മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് പിതാവ് ബാങ്കില്‍ കുഴഞ്ഞു വീണു

മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് പിതാവ് ബാങ്കില്‍ കുഴഞ്ഞു വീണു

മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് പിതാവ് ബാങ്കിനുള്ളില്‍ കുഴഞ്ഞുവീണു. പത്തനംതിട്ട സീതത്തോട് സ്വദേശി മാത്യുവാണ് കുഴഞ്ഞുവീണത്. മാത്യുവിന്റെ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വായ്പ നല്‍കാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം.

കര്‍ണാടകയിലെ കോലാറിലുള്ള ശ്രീദേവരാജ യുആര്‍എസ് കോളേജില്‍ ബിഎസ്സി നഴ്സിങ്ങിന് പഠിക്കുന്ന മകള്‍ക്ക് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീതത്തോട് ബ്രാഞ്ചിലാണ് മാത്യു എത്തിയത്. അഡ്മിഷന്‍ സമയത്ത് ബാങ്ക് വായ്പ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി മാത്യു പറയുന്നു. എന്നാല്‍ കോളേജിന് അംഗീകാരം ഇല്ലെന്ന് പറഞ്ഞ് ലീഡ് ബാങ്കിനെ സമീപിക്കാനും ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മാത്യു പറഞ്ഞു.

എട്ടുമാസക്കാലമായി വായ്പ ലഭിക്കാന്‍ ബാങ്കില്‍ കയറി ഇറങ്ങുന്നതായും മാത്യു വെളിപ്പെടുത്തി. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് മകള്‍ ചിഞ്ചുവിനെ കഴിഞ്ഞ ദിവസം കോളേജ് അധികൃതര്‍ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ മാത്യു ബാങ്കിലെത്തിയത്. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വായ്പ ലഭിച്ചത് ചൂണ്ടിക്കാണിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മകള്‍ ചിഞ്ചുവു പറയുന്നു. എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്നു വായ്പാ കോഴ്സിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിനി ഹാജരാക്കിയില്ലെന്നും ഇതു നല്‍കിയാല്‍ ഉടന്‍ വായ്പ നല്‍കുമെന്നും അറിയിച്ചതായാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply