പ്രണയ നൈരാശ്യം : മദ്യപിച്ച് പുഴയിലേക്ക് ചാടിയ യുവാവിനെ അമ്പതു ദിവസമായിട്ടും കണ്ടെത്താനായില്ല

പ്രണയ നൈരാശ്യം : മദ്യപിച്ച് പുഴയിലേക്ക് ചാടിയ യുവാവിനെ അമ്പതു ദിവസമായിട്ടും കണ്ടെത്താനായില്ല

മലപ്പുറം: എടശ്ശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ അമ്പത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. അരീക്കോട് വാവൂര്‍ വെട്ടുപാറ ചെറുകുളത്തില്‍ സാമിക്കുട്ടിയുടെ മകന്‍ അനൂപ് എന്ന അരുണ്‍ (24)നെയാണ് കാണാതായത്. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാത്രിയായിരുന്നു സംഭവം.

പ്രണയ നിരാശയില്‍ മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് അനൂപ് ചാലിയാറിനു കുറുകെ കീഴുപറമ്പിനെയും വാഴക്കാടിനെയും ബന്ധിപ്പിക്കുന്ന എടശ്ശേരിക്കടവ് പാലത്തില്‍ നിന്നും ചാടിയത്. മണല്‍ തൊഴിലാളികളും നാട്ടുകാരും തെരച്ചില്‍ നടത്തി കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
അരീക്കോട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. തുടര്‍ന്ന് മുക്കത്തു നിന്നും മലപ്പുറത്തു നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി വ്യാപകമായ തെരച്ചില്‍ നടത്തി.മണല്‍ തൊഴിലാളിയായ അനൂപ് നീന്തലില്‍ വിദഗ്ധനായിരുന്നു. അതു കൊണ്ടു തന്നെ പാലത്തില്‍ നിന്ന് ചാടിയ അനൂപ് രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസ് ഊഹിച്ചിരുന്നു.

എന്നാല്‍ രണ്ടു മാസത്തോളമായിട്ടും ഇയാളെ സംബന്ധിച്ച് ഒരു വിവരവും ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. പാലത്തിന് ചുവട്ടില്‍ ചെളി നിറഞ്ഞ ഭാഗമാണ്. ചാടുന്ന സമയത്ത് ചെളിയില്‍ പുതഞ്ഞ് അപകടം സംഭവിക്കാമെന്നതും തള്ളിക്കളയാനാവില്ല. ഇതിനിടെയുണ്ടായ ശക്തമായ പ്രളയവും അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply