ചാലക്കുടിയിലെ ഈ മാല പിടിച്ചുപറിക്കാരന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചാലക്കുടിയിലെ ഈ മാല പിടിച്ചുപറിക്കാരന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചാലക്കുടിയില്‍ മാല പൊട്ടിക്കല്‍ സ്ഥിരമായിരുന്നു. ഇരുപതിടത്താണ് കഴിഞ്ഞ മൂന്നര മാസമായി കള്ളന്‍ മാല പൊട്ടിച്ചത്. കൂടുതലും മോഷണം പോയത് ഉള്‍പ്രദേശങ്ങളിലെ വഴികളിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടേതാണ്.

ഈ കേസിന്റെ അന്വേഷണം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും ഏറ്റെടുത്തു. സ്ത്രീകളുടെ മൊഴിയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് വരുന്ന യുവാവാണു മാല പൊട്ടിച്ചതെന്നു മനസിലാക്കി.

വഴിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിലൂടെ ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നമ്പര്‍ വ്യക്തമല്ലാതിരുന്ന ദൃശ്യങ്ങളിലൂടെ എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ബൈക്കില്‍ ഉണ്ടെന്ന സൂചന ലഭിച്ചു.

പിന്നീട് പൊലീസ് അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകളില്‍നിന്നും സംശയമുള്ള എട്ടു ബൈക്കുകള്‍ പൊലീസ് പ്രത്യേകം നിരീക്ഷിച്ചു.

എന്നാല്‍ ഇതിനിടയിലും പലയിടത്തും മാല മോഷണം നടന്നു. അവസാനം അറ്റകൈയായി പൊലീസ് മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു. പിന്നീട് ഇതേ സംഭവ സമയത്തും ശേഷവും വിളിച്ചഫോണ്‍ കോളുകള്‍ പരിശോധിച്ചു.

ഇതേതുടര്‍ന്ന് കുറ്റിച്ചിറ സ്വദേശി അമല്‍ സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്ക് നിരവധി പ്രാവശ്യം വിളിച്ചതായി കണ്ടെത്തി. പിന്നീട് അമലിന്റെ ഫൊട്ടോ ഉപയോഗിച്ച് പണയ സ്ഥാപനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ അയാള്‍ അവിടെ ആറു മാലകള്‍ പണയം വച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമല്‍ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു. സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടായതിനാല്‍ കൈയ്ക്കു നല്ല കരുത്തുണ്ട്. പ്ലസ്ടുവാണ് അമലിന്റെ വിദ്യാഭ്യാസം. ഇത്തരത്തില്‍ മോഷ്ഠിച്ച മാലകള്‍ പണയം വെച്ചും വിറ്റും അമല്‍ നയിച്ചിരുന്നത് വളരെ ആര്‍ഭാടകരമായ ജീവിതമായിരുന്നു.

സുഹൃത്തുക്കളേയും കൂട്ടി കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍ കറക്കം പതിവായിരുന്നു. അടുത്തുള്ള വീടുകളിലെ സിഎഫ്എല്‍ ബള്‍ബുകള്‍ മോഷ്ഠിച്ചിരുന്ന അമല്‍ മാല പിടിച്ചുപറി തുടങ്ങിയതോടെ വരുമാനം വര്‍ദ്ധിച്ചു. മാല പിടിച്ചു പറിച്ചതിലൂടെ മൂന്നര മാസംകൊണ്ട് അമല്‍ ഉണ്ടാക്കിയത് പന്ത്രണ്ടു ലക്ഷം രൂപയാണെന്ന് പൊലീസ് പറഞ്ഞു.

അമലിന്റേത് ഒരു സാധാരണ കുടുംബമാണ്. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവറും സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവറുമാണ്. ആദ്യം കുറ്റം നിഷേധിച്ച അമല്‍ വരുമാനത്തിന്റെ കണക്കുകള്‍ പൊലീസ് നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*