ. ഏതാനും ബാങ്കുകളുമായുള്ള വായ്പാ ഇടപാടുകൾ തീർക്കാനും സമാന്തരമായി ദുബായിൽ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്കു കടക്കാനുമാണ് ശ്രമം.

മൂന്നുവർഷത്തെ ജയിൽവാസത്തിനുശേഷം ഈയിടെ പുറത്തിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രൻ കഴിഞ്ഞദിവസം വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ബാങ്കുകളുടെ വായ്പാപ്രശ്നങ്ങളും രാമചന്ദ്രന്റെ ഭാവിപരിപാടികളും ഇവിടെ ചർച്ചയായി. ഈമാസം 31-നുമുമ്പ് പുതിയ പദ്ധതികളുടെ പ്രാഥമികവിവരം സമർപ്പിക്കുമെന്നാണ് ചർച്ചയിലെ ധാരണ.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അറ്റ്‌ലസ് ജൂവലറികളുടെയും അനുബന്ധകമ്പനികളുടെയും വിവരങ്ങളും ഈ ചർച്ചകളിൽ വിഷയമായി.മൂന്നുമാസത്തിനകം ദുബായിൽ പുതിയ ഷോറൂം തുറക്കുമെന്നാണ് സൂചന. രാമചന്ദ്രനുമായി ചേർന്ന് അറ്റ്‌ലസ് എന്ന ബ്രാൻഡിൽ നിക്ഷേപിക്കാൻ ഇന്ത്യയിൽനിന്നും യു.എ.ഇ.യിൽനിന്നും ഒട്ടേറെപേർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ അദ്ദേഹം.

സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകൾ സാമാന്യം നന്നായി പ്രവർത്തിക്കുന്നുണ്ട്. മസ്കറ്റിലെ ഷോറൂമും തുടരും. ഇന്ത്യയിൽ അറ്റ്‌ലസ് ജൂവലറി എന്നപേരിൽ പ്രവർത്തിക്കുന്ന കമ്പനി വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ബെംഗളൂരുവിലെ ഷോറൂമിൽ നല്ല വിൽപ്പനയുണ്ട്. മഹാരാഷ്ട്രയിലെ താനെയിലും ഷോറൂമുണ്ട്. അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് മുംബൈ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്ഥാപനമാണ്.
പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ഇപ്പോൾ 154 രൂപ വരെയായി മൂല്യം ഉയർന്നിട്ടുണ്ട്. ഇതിൽ അഞ്ചുകോടി ഓഹരികൾ രാമചന്ദ്രന്റെ പേരിലുണ്ട്. ഇന്നത്തെ വിപണിവിലയനുസരിച്ച് ഇതിന് 750 കോടി രൂപയോളം വരും. അയ്യായിരത്തോളം ഓഹരി ഉടമകളുടെ സമ്മതപ്രകാരം ഈ കമ്പനിക്ക് യു.എ.ഇ.യിൽ ഒരു അനുബന്ധകമ്പനി തുടങ്ങാൻ പ്രയാസമില്ല. ഇതിലേക്ക് കൂടുതൽ ഫണ്ടുകൾ സമാഹരിച്ച് ദുബായിൽ വീണ്ടും ഒരു തുടക്കം എന്നതാണ് പ്രധാനപദ്ധതിയായി അറ്റ്‌ലസ് രാമചന്ദ്രൻ മനസ്സിൽക്കാണുന്നത്.

ഇതോടൊപ്പം അറ്റ്‌ലസിന്റെ ഫ്രാഞ്ചൈസികൾ നൽകുന്നതും സജീവപരിഗണനയിലാണ്. അതിനു പ്രധാനമായി ആവശ്യം നല്ലൊരു ആഭരണ നിർമാണശാലയാണ്. യു.എ.ഇ.യിൽത്തന്നെ അത് പെട്ടെന്ന് തുടങ്ങാനുള്ള സംവിധാനങ്ങൾ ലഭ്യമാണ്. ഇന്ത്യയിലെ കമ്പനിയുടെ അനുബന്ധമായും ഈ ഫാക്ടറി തുടങ്ങാം. പുതുതായി ദുബായിലൊരു ഷോറൂം തുടങ്ങാൻ മൂന്നുകോടി ദിർഹത്തോളം സമാഹരിക്കേണ്ടിവരും.

അറ്റ്‌ലസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹം പുതിയ കാൽവെപ്പിൽ തനിക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് രാമചന്ദ്രൻ.‘‘പണമിടപാടുസംബന്ധിച്ച് ഇപ്പോൾ ക്രിമിനൽക്കേസുകളൊന്നും നിലവിലില്ല. എന്നാൽ, ബാങ്കുകളുടെ കുടിശ്ശികയുണ്ട്. ചർച്ചകളിലൂടെ അവശേഷിക്കുന്നത് കൊടുത്തുതീർക്കുകതന്നെ ചെയ്യും. അല്ലാതെ ഇവിടെനിന്ന് വിട്ടുപോകാനുള്ള ഉദ്ദേശ്യമില്ല. 1991-ൽ എട്ടുകിലോ സ്വർണവുമായി തുടങ്ങിയ ജൂവലറി ബിസിനസ്സ് 2014-ൽ നാൽപ്പതുഷോറൂമുകളായി വളർന്നിരുന്നു. ആ ആത്മവിശ്വാസം ഇപ്പോഴുമുണ്ട്’’ -അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*