അയ്യപ്പനും കോശിയും പിന്നെ സലീഷും!

അയ്യപ്പനും കോശിയും പിന്നെ സലീഷും!

പ്രേക്ഷകർ ഏറ്റുവാങ്ങിയ അയ്യപ്പനും കോശിയും എന്ന മലയാളസിനിമ ഏറെ ചർച്ച ചെയ്യപ്പെടുമ്പോൾ തൃശൂരുകാർക്ക് അതിൽ ഒരു സ്വകാര്യ സന്തോഷവുമുണ്ട്. സിനിമയിൽ ഡി.വൈ .എസ്.പി ചെറിയാൻ ജോർജ് ആയി വേഷമിട്ടിരിക്കുന്നത് തൃശൂർ വെസ്റ്റ് സി.ഐ സലീഷ് എൻ. ശങ്കരൻ ആണ്.

ഒറ്റവര പോലെ നേരെയങ്ങു വന്നുകയറിയതല്ല സലീഷ് കേരള പോലീസിൽ എന്നതുകൊണ്ട് സന്തോഷമുണ്ടെങ്കിലും അമിതമായ വൈകാരികത ഓളംതല്ലാത്തവിധം പക്വമാണ് ആ മനസ്സ്. തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര സ്വദേശിയാണ് സലീഷ്.

ചെത്തുതൊഴിലാളി ആയ അച്ഛൻ ശങ്കരൻ സലീഷിന്റെ പതിനഞ്ചാം വയസ്സിൽ തെങ്ങിൽനിന്നും വീണു മരിച്ചതിനുശേഷം ‘അമ്മ നളിനിയെയും മക്കളെയും കാത്തിരുന്നത് കഷ്ടപ്പാടിന്റെ നാളുകളായിരുന്നു. മൂന്നു മക്കളിൽ രണ്ടാമനായ സലീഷിന്റെ ജേഷ്ടൻ രോഗിയാണ്; ഇളയത് അനിയത്തിയും.

അതിജീവനപാതയിൽ പഠനത്തോടൊപ്പം കെട്ടിയാടിയ വേഷങ്ങൾ ചെത്തുതൊഴിലാളി, വാർക്കതൊഴിലാളി, കേറ്ററിംഗ് തൊഴിലാളി തുടങ്ങി പലതായിരുന്നുവെങ്കിലും അധ്യാപകനാവുക എന്ന ലക്‌ഷ്യം ഒരു സ്വകാര്യമായി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം, ബി.എഡ് എന്നിവ നേടുകയും സെറ്റ് പരീക്ഷ പാസ്സാവുകയും ചെയ്ത സലീഷിന് കേരളവർമ്മ കോളേജിലെ പഠനകാലത്തെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നത് നിയമസഭാ ചീഫ് വിപ്പ് കെ.രാജൻ, കൃഷിമന്ത്രി വി.എസ് സുനിൽകുമാർ, കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽകുമാർ, മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ തുടങ്ങിയവരാണ്.

അധ്യാപക ജോലിക്കുള്ള തയ്യാറെടുപ്പുകൾക്കിടെ സുഹൃത്ത് സുദർശൻ അയച്ച അപേക്ഷയിൽ കോൺസ്റ്റബിൾ ആയി 1998-ൽ ജോലിക്കു കയറിയ സലീഷ് 2003-ൽ എസ്.ഐ ആയി. പല സ്ഥലങ്ങളിൽ മാറിമാറിയുള്ള ജോലിക്കിടയിൽ ഇതിനോടകം മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നൂറിലധികം ഗുഡ് സർവീസ് എൻട്രിയും ലഭിച്ച സലീഷ് നിരവധി കൊലപാതകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്.

കഥകളും കവിതകളും ഗാനങ്ങളും രചന നിർവ്വഹിക്കുകയും ഹ്രസ്വചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുള്ള സലീഷിനെ ആ നിലയിൽ സഹപ്രവർത്തകർ പോലും മനസ്സിലാക്കുന്നത് സിനിമ വന്നതിനു ശേഷമാണ്. സ്കൂൾ-കോളേജ് കാലം മുതൽ നാടകാഭിനയപരിചയമുള്ള സലീഷിന് സംഗീതവും വഴങ്ങും.

സ്വയം രചിച്ചു ആദിവാസി യുവാവ് കുഞ്ഞികൃഷ്ണൻ ആലപിച്ച തുമ്പയും തുമ്പിയും എന്ന ഗാനം ശ്രദ്ദ്ധിക്കപ്പെട്ടു. സലീഷ് രചിച്ച 2 ഗാനങ്ങൾ കെ.ജി ജയൻറെ സംഗീതത്തിൽ പി.ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. സംഗീതവഴിയിലൂടെയുള്ള സഞ്ചാരത്തിനിടയിൽ സംവിധായകൻ സച്ചിയുടെ രൂപപ്പെട്ട സൗഹൃദമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.

കേരള പോലീസിന്റെ ബോധവൽക്കരണചിത്രങ്ങളിൽ തിരക്ക് എന്ന ഹ്രസ്വചിത്രത്തിൽ ക്യാമറക്കു മുന്നിലും സല്യൂട്ട് എന്ന ഹ്രസ്വചിത്രത്തിൽ ക്യാമറക്കു പിന്നിലും പ്രവർത്തനപരിചയമുള്ള സലീഷ് ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് സിനിമയുടെ ലോകത്തേക്ക് പ്രവേശിച്ചത്‌.

അട്ടപ്പാടി വനമേഖലയിലെ പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവവികാസങ്ങളാണ് അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രമേയം. പൃത്വിരാജ് (റിട്ട.ഹവിൽദാർ കോശി), ബിജു മേനോൻ (എസ്.ഐ അയ്യപ്പൻ നായർ) എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ തിളക്കമുള്ള വേഷമാണ് സലീഷിന്റെതും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*