ബോള്‍ഗാട്ടിയില്‍ കായല്‍ കൈയേറി വീട് നിര്‍മ്മാണം: എം.ജി ശ്രീകുമാര്‍ പത്താം പ്രതി

ബോള്‍ഗാട്ടിയില്‍ കായല്‍ കൈയേറി വീട് നിര്‍മ്മാണം: എം.ജി ശ്രീകുമാര്‍ പത്താം പ്രതി

ബോള്‍ഗാട്ടിയില്‍ കായല്‍ കൈയ്യേറി വീട് നിര്‍മ്മിച്ചുവെന്ന കേസില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ പത്താം പ്രതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എംജി ശ്രീകുമാറിനെ പ്രതിചേര്‍ത്ത് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എംജി ശ്രീകുമാറിന് പുറമെ മുളവുകാട് പഞ്ചായത്ത് മുന്‍സെക്രട്ടറിമാരും ഓവര്‍സീയര്‍മാരുമാണ് ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികള്‍. റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്കുശേഷം കോടതി പരിഗണിക്കും.

മുളവുകാട് വില്ലേജില്‍ 11.5 സെന്റ് സ്ഥലമാണ് ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളത്. 2010-ലാണ് ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. തീരദേശ പരിപാലനച്ചട്ടം ലംഘിച്ചാണു വീട് നിര്‍മിച്ചതെന്നും അതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിനു പഞ്ചായത്ത് ഒംബുഡ്‌സ്മാനു കേസു വിടാവുന്നതാണെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അനധികൃതകെട്ടിടം പണിയാന്‍ അനുവദിച്ചതിനു പണംവാങ്ങിയതായി തെളിഞ്ഞിട്ടില്ല. ഗൂഢാലോചനയുണ്ടോ എന്നു കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. അതെ സമയം കോടതി നിര്‍ദേശിക്കുന്നതനുസരിച്ച് വിശദമായ അന്വേഷണത്തിനു തയാറാണെന്നും വ്യക്തമാക്കി.

പഴയകെട്ടിടം പൊളിച്ചുനീക്കുന്നതിനും അവിടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുമായിരുന്നു ശ്രീകുമാര്‍ അപേക്ഷിച്ചത്. ബലക്ഷയമുള്ളതും ഉപയോഗശൂന്യവുമായതിനാല്‍ പൊളിച്ചുകളയാന്‍ അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ബില്‍ഡിങ് പ്ലാന്‍, എസ്റ്റിമേറ്റ് തുടങ്ങിയവ പരിശോധിച്ച് അനുമതി നല്‍കിയതിലും ഓവര്‍സിയര്‍ ഗുരുതരമായ പിഴവുവരുത്തി.

കായലില്‍നിന്ന് ഒന്നരമീറ്റര്‍ പോലും അകലം പാലിക്കാതെയായിരുന്നു നിര്‍മ്മാണം. ഇക്കാര്യം അറിഞ്ഞിട്ടും നിര്‍മ്മാണം തടയാനോ, കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കാനോ, റിപ്പോര്‍ട്ട് നല്‍കാനോ പഞ്ചായത്ത് സെക്രട്ടറി തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണ് വിജിലന്‍സ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*