അധികം വൈകാതെ തന്നെ തിരിച്ചു വരുമെന്ന് ജനകോടികളുടെ വിശ്വസ്ത മുതലാളി അറ്റ്‌ലസ് രാമചന്ദ്രന്‍

അധികം വൈകാതെ തന്നെ തിരിച്ചു വരുമെന്ന് ജനകോടികളുടെ വിശ്വസ്ത മുതലാളി അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബായ്: അധികം വൈകാതെ തന്നെ പഴയരീതിയില്‍ സ്വര്‍ണ്ണാഭരണ വ്യാപാരത്തിലേക്ക് തിരിച്ചെത്തുമെന്ന് മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം.രാമചന്ദ്രന്‍. ബാങ്കുകളുമായുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവരുന്നു. ഇനിയും ചില നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ദുബായില്‍ തന്നെ ഒരു ഷോറൂം തുറക്കണമെന്നാണ് ലക്ഷ്യമിടുന്നത്.

എന്നെ വിശ്വസിച്ച ജനങ്ങള്‍ ആ സംരംഭത്തിലും എന്നോടൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് കരുതുന്നത് എന്ന് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചത്. ഒരു ബാങ്കുമായുള്ള ഇടപാടില്‍ ചെറിയ വീഴ്ചയുണ്ടായി. തുടക്കത്തില്‍ ചെറുതായിരുന്നെങ്കിലും അത് യഥാസമയം പരിഹരിക്കാന്‍ കഴിയാഞ്ഞത് കുഴപ്പമായി. അത് മറ്റു ബാങ്കുകളുടെ ഇടപാടിനെയും ബാധിച്ചു. എന്തായാലും ചര്‍ച്ചകളിലൂടെ തന്നെ എല്ലാം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
മസ്‌കറ്റിലെ ആശുപത്രികള്‍ ഉള്‍പ്പെടെ ചില ആസ്തികള്‍ വിറ്റ് ആനുപാതികമായി എല്ലാ ബാങ്കുകള്‍ക്കുമായി കുറെ പണം നല്‍കിയിട്ടുണ്ട്. എല്ലാം അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മൂന്ന് വര്‍ഷത്തോളമാണ് ജനങ്ങളില്‍നിന്ന് വിട്ടുനിന്നത്. അത് എല്ലാ അര്‍ത്ഥത്തിലും ഒരു പാഠമായി. ഇനി ബിസിനസ്സില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ മറ്റ് പരിപാടികളെല്ലാം മാറ്റിവെക്കുകയാണ്.

നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അനുമതി ലഭിക്കാനുമുള്ള സമയം വേണ്ടതുണ്ട്. അത് ലഭിച്ചാലുടന്‍ പുതിയ സംരംഭവുമായി വീണ്ടുമെത്തും. അതും പഴയ രാമചന്ദ്രനായിട്ട് തന്നെയായിരിക്കും. ദുബായില്‍ ഒരു ഷോറൂം തുടങ്ങിക്കൊണ്ടായിരിക്കും ആ തുടക്കം…അദ്ദേഹം പറഞ്ഞു. വ്യാപാരം നല്ല രീതിയില്‍ നടന്നുവന്ന കാലത്ത് എന്റെ ഭാഗത്ത് ചില വീഴ്ചകളുണ്ടായി. ചുമതലയേല്‍പ്പിച്ചവരെ പൂര്‍ണമായും വിശ്വസിച്ചു. അവര്‍ ആ സ്വാതന്ത്ര്യം കുറെ ദുരുപയോഗം ചെയ്തു.
അതുപോലെ ചില ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഉപദേശങ്ങളെയും വിശ്വസിച്ചു. അതും വീഴ്ചക്ക് കാരണമായി. എന്തായാലും എന്റെ വീഴ്ചകള്‍ ഞാന്‍ കണ്ടെത്തി, തിരിച്ചറിഞ്ഞു. ഇനിയൊരു സംരംഭത്തിന് മുതിരുമ്പോള്‍ ഈ പാഠങ്ങള്‍ എന്റെ മനസ്സിലുണ്ടാവും. ആ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാവും എന്റെ ശ്രദ്ധ- രാമചന്ദ്രന്‍ പറഞ്ഞു.

അഭ്യൂഹങ്ങളാണ് എല്ലായിടത്തെയും പ്രശ്നം. വലിയ യുദ്ധങ്ങളെ പോലും അഭ്യൂഹങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. എന്റെ കാര്യത്തിലും ഇത്തരം അഭ്യൂഹങ്ങളാണ് പ്രശ്നം വഷളാക്കിയത്. എന്തായാലും അതിനെയെല്ലാം അതിജീവിക്കുകയാണ്. എനിക്ക് പ്രതീക്ഷയുണ്ട്. വീണ്ടും കരുത്തോടെ തിരിച്ചുവരാനാവുമെന്ന കാര്യത്തില്‍. അത് വൈകാതെ നടക്കും. അതിനുള്ള പ്രയത്നത്തിലാണിപ്പോള്‍- രാമചന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply