അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ; പ്രകാശ് തമ്പിയുടെ മൊഴി

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ; പ്രകാശ് തമ്പിയുടെ മൊഴി

അപകടം നടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനമോടിച്ചിരുന്നത് അര്‍ജുനാണെന്ന് അറസ്റ്റിലായ പ്രകാശ് തമ്പി. പരുക്കേറ്റ് ആശുപത്രിയിലായിരുന്നപ്പോള്‍ ഇക്കാര്യം അര്‍ജുന്‍ തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. അര്‍ജുനോട് മൊഴി മാറ്റിയത് എന്തിനാണെന്നു ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി മൊഴി നല്‍കി. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെയാണ് അപകടത്തില്‍ അന്വേഷണം ശക്തിപ്പെട്ടത്.

അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശ് തമ്പി സമ്മതിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നാണ് പ്രകാശ് തമ്പി മൊഴി നല്‍കിയിരിക്കുന്നത്. അപകടസമയത്തു കാറോടിച്ചത് അര്‍ജുന്‍ ആയിരുന്നെന്നാണു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ക്രൈംബ്രാഞ്ചിനും പൊലീസിനും നല്‍കിയ മൊഴി. എന്നാല്‍, കാറോടിച്ചതു ബാലുവാണെന്നാണ് അര്‍ജുന്‍ പൊലീസിനോടു പറഞ്ഞത്. ലക്ഷ്മി പറഞ്ഞതായിരിക്കും സത്യമെന്ന വിശ്വാസത്തില്‍ തെളിയിക്കാനാണു ഹാര്‍ഡ് ഡിസ്‌ക് ശേഖരിച്ചതെന്ന നിലപാടിലാണു പ്രകാശ് തമ്പി. സംഭവസമയത്തെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണു ക്രൈംബ്രാഞ്ച്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*